കാസര്‍കോട്: ഒന്നര വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കല്‍ പദ്ധതിയായ ‘ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ്’ പുനരാരംഭിക്കുന്നു. സംസ്ഥാനത്ത് പ്ലാന്റേഷന് കോര്‍പ്പറേഷനു കീഴില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വ്വീര്യമാക്കാന്‍ ഒക്ടോബര്‍ 12ന് പദ്ധതി പുനരാരംഭിക്കും. ഡിസംബര്‍ 12ന് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിനാണ് പദ്ധതിയുടെ ചുമതല.
കാസര്‍കോട്, പാലക്കാട് ജില്ലകളിലായി 1952 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് നിര്വ്വീര്യമാക്കാനുള്ളത്. പ്ലാന്റേഷന് കോര്‍പ്പറേഷനു കീഴില്‍ കാസര്‍കോട്ട് ചീമേനി (73.5 ലി.), രാജപുരം (650ലി.), പെരിയ (914.5ലി.), പാലക്കാട് മണ്ണാര്‍ക്കാട് (314ലി.) എന്നിങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ ശേഖരമുള്ളത്. ചീമേനിയിലെ കാലപ്പഴക്കം ചെന്ന ബാരലുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ പുറത്തേക്കൊഴുകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് 2013 മെയ് മാസത്തില്‍ കാസര്‍കോട്ട് ‘ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ദ്രവിച്ച ബാരലുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായ എച്ച്ഡിപി ബാരലുകളിലേക്ക് മാറ്റി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥ മൂലം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സമര സംഘടനകളും മാധ്യമങ്ങളും നിരവധി തവണ വിഷയം ഉന്നയിച്ചപ്പോഴും സര്‍ക്കാര്‍ പുറംതിരിഞ്ഞ് നിന്നു. ഏറ്റവുമൊടുവില്‍ ക്ലിഫ് ഹൗസിന് മുന്നില്‍ ദുരിതബാധിതര്‍ നടത്തിയ സമരത്തിനൊടുവില്‍ പദ്ധതി പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
മണ്ണാര്‍ക്കാട്ടെ എന്‍ഡോസള്‍ഫാന്‍ ശേഖരം ബാരലുകളില്‍ നിന്നും പുറത്തേക്കൊഴുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റുന്നതിനായി കാസര്‍കോട്ട് നടത്തിയ ആദ്യഘട്ട പ്രവൃത്തി ഒക്ടോബര്‍ 12ന് മണ്ണാര്‍ക്കാട്ട് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് ചേര്‍ക്കും. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നതിന് സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഏജന്‍സികള്‍ക്ക് സാംപിള്‍ പരിശോധനക്കായി നല്‍കും. പ്രകൃതിക്കും മനുഷ്യനും ദോഷകരമാകാത്ത രീതിയില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍വ്വീര്യമാക്കുന്നതിന് തയ്യാറുള്ള ഏജന്‍സിയെ ടെന്‍ഡറിലൂടെ തുടര്‍പ്രവര്‍ത്തങ്ങള്‍ ഏല്‍പ്പിക്കും. ഡിസംബര്‍ 12നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതി കണ്‍വീനര്‍ ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാകും നിര്‍വ്വീര്യമാക്കല്‍ പദ്ധതിയുടെ വിജയം. രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുക പ്രായോഗികമല്ലെന്നും കര്‍ഷകര്‍ക്കിടയില്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന കമ്പനികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: