ഒരിക്കലും നിനച്ചിരിക്കാതെയാവും ചിലര്‍ക്ക് ചില അംഗീകാരങ്ങള്‍ കിട്ടുക. അത് തികച്ചും അപ്രതീക്ഷിതമാകുമ്പോള്‍ ആ നേട്ടത്തിനു മാറ്റും കൂടും. ആ അപൂര്‍വ സൗഭാഗ്യത്തിന്റെ മാധുര്യം നുകരുകയാണ് ചിത്രകാരനായ ചിക്കൂസ് രാജു. താന്‍ വരച്ച ചിത്രം ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങളിലെത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്ന് ഈ കലാകാരന് പറയുന്നു.
പതിനഞ്ചു വര്‍ഷം മുമ്പ് ചിത്രരചനാ മേഖലയില്‍ എത്തിയതാണ് രാജു. പരസ്യകലാരംഗത്തായിരുന്നു ആദ്യം. അക്കാലത്താണ് കൂടുതല്‍ വര്‍ക്കുകള്‍ ചെയ്തതെന്ന് രാജു പറയുന്നു- ഓയില്‍, ആക്രലിക്, ഇനാമല്‍ പെയിന്റിങ്ങുകളെല്ലാം വഴങ്ങും. സാമ്പത്തികമായി അന്ന് സ്ഥിതി മെച്ചമായിരുന്നില്ല. അതിനാല്‍ത്തന്നെ നിലനില്പ്പായിരുന്നു പ്രധാനം. ഫഌക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും തീര്‍ക്കുന്നതിനായിരുന്നു അന്ന് രാജുവിനെത്തേടി അവസരങ്ങളെത്തിയത്. മുന്നിട്ടുനിന്നത് അന്നവിചാരമായതിനാല് തന്റെ കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് അനുകൂലമല്ലാത്ത സാഹചര്യമായിരുന്നുവെന്ന് രാജു.
ചെറുപ്പം മുതലേ വരയ്ക്കുമായിരുന്നു. സഹോദരന്മാരും വരയ്ക്കും. സ്കൂള്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നെങ്കിലും സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഇന്നത്തപ്പോലെ ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടാണെങ്കിലും മക്കളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ കാട്ടുന്ന വ്യഗ്രത കൂലിപ്പണിക്കാരനായ അച്ഛനില്ലായിരുന്നുവെന്നും രാജു പറയുന്നു.
പണമില്ലാത്തതിന്റെ പേരില്‍ കഴിവുകള്‍ ഒതുക്കിവച്ചാലും കാലമൊരിക്കല്‍ ആ മികവിന് അംഗീകാരം നല്‍കുമെന്ന് പറയുന്നത് രാജുവിന്റെ കാര്യത്തില്‍ ശരിയാണ്. കെപിഎംസ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കായല്‍ സമ്മേളനത്തില്‍ അയ്യങ്കാളിയുടേയും പി. കെ. ചാത്തന് മാഷിന്റേയും ഛായാചിത്രം വരച്ചുകൊടുത്തിരുന്നു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തത്. അന്ന് വരച്ച ചിത്രം ശ്രദ്ധിച്ച കെപിഎംഎസിന്റെ ഭാരവാഹികളാണ് അയ്യങ്കാളിയുടെ ചിത്രം വീണ്ടും വരയ്ക്കുവാന്‍ ആവശ്യപ്പെട്ടത്. അത് മറ്റെന്തെങ്കിലും ആവശ്യത്തിനാകുമെന്നാണ് രാജു കരുതിയത്. എന്നാല്‍ കാര്യം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ന്യൂദല്‍ഹിയില്‍ നടക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന, അയ്യങ്കാളിയുടെ 152-ാം ജയന്തി വാര്‍ഷിക സമ്മേളനത്തില്‍ മോദിക്ക് സമ്മാനിക്കാനുള്ളതാണ് ചിത്രമെന്ന് കേട്ടപ്പോള്‍ ആദ്യമൊന്ന് പകച്ചു. സപ്തംബര്‍ എട്ടിനായിരുന്നു ദല്‍ഹിയില്‍ ജയന്തി സമ്മേളനം നടന്നത്. അതിന് ഒരാഴ്ച മുമ്പാണ് കെപിഎംഎസ് നേതാവ് തുറവൂര്‍ സുരേഷ് ഈ ആവശ്യം മുന്നോട്ട് വച്ചത്, രാജു പറയുന്നു.
കേരളത്തില്‍ ഇഷ്ടംപോലെ കലാകാരന്മാര് ഉണ്ടായിട്ടും ഈ അവസരംതന്നെ കിട്ടിയത് ഭാഗ്യമായും കലയ്ക്കുള്ള അംഗീകാരമായിട്ടുമാണ് കാണുന്നതെന്ന് രാജു പറയുന്നു.
ഓയില്‍ പെയിന്റിംഗില്‍ അയ്യങ്കാളിയുടെ മനോഹര ചിത്രം ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിക്ക് താന്‍ വരച്ച ചിത്രം കൈമാറുന്നത് നേരില്‍ കാണാന്‍ സാധിച്ചില്ലെന്ന തെല്ലുനിരാശയുമുണ്ട് ഈ കലാകാരന്. പലരും നല്ല അഭിപ്രായം പറഞ്ഞത് മനസ്സിന് സംതൃപ്തിയും നല്‍കുന്നുണ്ട്.
കലാകാരനെ നാലാള് അറിയുന്നതിന് സഹായകമാകുന്നതരത്തില്‍ ചിത്രപ്രദര്ശനമൊന്നും ചിക്കൂസ് രാജു നടത്തിയിട്ടില്ല. സ്വയം എക്സ്പോസ് ചെയ്യുന്നതിനെപ്പറ്റി മുമ്പൊന്നും ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരാശയം മനസ്സിലുണ്ടെന്നും രാജു പറയുന്നു. പഴങ്ങനാട് ചിക്കൂസ് ആര്‍ട് സൈന്‍ എന്ന പേരില്‍ ഡിസൈനിംഗ് ഷോപ് നടത്തുകയാണ് ഇദ്ദേഹം.
ആര്‍ട് ഡയറക്ടറായ ശശി പെരുമാനൂരിന്റെ കൂടെ കുറേനാള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആ ഫീല്‍ഡില്‍ നിന്നും അകന്ന് പോയതില്‍ കുറച്ചൊരു സങ്കടവും ഈ കലാകാരന് ഇല്ലാതില്ല. കൊറ്റംകുഴിയില്‍ അയ്യപ്പന്റേയും അമ്മ കാളിക്കുട്ടിയുടേയും മകനാണ്. ഭാര്യ: നയന. മക്കള്‍: നാസ്തിക് രാജ്, നിയോ റിബല്‍.
ആശയപരമായി വ്യത്യസ്ത ചേരിയിലാണെങ്കിലും ഭാരത പ്രധാനമന്ത്രി മോദി ആര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ശക്തനായ വ്യക്തിയാണെന്നാണ് രാജുവിന്റെ അഭിപ്രായം. ജനത്തിന് പൊതുവെയുള്ള വികാരവും ഇതാണെന്നും രാജു പറയുന്നു. നവംബറില്‍ മോദി കേരളം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ച് നേരിട്ടുതന്നെ നല്‍കണമെന്നാണ് ആഗ്രഹം എന്നും അതിനുള്ള അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: