ചെങ്ങന്നൂര്‍: പാചക വാതക സിലണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ചെറിയനാട് പാറമേല്‍പടി പുറങ്കാട്ട് പി.സോമന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സിലണ്ടറിലാണ് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ ചോര്‍ച്ച കണ്ടെത്തിയത്. സിലണ്ടര്‍ അടുപ്പുമായ് ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ശബ്ദത്തോടെ ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ സിലണ്ടര്‍ സമീപത്തെ പറമ്പില്‍ എത്തിച്ച് ചോര്‍ച്ച തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സിലണ്ടര്‍ വിതരണം ചെയ്ത ചെങ്ങന്നൂര്‍ ഐറ്റിഐ ജങ്ഷന് സമീപമുളള പരുവേലില് ഗ്യാസ് ഏജന്സിയുമായ് ഫോണിലൂടെ ബന്ധപ്പടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. സംഭവമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമനസേന എത്തി പരിശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പന്ത്രണ്ടോടെ പോലീസ് ഇടപെട്ട് ഗ്യാസ് ഏജന്‍സിയെക്കൊണ്ട് സിലണ്ടര്‍ നീക്കം ചെയ്യിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സോമനും ഭാര്യ തുളസിയും മകള്‍ അഖിലയും കൊച്ചുമകന് ആരിഷുമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: