ഡമാസ്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തില്‍ വിമത താവളങ്ങള്‍ തകര്‍ന്നു. ഇതാദ്യമായാണ് അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്.
ആക്രമണം നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സിറിയയിലേക്ക് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ടോംഹ്വാക്ക് മിസൈലുകളുമായി പ്രവേശിച്ചുവെന്നും ഭീകരര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍ ആക്രണം സിറിയയുടെ ഏതെല്ലാം ഭാഗത്താണ് നടക്കുന്നതെന്നുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്ത് പറഞ്ഞിട്ടില്ല. സഖ്യകക്ഷി സേനകളും ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്.
ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കിര്‍ബി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും സന്നദ്ധ സേവകരെയും ഐ.എസ് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്ക വ്യോമാക്രമണത്തിന് തീരുമാനിച്ചത്. യുഎസിന് ഭീഷണിയായി ലോകത്ത് എവിടെ തീവ്രവാദ സംഘടനകള്‍ വളര്‍ന്നു വന്നാലും അവരെ നശിപ്പിക്കുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സിറിയയിലെ ഐ.എസ് ഭീകരര്‍ക്കെതിരെയും ആക്രമണം തുടങ്ങിയതെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.
ഇറാക്കില്‍ ഏറെ നാളായി ഐ.എസ് ഭീകരരെ നേരിടുന്നതിനായി യുഎസും മറ്റ് രാജ്യങ്ങളും വ്യോമാക്രമണം നടത്തുന്നുണ്ട്. എന്നാല്‍ തങ്ങളെ കൂടി സഹകരിപ്പിച്ചുള്ള ആക്രമണത്തിന് മാത്രമേ സിറിയയില്‍ അനുമതി നല്കുകയുള്ളുവെന്ന് നേരത്തെ തന്നെ സിറിയന്‍ ഭരണകൂടം വ്യക്തമാക്കിയതോടെയാണ് സിറിയയിലേ സൈനിക നടപടികള്‍ നീണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: