അമ്പലപ്പുഴ: പുന്നപ്ര, പറവൂര്‍ ഭാഗങ്ങളില്‍ സംഘപരിവാറിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. ബുധനാഴ്ച രാത്രിയോടെയാണ് വിവിധ സ്ഥലങ്ങളിലായി പതിനെട്ടോളം കൊടിമരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. പറവൂര്‍ ജങ്ഷനിലെ ബിജെപി നിയോജക മണ്ഡലം ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുപൈപ്പിന്റെ കൊടിമരം ഒടിച്ച നിലയിലും വിയാനി പള്ളി, സിന്ദൂരം ജങ്ഷന്, പറവൂര്‍ ഷാപ്പു മുക്ക് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കൊടികള്‍ കീറി നശിപ്പിച്ചും പൈപ്പുകള്‍ തകര്‍ത്തുമാണ് സാമൂഹ്യവിരുദ്ധ സംഘം തേര്‍വാഴ്ച നടത്തിയത്. സംഭവമറിഞ്ഞ് പ്രകോപിതരായെത്തിയ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കിയതിനാല്‍ വന്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു. കൊടിമരങ്ങള്‍ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി, പുന്നപ്ര പോലീസ് സ്റ്റേഷനിലും എസ്പിക്കും പരാതി നല്കി. വൈകിട്ട് പുന്നപ്ര മുതല്‍ പറവൂര്‍ വരെ പ്രതിഷേധ പ്രകടനവും നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, വി. ബാബുരാജ്, പി. ലിജു, വിജയനാഥ്, യശോധരന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: