പൂജാരിയുടെ നാക്കില്നിന്നുതിര്ന്ന വേദമന്ത്രോച്ചാരണങ്ങള്‍ ഏറ്റു ചൊല്ലി അരിപ്പൊടിയും എള്ളും പൂവും ദര്‍ഭപ്പുല്ലും ചേര്‍ന്ന ബലികര്‍മ വസ്തുക്കള്‍ മുന്നില്‍ വിരിച്ചിട്ട ഇലച്ചാര്‍ത്തില്‍ നിക്ഷേപിക്കവേ ഇടിമുഴക്കംപോലെയാണ് ആ ചോദ്യം അയാളുടെ കാതുകളില്‍ വന്നലച്ചത്- ‘ആര്‍ക്കുവേണ്ടി…..?’
ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പറയാന്‍ കരുതി വച്ച ഉത്തരം അയാളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. എത്ര ശ്രമിച്ചിട്ടും ഗദ്ഗദംകൊണ്ട് വാക്കുകള്‍ പുറത്തേക്കുതിര്ന്നില്ല.
അയാള്‍ നിസ്സഹായനായി മിഴികള്‍ ആകാശവിതാനത്തിലേക്ക് ഉയര്‍ത്തുക മാത്രം ചെയ്തു. പെയ്യാന്‍ വിതുമ്പി നില്ക്കുംപോലെ കര്‍ക്കടക വാവുനാളിലെ മഴമേഘങ്ങള്‍ ആകാശത്തെയാകെ മൂടിപ്പൊതിഞ്ഞു നിലകൊളളുകയായിരുന്നു.
അപ്പോഴും പൂജാരി അയാള്‍ക്കിരുവശവും ബലിതര്‍പ്പണത്തിനായി നിരന്നിരുന്നവരെക്കൊണ്ട് വേദമന്ത്രോച്ചാരണങ്ങള്‍ ഏറ്റുചൊല്ലിച്ച് ‘ആര്‍ക്കുവേണ്ടി’ എന്ന ചോദ്യത്തിന് ഉത്തരം തേടി ബലികര്‍മങ്ങള്‍ പൂര്ത്തീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പൊടുന്നനെ ആകാശമേലാപ്പില്‍ വെള്ളിവെളിച്ചം പടര്‍ന്നു! ദിക്കുമാറി ഒഴുകി നീങ്ങിയ മഴമേഘങ്ങളെ പിന്തുടരാതെ അറച്ചുനിന്ന ഒരേയൊരു മഴമേഘത്തുണ്ട് അയാളെ വല്ലാതെ അസ്വസ്ഥനാക്കി. വിമ്മിട്ടത്താല്‍ മനസ് പതറിത്തുടങ്ങിയ അയാള്‍ ആലോചിച്ചു. ‘ഒറ്റപ്പെട്ടു നിശ്ചേതനമായിരിക്കുന്ന ആ മഴമേഘത്തുണ്ടിന് അമ്മയുടെ മുഖഛായയുണ്ടോ?’
അമ്മയുടെ മുഖം…….
അമ്മ മരിച്ചിട്ട് നാലുവര്‍ഷം തികഞ്ഞിരിക്കുന്നു. കൊഴിഞ്ഞുപോയ കര്‍ക്കടകവാവു ദിനങ്ങളിലൊന്നിലും അമ്മയുടെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ തോന്നാതിരുന്ന താനെന്തേ ഇത്തവണത്തെ വാവുദിനത്തില്‍ വീണ്ടുവിചാരത്തിന് വിധേയനായി?
ബലിതര്‍പ്പണത്തിന് ഓരോരുത്തരായി പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് കടല്‍ത്തീരത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.
പൂജാരിയുടെ അന്വേഷണം വീണ്ടും ഒരല്‍പ്പം ഈര്‍ഷ്യ കലര്‍ന്ന സ്വരത്തില്‍ അയാളുടെ കാതുകളില്‍ പ്രതിധ്വനിച്ചു: ‘ബലി തര്‍പ്പണം ആര്‍ക്കുവേണ്ടിയാണെന്ന് നിങ്ങളിതുവരെ പറഞ്ഞില്ലല്ലോ? മറ്റുള്ളവരെയൊക്കെ ബലിതര്‍പ്പണത്തിനായി കടല്‍ത്തീരത്തേക്ക് നീങ്ങുന്നത് നിങ്ങള്‍ കാണുന്നില്ലേ?’
അയാള്‍ പറയാന്‍ ഭാവിച്ചു: ‘അത്……അത്…’
അയാള്‍ക്ക് ശരിക്കും കരച്ചില് വരുന്നുണ്ടായിരുന്നു.
‘ശരി, ശരി…….നിങ്ങളുടെ ഇഷ്ടംപോലെ ഉദ്ദേശിച്ച പേര് മനസില്‍ ധ്യാനിച്ച് ബലിയൊഴുക്കാന് മറ്റുള്ളവരെ അനുഗമിച്ച് തീരത്തേക്ക് പൊയ്ക്കോളൂ. അടുത്ത ബാച്ച് അക്ഷമ കാട്ടുകയാണ്.’
പൂജാരിയുടെ നിര്‍ദ്ദേശം ശിരസാ വഹിച്ച് തീരത്തേക്ക് നീങ്ങവേ കുണ്ഠിതത്തോടെ അയാള്‍ ഓര്‍ത്തു. മക്കളില്‍ തന്നോടു കാണിച്ച കടുത്ത അവഗണന അടുത്ത തലമുറയില്‍പ്പെട്ട തന്റെ മക്കളില്‍ക്കൂടി അനുവര്‍ത്തിച്ച നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു അമ്മയുമായി പലതവണ കലഹിച്ചതും മാനസികമായി അകന്നുപോയതും’.
എത്ര വര്‍ഷം……?
അമ്മയുടെ മരണംവരെ ആ പരിഭവം നീണ്ടുപോയി.
പക്ഷെ, മരണത്തിന് തൊട്ടുമുമ്പേ അമ്മ മക്കളില്‍ പേരെടുത്ത് വിളിച്ചത് തന്നെയായിരുന്നുവത്രേ!
അന്ത്യ നിമിഷങ്ങളില്‍ ശുശ്രൂഷയ്ക്കായി ആശുപത്രിക്കിടക്കയില്‍ അമ്മയ്ക്കരികിലുണ്ടായിരുന്ന പെങ്ങളാണ് അടുത്തിടെ നടന്ന കുടുംബക്കൂട്ടായ്മയ്ക്കിടയില് അവിശ്വസനീയമായ ആ സത്യം വെളിെപ്പെടുത്തിയത്.
അമ്മ അന്ത്യ നിമിഷത്തില്‍ മക്കളില്‍ തന്നെ മാത്രം പേരെടുത്ത് വിളിച്ചതെന്തിനാവും? എന്താവും അമ്മ തന്നോട് പറയാന്‍ ബാക്കി വെച്ചിരിക്കുക?
കുറ്റബോധമാവുമോ? അറിയാന്‍ എന്താണൊരു മാര്‍ഗം.
~ഒരു സമസ്യയായി ഈ ചോദ്യങ്ങള്‍ തന്നെ ചുറ്റിപ്പടര്‍ന്ന നാള് തൊട്ട് അമ്മയെ താന്‍ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ജീവിച്ചിരുന്ന അമ്മയോടുണ്ടായിരുന്ന പരിഭവത്തിന്റെ പതിന്മടങ്ങ് തീവ്രതയുണ്ടായിരുന്നു ഓര്‍മമാത്രമായ അമ്മയോടുള്ള ആ സ്നേഹത്തിന്! പ്രതിസന്ധിഘട്ടങ്ങളിലെ പ്രാര്‍ത്ഥനപോലും അമ്മേ, അനുഗ്രഹിക്കണേ…’ എന്നായിരുന്നു!
ദീര്‍ഘനിശ്വാസത്തോടെ വാഴയിലപ്പൊതി മൂര്ദ്ധാവിന് മുകളില്പ്പിടിച്ചുകൊണ്ട് തീരത്തേക്ക് നീങ്ങവേ, ഇടം കണ്ണാല്‍ അയാള്‍ പൂജാരിയുടെ മുഖത്തേക്ക് ഒരു നിമിഷം പാളി നോക്കി. നിറഞ്ഞ ശാന്തതയ്ക്കൊപ്പം അദ്ദേഹത്തിന്റെ ചുണ്ടിന് കോണില്‍ നിര്‍വൃതിദായകമായൊരു മന്ദസ്മിതം തുടിച്ചു നിന്നിരുന്നു.
ദൈവികമായൊരു പ്രചോദനത്തിന്റെ വെളിപാടെന്നോണം അയാള്‍ ഉരുവിട്ടു. ‘അമ്മ……അമ്മയ്ക്കുവേണ്ടി, നാരായണീ നാമത്തില്‍…..’
അയാളുടെ ബലിയൊഴുക്കിനായുള്ള തുടര്‍ന്നുള്ള നടത്തത്തിന് തീപ്പിടിച്ച വ്യഗ്രതയായിരുന്നു.
ബലിതര്‍പ്പണത്തിനായുള്ള ഇലച്ചാര്‍ത്ത് കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ അയാള്‍ കൈകളാല്‍ മുറുകെപ്പിടിച്ചു.
ചുറ്റിലും ബലിയൊഴുക്കിനായുള്ള ഇരമ്പമായിരുന്നു. ആള്‍ത്തിരക്കിനിടയിലൂടെ നൂണിറങ്ങി. കടലില്‍ തലയറ്റം മുങ്ങി പാപമുക്തിയോടെ നിവരവേ, ഹുങ്കാരത്തോടെ നനുത്ത കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയിരുന്നു. ശരീരത്തെ പൊതിഞ്ഞ് കടന്നുപോകുന്നു കാറ്റിന് നീരാവിപ്പടര്പ്പ്.
അയാള്‍ കടല്‍ത്തീരത്ത് മുട്ടുകുത്തി, ആകാശത്തേക്ക് കണ്ണയച്ചു വിതുമ്പി: ‘അമ്മേ, മാപ്പ്……’
ഉദ്ദിഷ്ട കാര്യത്തിന്റെ നിര്‍വൃതിയില്‍ തൃക്കണ്ണാട് ക്ഷേത്ര കവാടം ലക്ഷ്യമിട്ട് നീങ്ങവെ അയാള്‍ പുലമ്പി: ‘അമ്മയ്ക്കുവേണ്ടി മാത്രമല്ല, തന്റെ മനഃസാക്ഷിയ്ക്കുവേണ്ടി കൂടിയാണ് ഇന്നത്തെ ബലിതര്‍പ്പണം!’
ആകാശമേലാപ്പില്‍ ഒറ്റപ്പെട്ടു നിലയുറച്ച അമ്മ മഴക്കാറ് അപ്പോഴേക്കും ആനന്ദക്കണ്ണീരുപോലെ അയാള്‍ക്കുമേല്‍ ചാറിത്തുടങ്ങിയിരുന്നു.
-മനോഹരന് വെങ്ങര
പ്രതികരിക്കാൻ ഇവിടെ എഴുതുക: