ബലാത്സംഗങ്ങളുടെയും ഗാര്‍ഹിക പീഡനങ്ങളുടെയും വാര്‍ത്തകള്‍ വായിച്ചും കേട്ടും മടുത്തവര്‍ക്ക് പുതിയൊരു അനുഭൂതിയായിരുന്നു അത്. ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഒരുപറ്റം വനികളുടെ ആഹ്ലാദാരവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു. അപൂര്‍വ്വ നിമിഷമായിരുന്നു അത്. ഭാരതത്തിന്റെ ഗവേഷക സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ മംഗള്‍യാനിന്റെ വിജയം ആഘോഷിച്ച വനിതാശാസ്ത്രജ്ഞരെക്കുറിച്ചായിരുന്നു വാര്‍ത്തകള്‍. ഭാരതത്തിന്റെ അഭിമാന പദ്ധതിക്ക് ചിറകുകള് നല്കുന്നകില് സഹായികളായ വനിതകള്‍.
ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും അത് അവര്‍ ഒന്നാം സ്ഥാനത്തെത്തുമ്പോഴാണെന്നൊരു ആക്ഷേപം ഇതുവരെ ഉണ്ടായിരുന്നു. അസിമ ചാറ്റര്‍ജി, ജാനകി അമ്മാള്‍ എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയ പ്രശസ്തര്‍.
ശാസ്ത്രമേഖലയില്‍ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച വനിതകളാണ് ഇവര്‍. സി.വി.രാമനോടൊപ്പം പ്രവര്‍ത്തിച്ച അന്നാ മാണിയും ഈ പട്ടികയിലുണ്ട്. ദുര്ബ ബാനര്‍ജിക്കാണ് രാജ്യത്തെ ആദ്യ കൊമേഴ്സ്യല്‍ വനിതാ പൈലറ്റാകാനുള്ള അവസരം ലഭിച്ചത്. അന്ന് വ്യോമയാന മന്ത്രിയായിരുന്ന ഹുമയൂണ്‍ കബീറാണ് ദുര്ബയ്ക്ക് ഈ അവസരം വെച്ചുനീട്ടിയത്. കല്‍പ്പന ചൗള, സുനിത വില്യംസ് എന്നവരൊക്കെ ബഹിരാകാശ മേഖലയിലെ പ്രശസ്ത വനിതകളാണ്. ഇവര്‍ക്കു പിന്നില്‍ അറിയപ്പെടാതെ പോകുന്ന നിരവധി വനിതകളുണ്ട്. ശാസ്ത്രരംഗത്ത് അംഗീകാരം ലഭിച്ചിട്ടുള്ള വനിതകളില്‍ ഒരാളാണ് ടെസി. ഇന്റെര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5ന് നേതൃത്വം നല്‍കിയത് മലയാളി കൂടിയായ ടെസി തോമസാണ്. ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനിലാണ് ടെസി സേവനമനുഷ്ടിക്കുന്നത്.
ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 14,246 ആണ്. ഇതില്‍ 20 ശതമാനം വനിതകളാണ്. 10 ശതമാനം വനിതകള്‍ എന്‍ജിനീയര്‍മാരും. അതായത്, 1,654 വനിതാ എന്‍ജിനീയര്‍മാര്‍. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിയും ശേഷിയും വനിതകള്‍ക്കുണ്ടോ എന്ന് ഒരു ഭാഗത്ത് പരിഹസിക്കുന്നവര്പോലുമുണ്ട്. ശാസ്ത്രലോകത്തെ വനിതകളുടെ സംഭാവനകള്‍ വലുതാണെന്ന് തെളിയിക്കുന്ന ഒരു ദൗത്യം കൂടിയായിരുന്നു മംഗള്‍യാനിന്റേത്.
മംഗള്യാന് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ മിനാല്‍ സമ്പത്ത് എന്ന വനിതയാണ്. സിസ്റ്റം എന്‍ജിനിയറായി ഈ വനിത 18 മണിക്കൂറാണ് ജനലുകള്‍ പോലുമില്ലാത്ത മുറിക്കുള്ളിലിരുന്ന് ദൗത്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഇത്തരമൊരു സംഘടനയില്‍ ജോലി ചെയ്യുന്നതിനാല്‍ ചില സമയത്ത് താനൊരു സ്ത്രീയാണെന്നുപോലും മറന്നുപോകുന്നുവെന്ന് മിനാല്‍ പറയുന്നു. മുഖം പോലും വ്യക്തമാകാതെ സ്യൂട്ട് ധരിച്ച് മുറിക്കുള്ളില്‍ ഇരുന്നാല്‍ സ്ത്രീയാര്, പുരഷനാര് എന്നൊന്നും അറിയില്ലെന്നും അവര്‍ പറയുന്നു.
രാജ്യത്തെ മികച്ച 25 ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്താല്‍ അതില്‍ നാലുപേര്‍ സ്ത്രീകളായിരുക്കും. 2011 -ല്‍ വിക്ഷേപിച്ച ജിസാറ്റ്-12ന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അധികവും വനിതകളായിരുന്നു. പ്രൊജക്ട് ഡയറക്ടര്‍ ടി.കെ. അനുരാധ, മിഷന് ഡയറക്ടര്‍ പ്രമോധ ഹെഡ്ജ്, ഓപ്പറേഷന് ഡയറക്ടര്‍ അനുരാധ പ്രകാശം എല്ലാവരും വനിതകളായിരുന്നു. ഐഎസ്ആര്‍ഒയുടെ ഒരു ബഹിരാകാശ പദ്ധതിയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത്. 2012-ല്‍ എന്‍.വളര്‍മതിയാണ് റിസാറ്റ്-1ന്റെ വിക്ഷേപണത്തിന് നേതൃത്വം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: