‘ഹലോ മെമ്പര്‍ എവിടെയാണ്?’ ”പഞ്ചായത്തിലാണ്… അല്ല ബാങ്കിലാണ്… അല്ല കോടതിയിലാണ്… ക്ഷമിക്കണം, ഞാന്‍ ഇപ്പോള്‍ തട്ടുകടയിലാണ്.’ എവിടെയായാലും മെമ്പര്‍ക്ക് തിരക്കോടു തിരക്കു തന്നെ. കൊട്ടാരക്കര സ്വദേശിനി ഗിരിജാകുമാരിയാണ് മുകളില്‍ സൂചിപ്പിച്ച മെമ്പര്‍. മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡ് മെമ്പര്‍, ബാങ്കിലെ പ്യൂണ്‍, വക്കീല്‍ ഗുമസ്ത, തട്ടുകട നടത്തിപ്പ് എന്നിങ്ങനെ നിരവധി തൊഴിലുകളാണ് ഒരേ സമയം ഗിരിജാകുമാരി ചെയ്യുന്നത്. കുടുംബിനിയുടെ റോളും ഈ തിരക്കിനിടയിലും അവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ജീവിതവിജയത്തിനായി കാലമേല്പിച്ച വ്യത്യസ്ത ദൗത്യങ്ങളില്‍ ആത്മസംതൃപ്തി കണ്ടെത്തുകയാണ് സംസ്കൃതം വേദാന്തത്തില്‍ രണ്ടാം ക്ലാസ് നേടിയ ഈ വനിത.
രാവിലെ ഉണര്‍ന്നെണീറ്റ് കുടുംബത്തിനുള്ള ആഹാരം ഒരുക്കി സ്വതന്ത്രയാകുമ്പോഴേക്കും ആവശ്യങ്ങളും ആവലാതികളുമായി വാര്‍ഡിലെ ആളുകള്‍ എത്തിത്തുടങ്ങും. അവരെ ഒരുവിധം സാന്ത്വനിപ്പിച്ച് യാത്രയാക്കി ബാങ്കിലെത്താനുള്ള തത്രപ്പാടാണ് പിന്നീട്. കുറെ സമയത്തേക്ക് കൊട്ടാരക്കര എസ്ബിടി പ്രധാനശാഖയിലെ താല്‍ക്കാലിക ജീവനക്കാരിയായി മാറും. ബാങ്കിലെത്തി ജോലികള്‍ ഒരുവിധം തീര്‍ന്നു കഴിഞ്ഞാല്‍ വക്കീല്‍ ഓഫീസിലേക്കാണ് അടുത്ത ഓട്ടം. അവിടെയെത്തി ആ ദിവസത്തേക്കുള്ള വക്കാലത്തുകളും മറ്റുമായി നേരെ കോടതിയിലേക്ക്. കോടതി കൂടികഴിഞ്ഞാല്‍ വീണ്ടും ബാങ്കിലെത്തി പ്രവര്ത്തനനിരതയാകും. ഇതിനിടയില്‍ പഞ്ചായത്ത് കമ്മറ്റിയുണ്ടങ്കില് ബാങ്കില്‍ നിന്ന് മൈലത്തുള്ള പഞ്ചായത്ത് ഓഫീസിലേക്ക്. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ ബാങ്കിനു മുന്നിലുള്ള തട്ടുകടയില്‍ എത്തി ചായയും പലഹാരങ്ങളും ശരിയാക്കാനുള്ള തിരക്കാണ്. സഹായത്തിനായി ഭര്‍ത്താവ് സുകുമാരപ്പിള്ളയും കൂടും. പതിനാല് വര്‍ഷമായി കൊട്ടാരക്കര ചന്തമുക്കില്‍ ബാങ്കിനു സമീപമായി തട്ടുകട പ്രവര്‍ത്തനം തുടങ്ങിയിട്ട്. തിരക്കൊഴിയുന്ന നേരം നോക്കി ബാങ്കിലെത്തി ജോലികള്‍ പൂര്‍ത്തീകരിച്ച് തട്ടുകടയില്‍ വീണ്ടും എത്തും. എട്ടു മണിയാകമ്പോഴേക്കും ബാക്കി ജോലികള്‍ തീര്‍ത്ത് വീട്ടിലേക്ക്. വീണ്ടും വീട്ടുജോലികളും നാട്ടുകാര്യങ്ങളും. ഇതാണ് മെമ്പറുടെ ദിനചര്യ.
എസ്എസ്എല്‍സിക്ക് ഒന്നാം ക്ലാസും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍നിന്നും സംസ്കൃതം വേദാന്തത്തില്‍ രണ്ടാംക്ലാസുമൊക്കെ നേടി പഠനത്തില്‍ മിടുക്ക് തെളിയിച്ചെങ്കിലും സര്‍ക്കാര്‍ ജോലി ഗിരിജാകുമാരിക്ക് അന്യമായി. എല്ലാ ജോലിയും മഹത്തരമാണെന്ന വിശ്വാസമാണ് വിവിധ രംഗങ്ങളില്‍ ഒരേസമയം വിജയം കൈവരിക്കാന്‍ തനിക്ക് തുണയായതെന്ന് ഗിരിജാകുമാരി പറയുന്നു. ബിജെപി ടിക്കറ്റിലാണ് പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡിലെ ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്നതിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലും തിരക്കിനിടയിലും സമയം കണ്ടെത്താറുണ്ടെന്നും തന്റെ വോട്ടര്‍മാര്‍ സംതൃപ്തരാണന്നും മെമ്പര്‍ പറയുന്നു.
മക്കളായ എനല സുകുമാരന്‍ എഞ്ചിനീയറിംഗിനും, ഈശ്വരചന്ദ്രന്‍ ഐടിസി കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്കോഴ്സിനും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: