ചീനാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സി ജിന്‍ പിങ്ങിന്റെ ഭാരത സന്ദര്‍ശനം ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചുവെന്ന് എല്ലാവരും വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതൃത്വം പോലും അതിനെ വിമര്‍ശിക്കാന്‍ ഒരുങ്ങിയില്ലെന്നു മാത്രമല്ല, തങ്ങള്‍ തുടക്കമിട്ട നടപടികളുടെ തുടര്‍ച്ച മാത്രമാണ് അവയെന്ന് പ്രസ്താവിക്കുകയാണ് ചെയ്തത്. ലഡാക്ക് മേഖലയില്‍ ഭാരതത്തിന്റെ നിയന്ത്രണത്തിലായിരുന്ന ചില സ്ഥലങ്ങളില്‍ ചീനയുടെ പട്ടാളക്കാര്‍ കടന്നുവരുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് സി ജിന്‍ പിങിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹം അതിര്‍ത്തിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും വാക്കു നല്‍കുകയും ചെയ്തതാണ്.
ശാസ്ത്ര സാങ്കേതിക, വാണിജ്യ നിര്‍മാണ മേഖലകളില്‍ ഭാരതവുമായി വന്‍തോതില്‍ സഹകരിക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഭാരതത്തിലെ കമ്പോളങ്ങളില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വെള്ളപ്പാച്ചില്‍ തന്നെ നടന്നുവരികയാണല്ലൊ. ഭാരതത്തില്‍ മാത്രമല്ല ലോകത്തിലെ മിക്കരാജ്യങ്ങളിലെയും അവസ്ഥയിതാണ്. അമേരിക്ക പോലുള്ള സാങ്കേതികത്തികവുള്ള രാജ്യങ്ങള്‍ക്കുപോലും പല സാധനങ്ങളുടെ മേലും യഥാര്‍ത്ഥ അമേരിക്കന്‍ നിര്‍മിതിയെന്ന് രേഖപ്പെടുത്തി സാധനങ്ങള്‍ വിപണനം ചെയ്യേണ്ടിവരുന്നു.
ചീനയുമായി ഭാരതത്തിന്റെ ബന്ധങ്ങള്‍ ഏറ്റവും വഷളായിരുന്ന 1960 കളില്‍ പോലും വിവിധ ബ്രാന്‍ഡുകളിലുള്ള പേനകള്‍ കള്ളക്കടത്തായി നമ്മുടെ നാട്ടില്‍ പ്രചരിച്ചിരുന്നുവല്ലൊ. നേപ്പാള്‍ വഴി കൈമാറ്റ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങളും വന്‍തോതില്‍ ഭാരതത്തില്‍ വരാറുണ്ടായിരുന്നു. എറണാകുളത്തെ ആദ്യകാല സ്വയംസേവകനും മാര്‍ക്കറ്റിലെ അരിവ്യാപാരിയും കേരളത്തിലെ മര്‍ച്ചന്റ് യൂണിയന്റെ തുടക്കാക്കാരനും ജനസംഘത്തിന്റെ സംസ്ഥാനകോശാധ്യക്ഷനും ജന്മഭൂമിയുടെ സ്ഥാപനത്തിന്റെ കാരണക്കാരില്‍ ഒരാളുമായിരുന്ന കെ.ജി.വാധ്യാര് എന്ന ഗുണഭട്ട്, വ്യാപാരാവശ്യാര്‍ത്ഥം നേപ്പാള്‍ ഗഞ്ചില്‍ പോയ അവസരങ്ങളില്‍ ഇക്കാര്യം നേരിട്ട് കണ്ട് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുള്ളതായിരുന്നു. അന്നത്തെ ഭരണാധികാരികള്‍ ഇടതുപക്ഷമായാലും കോണ്‍ഗ്രസ് പക്ഷമായാലും സ്വന്തം സാമ്പത്തിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നടപടികള്‍ എടുക്കാതിരിക്കുകയായിരുന്നു.
മേക്ക് ഇന്‍ ഇന്ത്യ, മേഡ് ഇന്‍ ഇന്ത്യ എന്ന നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന നയപ്രഖ്യാപനത്തിന്റെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ചീനയുടെ നിക്ഷേപങ്ങളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വ്യക്തമാക്കപ്പെട്ടു. വാസ്തവത്തില്‍ വഷളായിക്കഴിഞ്ഞിരുന്ന ഭാരത-ചീന ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ ജനതാഭരണകാലത്തു വിദേശമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയാണ് തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ അതു കൂടുതല്‍ ദൃഢമായി. അതിനുമുമ്പുതന്നെ തൊഴിലാളി പ്രസ്ഥാനമെന്ന നിലയ്ക്ക് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കുതിപ്പ് അവര്‍ക്ക് ഒരു പ്രഹേളിക തന്നെയായിരുന്നു. തങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചുവന്ന സിഐടിയുവും മറ്റും പിന്നോക്കം പോയത് അവര്‍ കാണാതെയിരുന്നില്ല. ബിഎംഎസിന്റെ ഒരു പ്രതിനിധി സംഘത്തെ ചീനാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ട്രേഡ് യൂണിയന് വിഭാഗം അങ്ങോട്ട് ക്ഷണിച്ചു. ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിയും രാ വേണുഗോപാലുമടങ്ങുന്ന സംഘമാണ് ചീന സന്ദര്‍ശിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള ഭാരതീയ അവധാരണ ചീനാ നേതാക്കള്‍ക്കു വിവരിച്ചു കൊടുക്കാന്‍ അവര്ക്കവസരമുണ്ടായി. ബിഎംഎസിന്റെ ക്ഷണം സ്വീകരിച്ചു ചീനയിലെ തൊഴിലാളി നേതാക്കള്‍ പ്രതി സന്ദര്‍ശനവും നടത്തി. ഭാരതത്തിലെ മാര്‍ക്സിസ്റ്റ് ട്രേഡ് യൂണിയനിസത്തിന് ലഭിച്ച ഏറ്റവും കനത്ത ആഘാതമായി ആ സന്ദര്‍ശനങ്ങളെ കരുതാം.
ചീനയും ഭാരതവും ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ നാല്പ്പതുശതമാനമായി. ഈ നാല്‍പ്പതുശതമാനം യോജിച്ച് നീങ്ങിയാല്‍ സൃഷ്ടിക്കപ്പെടുന്ന അജയ്യമായ കരുത്തിന്റെ പരിമാണം പ്രവചനാതീതമായിരിക്കും. ബുദ്ധഭഗവാന്റെ കാലം മുതലുള്ള ആദാനപ്രദാനങ്ങള്‍ ഭാരതവും ചീനയും തമ്മില്‍ നിലനില്ക്കുന്നു. ചീനക്കാരായ തത്വചിന്തകള്‍ക്ക് ഭാരതം ആത്മീയാന്വേഷണങ്ങള്ക്കുള്ള പുണ്യഭൂമിയായിരുന്നു. ബൗദ്ധധര്മമാണ് ചീനയുടെ സംസ്കാരത്തിന്റെ അടിത്തറയായത്. ധര്മസന്ദേശവുമായി ഭാരതത്തില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ അവിടെപ്പോയിരുന്നു. ഹ്യൂവാന് സാംഗിനെയും ഇറ്റ്സിങിനെയും പോലുള്ള സഞ്ചാരികള്‍ ഇവിടെ വന്ന് വര്‍ഷങ്ങളോളം താമസിച്ച് നാളന്ദ, തക്ഷശില, വിക്രമശില മുതലായ വിദ്യാപീഠങ്ങളില്‍ പഠിച്ചും പഠിപ്പിച്ചും നേടിയ വിജ്ഞാന സഞ്ചയങ്ങള് അങ്ങോട്ട് കൊണ്ടുപോയി. ഹുയാന്‍സാങ് പോയ കപ്പലുകള്‍ സുനാമിയില്പ്പെട്ടപ്പോള് ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനായി കപ്പലിലെ ആളുകളോട് കടലില്‍ ചാടാന്‍ ആവശ്യപ്പെട്ടുവത്രെ.
ചീനയിലെ ചിയാങ് കൈഷകിന്റെ ഭരണം അവസാനിച്ച് മാവോ സേ തുങ്ങിന്റെ അവിടെ സ്ഥാനപതിയായി നിയമിതനായത് കെ.എം.പണിക്കരായിരുന്നു. മുന്ഭരണത്തിലും അദ്ദേഹം തന്നെയായിരുന്നു സ്ഥാനപതി. അധികാരപത്രങ്ങള്‍ സമര്‍പ്പിച്ച് കുശലപ്രശ്നങ്ങള്‍ക്കിടെ ഈ ജന്മത്തില് സത്കര്‍മങ്ങള്‍ ചെയ്യുന്ന ആള്, വരും ജന്മത്തില് ഭാരതത്തില്‍ ജനിക്കും എന്ന വിശ്വാസം ചീനക്കാര്ക്കുണ്ടെന്ന് മോവോ, പറഞ്ഞതായി പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതവുമായുള്ള ചീനയുടെ 60 വര്‍ഷക്കാലത്തെ ബന്ധത്തില്‍ അതിനെ സാധൂകരിക്കുന്നതായി ഏറെയൊന്നുമില്ല എന്നത് സത്യമായി നിലനില്ക്കുന്നു. നെഹ്റുവിന്റെ തെറ്റായ നയങ്ങളും സമാധാനദൂതനും ലോകനേതാവുമാണെന്ന മിഥ്യാ ധാരണയുമാണ്. തിബത്തില്‍ ചീനകടന്നുകയറാനും ലഡാക്കിലും അരുണാചല്‍പ്രദേശിനും മേല്‍ അവകാശം ഉന്നയിക്കാനുമിടയാക്കിയത്. വാജ്പേയിയുടെയും മോദിയുടേയും നീക്കങ്ങള്‍ താളം തെറ്റിക്കിടന്ന ബന്ധങ്ങളെ നേരെയാക്കാന്‍ സഹായിക്കും.
ചീനയും ഭാരതവുമായി പ്രാചീനകാലത്തുതന്നെ വാണിജ്യബന്ധങ്ങള്‍ ഉണ്ടായിരുന്നല്ലോ. കോഴിക്കോടും പൊന്നാനിയും കൊടുങ്ങല്ലൂരും തുറമുഖങ്ങളില്‍ ചീനക്കപ്പലുകള്‍ ധാരാളം വരാറുണ്ടായിരുന്നു. കേരളത്തിലെ മിക്ക തറവാടുകളിലും ഒഴിച്ചുകൂടാന്‍ വയ്യാത്ത പാത്രങ്ങളായിരുന്നല്ലൊ ചീന ഭരണികള്‍. എന്റെ മുത്തശ്ശിയുടെ ബാല്യകാലത്ത് ചീനക്കാര്‍ ഭരണികള്‍ ചുമപ്പിച്ചുകൊണ്ട് വില്‍പ്പനക്ക് നടക്കുന്നത് കണ്ടിട്ടുണ്ടത്രേ. രണ്ട് വ്യാളികള്‍ അഭിമുഖമായി ചുറ്റിയിരിക്കുന്ന ശില്‍പ്പങ്ങളും ചീനാ ഭാഷാ ലിഖിതങ്ങളുമുള്ള ഒരു വലിയ ഭരണി തറവാട്ടില്‍ ഉള്ളത് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വ്യാളീമുഖം കുട്ടികള്‍ക്കു ഭയമുളവാക്കുമായിരുന്നു. മൂവായിരം നാട്ടുമാങ്ങാ ഉപ്പിലിടാവന്നത്ര വലുതായിരുന്ന ആ ഭരണി.
ചീനാവ്യാപാരിമാരുടെയും കേരളത്തിലെ ജനങ്ങളുടെയും സത്യസന്ധത വ്യക്തമാക്കുന്ന ഒരു ഐതിഹ്യം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ട്. കപ്പല്‍ തകര്‍ത്ത ഒരു ചീന വ്യാപാരി വളരെ കഷ്ടപ്പെട്ട് തന്റെ പത്തു ഭരണികള്‍ രക്ഷിച്ചെടുത്ത്, അവ സൂക്ഷിക്കാനായി പൊന്നാനിയിലെ ദരിദ്രമായിരുന്ന പാണ്ടമ്പറമ്പത്ത് മനയില്‍ ഏല്‍പ്പിച്ചു. അതില്‍ തുവരപ്പരിപ്പാണെന്നും പിന്നീട് വന്നുകൊണ്ടുപൊയ്ക്കൊള്ളാമെന്നും പറഞ്ഞു. കുറേ ദിവസം കഴിഞ്ഞ് പട്ടിണി സഹിക്കാനാവാതെ പരിപ്പെടുത്തു കറിവെക്കാന്‍ നോക്കിയപ്പോള്‍ മുകളില്‍ മാത്രം പരിപ്പും അടിയില്‍ സ്വര്ണനാണയങ്ങളുമാണെന്നുകണ്ട ഭട്ടതിരി ഒരു നാണയമെടുത്ത് ഭക്ഷണസാധനങ്ങള്‍ വാങ്ങി വിശപ്പടക്കി. പുതുക്കിപ്പണിയുകയും നിലവും പറമ്പും വാങ്ങി ധനികനാവുകയും ചെയ്തു. ക്രമേണ എടുത്തത്ര സ്വര്‍ണം സമ്പാദിച്ച് ഭരണി നിറയ്ക്കുക മാത്രമല്ല പത്തു ചെറിയ ഭരണി കള്‍ കൂടി വാങ്ങി സ്വര്‍ണം നിറച്ചു ചീനക്കാരന്‍ വരന്നതു കാത്തുകഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ചീനക്കാന് തിരിച്ചുവന്നപ്പോള്‍ പത്തുഭരണികളും അതിന്റെ പലിശയായി ചെറുഭരണികളും നിറയെ സ്വര്‍ണം തിരിച്ചുനല്‍കി. താന്‍ ഏല്പ്പിച്ചതുമാത്രം തിരികെ മതിയെന്ന് ചീനക്കാരനും പലിശകൂടിയെടുക്കണമെന്നു ഭട്ടതിരിയും ശഠിച്ചു. ഒടുവില്‍ ഐശ്വര്യം കൊടുത്ത ഭരണി ഭട്ടതിരിക്കു സമ്മാനിച്ചു ചീനക്കാരന്‍ നാട്ടിലേക്കു പോയി. ആ ഭരണി അല്‍പ്പം കോട്ടമുള്ളതാണെങ്കിലും മാങ്ങാ ഉപ്പിലിടാന്‍ അതിവിശേഷമാണെന്ന് ചീനക്കാരന്‍ പറഞ്ഞതുകേട്ട് അതിനുപയോഗിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മുറജപസദ്യക്കുവരെ പാണ്ടമ്പറമ്പത്ത് കോടന് ഭരണിയിലെ ഉപ്പുമാങ്ങാ വിശിഷ്ട ഭോജ്യ വിഭവമായിത്തീര്‍ന്നു എന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി.
ജന്മഭൂമിയുടെ ഷെയര്‍ ആവശ്യത്തിനായി സഞ്ചരിക്കുന്നതിനിടെ പാണ്ടമ്പറമ്പത്തു മനയിലെ ഒരംഗത്തെ സന്ദര്ശിച്ചിരുന്നതോര്ക്കുന്നു. അദ്ദേഹത്തിനും ഈ കഥ കേട്ടുകേള്‍വി മാത്രമായിരുന്നു. കേരളത്തിലെ ജനങ്ങളുടെയും ചീനവ്യാപാരിയുടെയും സത്യസന്ധതയെയാണീ കഥ സൂചിപ്പിക്കുന്നത്. ആയോധന വിദ്യാകുശലരായ കളരികുരിക്കന്മാര് ചീനയ്ക്കു പോയതിന്റെ ഒരു ഐതിഹ്യവും എവിടെയോ വായിച്ചതോര്‍ക്കുന്നു.
സ്വത്വവും സ്വാഭിമാനവും വീണ്ടെടുക്കുന്ന ഭരതം ആ പഴയകാല സദൃശമായ ഉഭയബന്ധങ്ങള്‍, സാംസ്കാരിക ബന്ധങ്ങള്‍ നിലനിന്ന രാജ്യങ്ങളുമായി വീണ്ടും സ്ഥാപിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: