ന്യൂയോര്‍ക്ക്: മൂന്നുമാസമായി നൂറുകണക്കിന് വോളന്റിയേഴ്സിന്റെ അശ്രാന്തപരിശ്രമത്തിനൊടുവില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ മണ്ണിലെ പൊതുപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 28നു ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പൊതുപരിപാടി. ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പുരാതനവും സജീവവുമായ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഇരുപതിനായിരത്തിലധികം അമേരിക്കന്‍ ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്രമോദി സംസാരിക്കുക.
അമേരിക്കയിലെ 46 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ കാനഡയിലെ അഞ്ചു പ്രവിശ്യകളില്‍ നിന്നും കരിബിയന്‍ ദ്വീപില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ നേതാക്കളും ഇന്ത്യന്‍ അമേരിക്കക്കാരനായ വിശിഷ്ടവ്യക്തികളും പരിപാടിയില്‍ പങ്കെടുക്കുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന് എന്ന സംഘടനയുടെ കീഴില്‍ എച്ച്.എസ്.എസ്., ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി എന്നിവയുടെ നേതൃത്വത്തില്‍ നാനൂറിലധികം വരുന്ന സംഘടനകള്‍ നരേന്ദ്രമോദിയുടെ പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കുന്നു. ഡോ. ഭരത് റായ്, ചന്ദ്രകാന്ത് പട്ടേല്‍, ഡോ. യെല്ലോജി മിരാജ്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുപരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് രണ്ടു തവണ അമേരിക്കയില്‍ എത്തിയിരുന്നു. ഓവര്‍സീസ് ബിജെപി ചുമതലയുള്ള വിജയ് ജോളിയും അമേരിക്കയിലെ ഏഴു സംസ്ഥാനങ്ങളില്‍ യോഗങ്ങളില്‍ പങ്കെടുത്തു.
മാഡിസണ്‍ സ്ക്വയറിനു വഹിക്കാവുന്നത്ര ആളുകള്‍ക്ക് മുഴുവനും പരിപാടിയുടെ ടിക്കറ്റുകള്‍ നല്കി കഴിഞ്ഞിട്ടുണ്ട്. 20,000 ടിഷര്‍ട്ടുകളും പരിപാടി സ്ഥലത്ത് വിതരണം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീര്‍, ഭാരത പതാകകള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് നല്കാന് തയ്യാറായിട്ടുണ്ട്. സ്റ്റേഡിയത്തിനു പുറത്തും വലിയ സ്ക്രീനില്‍ മോദിയുടെ ഹിന്ദി പ്രസംഗം ആളുകള്‍ക്ക് കാണുന്നതിനായി അവസരമുണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലും മോദിയുടെ പ്രസംഗം തത്സമയം കാണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: