ആലപ്പുഴ: മാവേലിക്കരയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ വിഎഫ്പിസികെ ആരംഭിക്കുന്ന ഹൈടെക് വിത്തുത്പ്പാദന യൂണിറ്റിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ പദ്ധതിയുടെ പേരില്‍ കോടികളുടെ അഴിമതി നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയിലെ അംഗങ്ങളും സത്യാവസ്ഥ പുറത്തു വരുന്നതില്‍ താത്പ്പര്യം പ്രകടപ്പിച്ചതോടെ പ്രസിഡന്റ് പ്രതിഭാഹരി യോഗത്തില്‍ ഒറ്റപ്പെട്ടു. വാദപ്രതിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ ഈ വിഷയം മാത്രം അജണ്ടയായി പിന്നീട് ചര്‍ച്ച നടത്താമെന്ന് വൈസ്പ്രസിഡന്റ് പറഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട വാഗ്വാദം അവസാനിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.പി. ശ്രീകുമാറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ജില്ലാ കൃഷിത്തോട്ടത്തിന്റെ മേല്‍നോട്ടം മാത്രമാണ് ജില്ലാ പഞ്ചായത്തിനുള്ളത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ യാതൊരു നടപടിയും ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പാടില്ലെന്നും, ഇത് ലംഘിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറില്‍ ഒപ്പിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഒപ്പിടുന്നതിന് സെക്രട്ടറിയ്ക്കാണ് അധികാരം എന്നാല്‍ ഇദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് നേരിട്ട് ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 28ന് ഇത് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ഫാം സൂപ്രണ്ടിനെ ചുമതലപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ കൃഷിഫാമുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വന്നെങ്കിലും വിഎഫ്പിസികെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കരാര്‍ ഉണ്ടാക്കിയെന്നതിന്റെ പേരില്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതിലെ നിയമ വിരുദ്ധ നിലപാടിലെ രേഖകള്‍ നിരത്തി പ്രതിപക്ഷം വിശദീകരിച്ചപ്പോള്‍ പ്രസിഡന്റിന് ഉത്തരം മുട്ടി.
മെയ് 28നാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചതെങ്കിലും ഫെബ്രുവരിയില്‍ വിഎഫ്പിസികെ ജാര്‍ഖണ്ഡിലെ കമ്പനിയുമായി നടത്തിയ 11 കോടിയുടെ പ്രോജക്ടിന്റെ കരാറില്‍ പറഞ്ഞിരിക്കുന്നത് ജില്ലാ കൃഷിത്തോട്ടത്തില്‍ പദ്ധതി നടത്തുമെന്നാണ്. അതായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്നിഷ്ടപ്രകാരം ഇതിന് അനുമതി നല്‍കിയെന്നാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കൃഷിയുടെ പേരില്‍ ഇങ്ങനെയും സ്ത്രീ സംരക്ഷണമെന്ന പേരില്‍ ജെന്‍ഡര്‍ പാര്‍ക്ക് കരാറിലും കോടികളുടെ അഴിമതിയാണ് പ്രസിഡന്റ് നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: