ആലപ്പുഴ: അനധികൃത പണമിടപാടുകള്‍ ജനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും വായ്പയെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഭാരതീയ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.
റിസര്‍വ് ബാങ്കിലോ അല്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ കേരളാ മണി ലെന്‍ഡേഴ്‌സ് ആക്ട് പ്രകാരമോ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളില്‍നിന്നും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ പണം വായ്പ വാങ്ങാവൂ. ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കണം.
രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശയ്‌ക്ക് കൊടുക്കുന്നവര്‍, ബ്ലേഡ് മാഫിയകള്‍ തുടങ്ങിയവരെ പൂര്‍ണമായും ഒഴിവാക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകരുത്. വായ്പ എടുക്കുന്നതിന് മുമ്പ് പലിശനിരക്ക് സംബന്ധിച്ച നിബന്ധനകള്‍ പൂര്‍ണമായും മനസിലാക്കണം. വാര്‍ഷിക പലിശനിരക്കുകള്‍ മറ്റു നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമൊപ്പം വായ്പ എടുക്കുമ്പോള്‍ തന്നെ രേഖാമൂലം നല്‍കാനും വിശദീകരിച്ച് നല്‍കാനും ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരാണ്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പട്ടിക www.rbi.org.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: