Categories: Travel

നക്ഷത്ര-രാശി വൃക്ഷങ്ങള്‍

Published by

കോഴിക്കോടിന്റെ നഗര ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഗത്ത്‌ 27 നക്ഷത്ര വൃക്ഷങ്ങളും, 12 രാശിമരങ്ങളും വംശമറ്റ്‌ പോകുന്ന അപൂര്‍വ്വയിനം സസ്യങ്ങളും അടങ്ങിയ ഹരിതചാര്‍ത്തുള്ള ക്ഷേത്രാങ്കണവും പരിസരവും. അതിലെ പുണ്യവൃക്ഷങ്ങള്‍ അറിവും തിരിച്ചറിവുമാണ്‌ പ്രദാനം ചെയ്യുന്നത്‌. അതിലുപരി തണലും ഓക്സിജനും അവിരാമം ദാനം ചെയ്യുന്നു.

കോഴിക്കോട്‌ നഗരത്തിനോട്ചേര്‍ന്ന എരഞ്ഞിപ്പാലത്തെ ശ്രീതായാട്ട്‌ ഭഗവതി ക്ഷേത്രത്തിന്റെ കവാടം നട്ടുച്ചയ്‌ക്ക്‌ അടഞ്ഞ്‌ കിടന്നാലും അവിടത്തെ കുറഞ്ഞ താപനിലവെയിലേറ്റ്‌ വാടിക്ഷീണിച്ചു കടന്ന്‌ പോകുന്നവരുടെ മനംകുളിര്‍പ്പിക്കും, ഒപ്പം ശരീരവും. ശീതീകരിച്ച മുറിയില്‍ പ്രവേശിച്ച അനുഭൂതിയാണുണ്ടാവുക.

1978 വരെ ഈ ക്ഷേത്രം ഉള്‍പ്പെടുന്ന തായാട്ട്‌- തട്ടാലത്ത്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പറമ്പുകളില്‍ പരിചിതവും അപരിചിതവുമായ വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ധാരാളമുണ്ടായിരുന്നു. കുറ്റിച്ചെടികളും. ഒരു ഭാഗത്ത്‌ ജടപിടിച്ച വേരുകളും ജ്വര ബാധിച്ച തടിയുമുള്ള മരമുത്തശ്ശി- മുത്തശ്ശന്‍മാര്‍. ആകാശം മുട്ടുന്ന വൃക്ഷങ്ങളാകുന്ന ജൈവഭീമന്‍മാര്‍ സൂര്യകിരണങ്ങളുമായി പോരാടുമ്പോള്‍ സുഖമുള്ള ഒരു ഇരുട്ട്‌ പരന്നിരുന്നു. നേരം പുലരുന്നതിന്‌ അകമ്പടിയായി പക്ഷികളുടെ ഉത്സവം. ചിലര്‍ക്ക്‌ വിഷപാമ്പുകള്‍ ഇണചേരുന്ന വികാരസാന്ദ്രമായ നിമിഷങ്ങളുടെ നേര്‍കാഴ്ച അനുഭവിക്കാനുള്ള ഭാഗ്യവുമുണ്ടായിരുന്നു.

നാഗരികതയുടെ സംഘര്‍ഷത്തിലും മത്സരത്തിലുംപെട്ട്‌ ഇവിടെ മുമ്പുണ്ടായിരുന്ന ക്ഷേത്രവും അതുള്‍പ്പെടുന്ന പരിസരവും ഒഴിച്ച്‌ എല്ലാം അപ്രത്യക്ഷമായി. പൗരാണികത്വം പുതച്ച ഒരൊറ്റ വൃക്ഷത്തെപ്പോലും മരം വെട്ടുകാര്‍ വെറുതെ വിട്ടില്ല. പണത്തിനോടുളള ആര്‍ത്തിയാല്‍ സമ്പൂര്‍ണ്ണമായി മുറിച്ച്‌ വിറ്റ്‌ കീശയും കുമ്പയും വീര്‍പ്പിച്ചു. 1980 കളുടെ അവസാനത്തോടെ മരം മുറിച്ച്‌ വിവസ്ത്രയാക്കിയ ഈ ഭൂമിയില്‍ ഭവന നിര്‍മ്മാണസഹകരണസംഘം വീടുകള്‍ നിര്‍മ്മിച്ചു. രാഷ്‌ട്രീയം സ്വയം സേവക സംഘവും ഒരു കൂട്ടം ഭക്തന്‍മാരും ശക്തിയായി പ്രതികരിച്ചപ്പോള്‍ ക്ഷേത്രവും പരിസരവുംതിരിച്ചുകിട്ടി. അതിര്‍ വരമ്പുകളില്‍ മതിലുകള്‍ ഉയര്‍ന്നു.

പച്ചപ്പിനെ വെട്ടിവെളുപ്പിച്ച ഈ ക്ഷേത്രമതില്‍കെട്ടിന്‌ അകത്തും പുറത്തുമായിട്ടാണ്‌ പുതിയ ജൈവ വൈവിധ്യചാര്‍ത്ത്‌ അണിഞ്ഞൊരുങ്ങിയത്‌. 2001 ലെ തിരുവോണദിനത്തിലെ സായംസന്ധ്യക്കു മുമ്പ്‌ കൂവളം നട്ടു. കൂവളം ഇവിടെ കുടികൊള്ളുന്ന ഭഗവതിയുടെ നക്ഷത്രമായ ‘ചിത്ര’ യെ പ്രതിനിധാനം ചെയ്യുന്ന വൃക്ഷമാണ്‌. പിന്നീടങ്ങോട്ട്‌ വൃക്ഷത്തൈകള്‍ ഒന്നൊന്നായി വേരുപിടിച്ചു വളര്‍ന്നു.

ഓരോ നക്ഷത്രത്തിനും വിധിച്ചതായ വൃക്ഷങ്ങള്‍:

അശ്വതി- കാഞ്ഞിരം, ഭരണി- നെല്ലി, കാര്‍ത്തിക- അത്തി, രോഹിണി- ഞാവല്‍, തിരുവാതിര-കരിമരം, പുണര്‍തം-മുള, പൂയ്യം- അരയാല്‍, ആയില്ല്യം-നാകം, മകം – പേരാല്‍, പൂരം – പ്ലാശ്‌, ഉത്രം- ഇത്തി,അത്തം- അമ്പഴം, ചിത്ര- കൂവളം, ചോദി-നീര്‍മരുത്‌, വിശാഖം- വയ്യങ്കതവ്‌, അനിഴം-ഇലഞ്ഞി, തൃക്കേട്ട- വെട്ടി, മൂലം- പയിന, പൂരാടം- വഞ്ഞി, ഉത്രാടം-പിലാവ്‌, തിരുവോണം-എരുക്ക്‌, അവിട്ടം- വന്നി, ചതയം- കടമ്പ്‌, പൂരൂരുട്ടാതി- തേന്മാവ്‌, ഉത്രട്ടാതി-കരിമ്പന, രേവതി- ഇരിപ്പ ഇവ നക്ഷത്രവനത്തിലെ വൃക്ഷങ്ങളാണ്‌. വനത്തിലെ രാശിവൃക്ഷങ്ങള്‍ ഇവയൊക്കെ: മേടം- രക്തചന്ദനം, ഇടവം- ഏഴിലംപാല, മിഥുനം- ദന്തപ്പാല, കര്‍ക്കിടകം- പ്ലാശ്‌, ചിങ്ങം- ഇലന്ത, കന്നി- മാവ്‌, തുലാം- ഇലഞ്ഞി, വൃശ്ചികം- കരിങ്ങാലി, ധനു- അരയാല്‍, മകരം- കരിവീട്ടി, കുംഭം- വന്നി, മീനം- പേരാല്‍

ഒരുവ്യക്തി തനിക്ക്‌ വിധിച്ചതായ നക്ഷത്ര-രാശി വൃക്ഷങ്ങള്‍ നട്ട്‌ വളര്‍ത്തിസംരക്ഷിക്കുമ്പോള്‍ അവരില്‍ ആയുരാരോഗ്യ ഐശ്വര്യഭിവൃദ്ധികള്‍ വന്നു ചേരുന്നുവെന്ന്‌ പ്രമാണം. ദേശങ്ങളുടെവ്യതിരക്തയ്‌ക്ക്‌ അനുസൃതമായിചില വ്യക്ഷങ്ങളുടെ നാമങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ വ്യത്യാസമുണ്ട്‌ ഉദാ: ഇലഞ്ഞി/ ഇരഞ്ഞി/ എരഞ്ഞി. കാഞ്ഞിരം/ കാരസ്ക്കാരം, വന്നി/ വഹ്നി.

ശിംശിപ, രുദ്രാക്ഷം, കൃഷ്ണനാല്‍, കദംബവൃക്ഷം, കര്‍പ്പൂരമരം, കായാമ്പൂ, ഊദ്‌, ശിവകുണ്ഡലി, നാഗലിംഗം, കമണ്ഡലു, കല്ലാല്‍ തുടങ്ങിയ അപൂര്‍വ്വമായി കാണുന്ന സസ്യങ്ങളെ ഈ ക്ഷേത്രപരിസരത്ത്‌ വെച്ച്‌ പരിചയപ്പെടാം. ശ്രീനഗര്‍, മണാലി, ഝാന്‍സി , ബംഗളൂര്‌, നാഗര്‍കോവില്‍, മാത്രമല്ല കേരളത്തിന്‌ അകത്തു നിന്നും ശേഖരിച്ച വൃക്ഷതൈകളും ഇവിടെ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌. മഞ്ഞ്‌ പെയ്യുന്ന ശ്രീനഗറിലെയും മണാലിയിലെയും ആവാസ വ്യവസ്ഥയില്‍ വളരുന്ന ദേവദാരു (ഉലീറമൃ) ഇവിടെ വളര്‍ന്നില്ല.

പതിനഞ്ച്‌ തവണ പല വര്‍ഷങ്ങളായി ഇവിടെ നട്ട തൈകള്‍ ക്രൂരമായി നശിപ്പിക്കപ്പെട്ടു. ഈ വാര്‍ത്ത ഒരിക്കല്‍ ‘ജന്മഭൂമി’ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. തൈകളുടെ ലഭ്യതയ്‌ക്ക്‌ അനുസൃതമായി ഒരു പാട്‌ ഘട്ടത്തില്‍ നട്ടതിനാല്‍ കുഞ്ഞിന്റെ അവസ്ഥയിലുള്ളവയും യൗവ്വനത്തിലെത്തിയതുമുണ്ട്‌. അഞ്ച്‌ വര്‍ഷം പ്രായമായ ഒരു വൃക്ഷം നശിപ്പിക്കപ്പെടുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി എല്‍.കെ.ജിയിലേക്ക്‌ എത്തിയ അവസ്ഥയാണ്‌.

ആരണ്യത്തിന്റെ നെടുങ്കോട്ടകള്‍ മനുഷ്യര്‍ തകര്‍ത്തപ്പോള്‍ വരള്‍ച്ചയുടെ പടയോട്ടമായി.വരള്‍ച്ചയുടെപടയോട്ടത്തെചെറുക്കാനും ആഗോളതാപനമെന്ന സമസ്യക്കുള്ള പരിഹാരവും വനവല്‍ക്കരണമാണ്‌. ഇവിടെയുള്ള പുണ്യ വൃക്ഷങ്ങള്‍ ഈ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും വേണ്ടിയുള്ള നിക്ഷേപമാണ്‌. കൂടുതല്‍ അപൂര്‍വ്വയിനം സസ്യങ്ങള്‍ നട്ട്‌ വളര്‍ത്താനുള്ള ആഗ്രഹമുണ്ടെങ്കിലും ഇവിടുത്തെസ്ഥലപരിമിതി അതിനനുവദിക്കുന്നില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts