ആലപ്പുഴ: സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടം കുടുംബശ്രീയെ തകര്‍ക്കുന്നു. കുടുംബശ്രീയെ പോക്കറ്റ് സംഘടനയാക്കി നിലനിര്‍ത്താനുള്ള സിപിഎം നേതാവ് തോമസ് ഐസക് എംഎല്‍എയുടെയും അതിനെ എതിര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെയും ശ്രമങ്ങളാണ് ആയിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായി മാറിയ കുടുംബശ്രീയെ തകര്‍ക്കുന്നത്. കക്ഷിരാഷ്ട്രീയ, ജാതിമത ഭേദമന്യേ സ്ത്രീ കൂട്ടായ്മകള്‍ രൂപീകരിച്ച് അവരെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് കുടുംബശ്രീയില്‍ ഇന്ന് സ്ത്രീകള്‍ രാഷ്ട്രീയ നേതാക്കളുടെ പിന്നില്‍ അണിനിരന്ന് തമ്മില്‍ത്തല്ലുകയാണ്.
തോമസ് ഐസക്കിന്റെ പിടിവാശി മൂലം കഴിഞ്ഞ ഒരാഴ്ചയായി കുടുംബശ്രീ ജില്ലാ മിഷന് ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. സിപിഎം നേതാക്കളെയും ഗുണ്ടാസംഘങ്ങളെയും വരെയിറക്കി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെയുണ്ടായി. എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ട കോണ്‍ഗ്രസ് ആകട്ടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി ഇറക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
വകുപ്പ് ഭരിക്കുന്ന മുസ്ലിം ലീഗിന്റെ പിന്തുണ ഈ വിഷയത്തില്‍ സിപിഎമ്മിനാണെന്നതാണ് ദുരവസ്ഥ. ആയിരക്കണക്കിന് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും സ്വാശ്രയത്വം പകര്‍ന്നു കൊടുക്കുകയും ചെയ്ത കുടുംബശ്രീയെ രാഷ്ട്രീയ വിമുക്തമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കൈയടക്കിയിരിക്കുകയാണ്. മുസ്ലിം ലീഗുകാരനായ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ വന്‍ ക്രമക്കേടുകളാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായത്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങളും ഉണ്ടായി. പോലീസിലും കോടതിയിലും കേസ് വരെയായ സാഹചര്യത്തില്‍ ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. ലീഗുകാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ച ജില്ലാ മിഷന് ഓഫീസറെയും ഒരുവിഭാഗം സിപിഎമ്മുകാരുടെ ഒത്താശയോടെ സ്ഥലം മാറ്റിയിരുന്നു.
അഴിമതിക്ക് കൂട്ടുനില്‍ക്കാതിരുന്ന ജില്ലാ മിഷന് ഓഫീസറെ മടക്കി കൊണ്ടുവന്നതാണ് തോമസ് ഐസക്കിനെയും കൂട്ടരെയും ചൊടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല, രാഷ്ട്രീയമായ മുതലെടുപ്പിനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇതിനിടെ യഥാര്‍ത്ഥ അഴിമതിക്കാര്‍ രക്ഷപെടുകയാണെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: