ചേര്‍ത്തല: നിയമ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി സ്പിരിറ്റ് കഞ്ചാവ് മാഫിയകള്‍ നഗരത്തില്‍ വേരുറപ്പിക്കുന്നു. ടാങ്കര്‍ ലോറിയില്‍ രഹസ്യ അറ ഉണ്ടാക്കി സോഡിയം സിലിക്കേറ്റ് എന്ന വ്യാജേന 7,000 ലിറ്റര്‍ സ്പിരിറ്റ് കടത്തിയവരെ കൊല്ലത്ത് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചേര്‍ത്തലയിലുള്ള ഗോഡൗണിനെ പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ലോഷന്‍, സോപ്പുപൊടി എന്നിവയുടെ നിര്‍മ്മാണത്തിന്റെ മറവിലായിരുന്നു കടത്ത്. ടാങ്കറില്‍ ചേര്‍ത്തലയിലെ ഗോഡൗണില്‍ രാത്രി എത്തിക്കുന്ന സ്പിരിറ്റ് കന്നാസുകളിലാക്കി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇതിനിടെ മൂന്നാര്‍, ദേവികുളം ഭാഗങ്ങളില്‍ നിന്നും വന്‍തോതില്‍ ചേര്‍ത്തലയിലേക്ക് സ്പിരിറ്റ് ഒഴുകുന്നുണ്ടെന്നാണ് വിവരം. വെള്ളം കളഞ്ഞ് ഉണക്കിയെടുത്ത തേങ്ങയില്‍ സ്പിരിറ്റ് നിറച്ച് സീല്‍ ചെയ്താണ് കടത്തുന്നത്. തമിഴ്നാട്ടിലെ മധുര, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തേങ്ങയിലാക്കി എത്തുന്ന സ്പിരിറ്റ് മൂന്നാറിലെത്തിച്ച് കന്നാസുകളിലാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയാണ് പതിവ്. ഇതില്‍ ഭൂരിഭാഗവും എത്തുന്നത് ചേര്‍ത്തലയിലേക്ക് തന്നെ.
ഒരുമാസം മുമ്പ് ഇത്തരത്തില്‍ ചേര്‍ത്തലയിലേക്ക് കടത്തിയ സ്പിരിറ്റ് അടിമാലിയില്‍ പോലീസ് പിടികൂടിയിരുന്നു. കഞ്ചാവും നഗരത്തില്‍ സുലഭമായി ലഭിക്കുന്നുണ്ട്. ഒരുമാസത്തിനുള്ളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെട്ടിരുന്ന പതിനഞ്ചോളം പേരെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല എന്നതാണ് പരിതാപകരം. പലപ്പോഴും പിടിയിലാകുന്നത് ചെറുകിട കച്ചവടക്കാര്‍ മാത്രം. സ്പിരിറ്റ് കഞ്ചാവ് മാഫിയകള്‍ക്ക് ഇഷ്ടപ്പെട്ട ഇടത്താവളമായി ചേര്‍ത്തല മാറുന്നത് വ്യാപകമായ പ്രതിഷേധത്തിനും ആശങ്കയ്ക്കുമിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: