ആലപ്പുഴ: കരള്‍ രോഗ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി ആര്യാട് ഗ്രാമം ഒന്നിക്കുന്നു. ആര്യാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ ചന്ദ്രദാസ്-ശോഭ ദമ്പതികളുടെ മകന് ബാനര്‍ജി (33)യാണ് കരള്‍ രോഗം പിടിപെട്ട് മരണത്തെ മുഖാമുഖം കാണുന്നത്.
ജന്മം നല്കിയ അമ്മ കരള്‍ നല്കി ബാനര്‍ജിക്ക് രണ്ടാം ജന്മം നല്‍കുകയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കെ.സി. വേണുഗോപാല്‍ എംപി, തോമസ് ഐസക് എംഎല്‍എ, ചങ്ങനാശേരി പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റിയന് പുന്നശേരി എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. രവീന്ദ്രദാസ് ചെയര്‍മാനായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ സാജു വൈസ് ചെയര്‍പേഴ്സണായും എസ്. ഷാജി കണ്‍വീനറായും ആര്യാട് ജീവന്‍രക്ഷാ സമിതി കഴിഞ്ഞ ഒരുമാസമായി പ്രവര്‍ത്തിക്കുന്നു.
28ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പൊതുധനസമാഹരണം. 18 വാര്‍ഡുകളില്‍ 78 സ്ക്വാഡുകളിലായി രണ്ടായിരത്തിലധികം ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും. അന്നുതന്നെ പ്രതീകാത്മകമായി രോഗിയുടെ കുടുംബത്തിന് തുക കൈമാറി തിരികെ വാങ്ങി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും.
ചങ്ങനാശേരി പ്രത്യാശ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 21 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 31 കരള്‍-വൃക്ക രോഗികള്‍ക്കായി നാലുകോടി എണ്‍പത്തിയയ്യായിരം രൂപയാണ് സമാഹരിച്ച് നല്‍കിയത്. ഇപ്പോള്‍ നാല് പഞ്ചായത്തുകളിലായി പ്രവര്‍ത്തനം നടന്നുവരുന്നു. ഇവിടെ 25 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കൂടുതല്‍ ലഭിക്കുന്ന തുക കരള്‍രോഗ ബാധിതനായ മറ്റൊരു 19കാരന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: