ജിദ്ദ: ഈ വര്‍ഷം ഭാരതത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി 1,36020 വിശ്വാസികള്‍ സൗദി അറേബ്യയില്‍ എത്തി. തിങ്കളാഴ്ചമാത്രം സൗദിയില്‍ 394 തീര്‍ത്ഥാടകര്‍ എത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ബിഎസ് മുബാറക് വ്യക്തമാക്കി. ഇത്തവണ ഭാരതത്തെ പ്രതിനിധാനം ചെയ്ത് രണ്ട് ബിജെപി നേതാക്കന്മാരും ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നുണ്ട്, ഭോപ്പാലില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി ആരീഫ് ബെയ്ഗ,് ബിജെപി ന്യൂനപക്ഷ വിഭാഗം ദേശീയ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അന്‍സാരി. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹമീദ് അലി റാവുവും പ്രതിനിധി സംഘത്തെ അനുഗമിക്കുന്നുണ്ട്.
തീര്‍ത്ഥാടനത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുബാറക് കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 27നാണ് ഭാരതത്തില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടന സംഘം സൗദിയില്‍ എത്തിച്ചേര്‍ന്നത്. ഇതുവരെ വിശ്വാസികള്‍ക്കായി 365 വിമാന സര്‍വ്വീസുകളാണ് നടത്തിയത്. സൗദി എയര്‍ലൈന്‍സില്‍ 49230 തീര്‍ത്ഥാടകരും എത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ 36000 തീര്‍ത്ഥാടകര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് എത്തിച്ചേര്‍ന്നത്. ഈ തീര്‍ത്ഥാടന കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തിലധികം വിശ്വാസികളാണ് ഹജ്ജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി എത്തിയത്. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച തീര്‍ത്ഥാടകര്‍ അറഫാ സന്ദര്‍ശനം നടത്തും. അതിനു ശേഷം ഈദ് അദ്ഹക്കു ശേഷം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: