കാലും കൈയുമിട്ടടിക്കുന്ന അവസ്ഥ എപ്പോഴാണ് ഉണ്ടാവാറ്. സ്വതന്ത്രനെന്ന ബോധമുണ്ടാവുമ്പോഴല്ലേ. ലോകത്തിന്റെ വിസ്മയത്തിലേക്ക് വരുന്ന പൈതലും സ്വാതന്ത്ര്യം കിട്ടിയതിന്റെ നന്ദിസൂചകമായാണ് കൈകാലുകളിട്ട് അടിക്കുന്നത്. അത് കണ്ടു രസിക്കാനും അനുഭവിക്കാനും ഇടവരുന്നത് സുഖമുള്ള കാര്യമാണ്. ഒരാള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ സുഖം അപരന് പങ്കുവെക്കുന്നത് അതിലും കൂടിയ സുഖമാണ്. നെല്‍സണ്‍ മണ്ഡേല ഇരുട്ടറയില്‍ നിന്ന് പുറത്തുവന്ന നിമിഷത്തില്‍ ലോകം തന്നെ ആഹ്ലാദാതിരേകത്താല്‍ കോരിത്തരിച്ചു നിന്നില്ലേ? ഇതൊക്കെ മാനവികത അല്‍പ്പമെങ്കിലും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉറവപൊട്ടിയിട്ടുണ്ടെങ്കില് സംഭവിക്കുന്ന കാര്യമാണ്. മാനവികതയെന്നാല്‍ മനുഷ്യത്വം. മനുഷ്യത്വമെന്നാല്‍ മൃഗത്തില്‍ നിന്ന് വ്യത്യസ്തമായ വികാരം. സ്നേഹം എന്നുവേണമെങ്കിലും പറയാം. ഇപ്പറഞ്ഞ സാധനം ഇല്ലെങ്കില്‍ എല്ലാം തലകീഴായേ തോന്നൂ.
അങ്ങനെയൊരു തലകീഴായ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നമ്മുടെ പ്രിയങ്കരനായ അച്യുതാനന്ദമഹിതാശയന്‍. ഇടതുമുന്നണിയില്‍ നിന്ന് പോവുന്നവര്‍ക്കൊക്കെ കൈകാലിട്ടടിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഏറ്റവും ഒടുവില്‍ മാര്‍ക്സാണ് ശരിയെന്ന് പറയുന്നവരുടെ കൂടാരം വിട്ടുപോയയാളാണ് ശെല്‍വരാജ്. അതിയാനും കൈകാലിട്ടടിക്കേണ്ടിവരുമെന്നാണ് പറയുന്നത്. ഇനി മുന്നേ സൂചിപ്പിച്ചകാര്യത്തിലേക്ക് തിരിച്ചു യാത്രയാവാം.
കൈയും കാലും എന്നുവേണ്ട ബോധംവരെ കെട്ടിയിട്ട അവസ്ഥയില്‍ നിന്ന് മോചനം കിട്ടിയപ്പോള്‍ കൈകാല്‍കുടഞ്ഞ് ഇളകിത്തെറിച്ചുനില്ക്കുന്ന സ്ഥിതി വിശേഷമായിരുന്നു ശെല്‍വ രാജിന്റേത്. ആ സ്ഥിതികണ്ട് അസൂയമൂത്ത സഖാവിന് ഒന്നും പറയാനുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം കിട്ടിയതിന്റെ ഉത്സാഹം കാണുമ്പോഴുള്ള ആ സുഖമുണ്ടല്ലോ, അത് അനുഭവിച്ചുതന്നെ അറിയണം. അനുഭവിക്കണമെന്നുണ്ടെങ്കില്‍ നേരത്തെ പറഞ്ഞ ആ സാധനം വേണം. മാര്‍ക്സാണ് ശരിയെന്ന് ഇരുപത്തിനാലു മണിക്കൂറും പറഞ്ഞു നടക്കുന്നവര്‍ക്ക് എങ്ങനെ മറ്റു ശരികളെ ഉള്‍ക്കൊള്ളാനാവും?
സാമൂതിരിയുടെ തട്ടകത്ത് പാര്ട്ടിമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി അധിക നാളില്ല. അപ്പോഴേക്കും എത്രയെത്ര കൈകാലിട്ടടിയ്ക്കലുകള്ക്ക് സാക്ഷിയാകേണ്ടിവരുമെന്നേ അറിയാനുള്ളൂ. പിറവത്തെ കൈകാലിട്ടടിയ്ക്കലും ആഘോഷവും കൊഴുപ്പിക്കാന്‍ തന്റെ പങ്ക് കാര്യമായിത്തന്നെ പ്രതിപക്ഷനേതാവ് നിര്‍വഹിച്ചുകഴിഞ്ഞിട്ടുണ്ട്. 150 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അച്ഛന് കടന്നു കൂടിയ മണ്ഡലത്തില്‍ മകന് തകര്പ്പന്വോട്ടു വാങ്ങി ജയിച്ചതിന് ഒരുപാട് കാരണങ്ങളുണ്ടാവാം. എന്നാല്‍ അതില്‍ തീരെ ഒഴിവാക്കാനാവാത്തഘടകം പ്രതിപക്ഷനേതാവിന്റേതാണ്. മാനം മര്യാദയുള്ള മനുഷ്യര്‍ പറയുന്ന വര്ത്തമാനല്ല ടിയാനില്‍ നിന്നുണ്ടായത്. കറിവേപ്പിലയ്ക്കും ഒരു ദിവസം വരും എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു വോട്ടര്‍മാര്‍. മൊത്തം സര്‍ക്കാറിന്റെ പ്രകടനത്തിന് കിട്ടിയ സമ്മാനമാണ് പിറവത്തെ വിജയമെന്ന് ധരിച്ചുവെങ്കില്‍ അത് അത്രകണ്ട് ശരിയല്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ.
നമുക്കത് പ്രതിപക്ഷനേതാവിനും ആയതുപോലെ ആയത് എന്നാക്കാം. ടിയാന്റെ ഭാഷയില്‍ അദ്യം ഇനി എന്നാണാവോ കൈകാലിട്ടടിയ്ക്കുക?
ജീവിതത്തിന് ലിപി വേണമെന്നുണ്ടോ? എന്തായാലും ഭാഷയ്ക്ക് അത് വേണമെന്ന് ശഠിക്കാറുണ്ട്. എന്നാല്‍ ലിപിയില്ലാതെയും ഭാഷ സജീവമായി നില്‍ക്കുമെന്നും അതിന്റെ യഥാര്‍ഥമായ അവസ്ഥ സെല്ല്ലോയ്ഡില് പകര്‍ത്താന്‍ കഴിയുമെന്നും തെളിയിച്ചിരിക്കുന്നു സുവീരന് എന്ന കലാകാരന്. കല ജീവിതം തന്നെയെന്ന് സ്വയം ലോകത്തിന് കാണിച്ചുകൊടുത്ത സുവീരന്റെ കലാപഭരിതമായ ജീവിതത്തെ തൊട്ടറിയുന്നു മലയാളം ആഴ്ചപ്പതിപ്പ്. മാര്‍ച്ച് 23 ന്റെ ലക്കത്തില്‍ കവര്‍ക്കഥയാണ് സുവീരന്റെ സിനിമായാത്ര. അതുല്ജയന് എഴുതിയ ലിപിയില്ലാത്ത ജീവിതങ്ങള്‍ ബ്യാരിപോലെ തന്നെ. കല വ്യക്തിപരമാണെന്ന് പറയാന്‍ ഞാനാളല്ല. ഒരു കല്ലുവെട്ടുകാരന് മറ്റാരുടെയോ വീടിന്റെ ചുമരിന്റെ സുരക്ഷയാണ് ലക്ഷ്യം വെക്കുന്നത്. അതേപോലെയാണ് ഒരു യഥാര്‍ഥ സര്‍ഗാത്മക പ്രവര്‍ത്തനം. വ്യക്തിപരമാകുമ്പോള്‍ തന്നെ അത് സാമൂഹികവുമായി മാറും എന്ന് സുവീരന് പറയുന്നുണ്ട്. കല കലയ്ക്കുവേണ്ടിയെന്നും അതല്ല സമൂഹത്തിനുവേണ്ടിയെന്നും കലമ്പുന്നവരുടെ ഇടയില്‍ സുവീരന് എങ്ങനെ വേറിട്ടുനില്ക്കുന്നു എന്ന് അതുല്‍ ജയന് പതിയെ വിവരിച്ചു പോകുന്നുണ്ട്.
ബ്യാരി സമുദായത്തില്‍പ്പെട്ട മുസ്ലീംസ്ത്രീകള്‍ക്ക് അമ്പരന്ന മുഖമാണെന്നും അവര്‍ ഇരിക്കുന്നതും നടക്കുന്നതും മലയാളി സ്ത്രീകളെപ്പോലെയല്ലെന്നും പറയുന്നു ദിപിന് മാനന്തവാടി. അദ്ദേഹത്തിന്റെ രചന കലാകൗമുദിയില്‍. മാര്‍ച്ച് 25ന്റെ ലക്കത്തില്‍ സുവീരനുമായുള്ള ദിപിന്റെ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെ: അമ്പരന്ന മുഖം കൊണ്ടുവന്ന അവാര്‍ഡ്. ദേശീയ അവാര്‍ഡിന്റെ ഉമ്മറത്ത് അമ്പരന്ന മുഖവുമായി നില്ക്കുന്ന സുവീരന്റെ സ്വത്വം വെളിപ്പെടുത്തുന്ന അഭിമുഖമാണിത്.
ഏതായാലും ഒരു കാര്യം വെട്ടിത്തുറുന്നു പറയുന്നു സുവീരന്. നോക്കുക: ഞാനൊരു മാര്‍ക്സിസ്റ്റാണ്. ഞാനൊരു നിരീശ്വരവാദിയാണ്. ഒരു ആത്മീയവാദിയും നിരീശ്വരവാദിയും തമ്മിലുള്ള വ്യത്യാസം പ്രപഞ്ചത്തില്‍ ഏറ്റവും ആദ്യം ഉണ്ടായത് ബോധമാണോ, പദാര്‍ഥമാണോ തര്‍ക്കമാണ്. പദാര്‍ഥമാണ് ആദ്യമുണ്ടായതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മനുഷ്യനുണ്ടായതിനുശേഷമാണ് ബോധമുണ്ടാകുന്നത്. ആത്മീയവാദികള്‍ തിരിച്ചാണ് വിശ്വസിക്കുന്നത്. ദൈവം എന്നൊരു ബോധം ഉണ്ട്. അവര്‍ പ്രപഞ്ചമുണ്ടാകട്ടെ എന്നുപറഞ്ഞപ്പോള്‍ പ്രപഞ്ചമുണ്ടായി എന്നാണ് വിശ്വസിക്കുന്നത്. അടിസ്ഥാനപരമായി സ്നേഹമേ മനുഷ്യനുള്ളൂ. അതിനെക്കുറിച്ചാണ് എല്ലാം പറയുന്നത്. ബൈബിളും ഗാന്ധിയുമെല്ലാം. എന്നാല്‍ ഇതു മറന്നുപോകുന്നവരാണ് മാര്‍ക്സിസ്റ്റുകള്‍ എന്ന് സുവീരന് അറിയുന്നില്ല. അവര്‍ക്ക് മാര്‍ക്സ് മാത്രമാണ് ശരി. ഏതായാലും സുവീരനോട് കലഹിക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യാം. കലയുടെ കാണാക്കയങ്ങള്‍ സുവീരനില് നിറഞ്ഞുകിടക്കുന്നു എന്നത് മറ്റൊരുകാര്യം.
ദേശാഭിമാനി വാരിക (മാര്‍ച്ച് 25)യും ബ്യാരി കൈകാര്യം ചെയ്യുന്നു കവര്‍ക്കഥയായി. സുവീരനുമായി സജീവന് ചോറോട് നടത്തുന്ന അഭിമുഖം, രാജേന്ദ്രന് എടത്തുംകരയുടെ കവര്‍സ്റ്റോറി എന്നിവകളാല്‍ സമൃദ്ധമാണ് വാരിക. മാര്‍ക്സാണ് ശരിയെന്നു വിശ്വസിക്കുന്ന സുവീരനെ വേണ്ടത്ര പൊക്കാന്‍ ദേശാഭിമാനിയല്ലെങ്കില് മറ്റാര്? കുടുംബത്തെപ്പറ്റി ചോദിച്ചാല്‍ ഇതാ, ഇങ്ങനെയാവും സുവീരന്റെ മറുപടി: വിവാഹം കഴിച്ചിട്ടില്ല. രണ്ട് കുട്ടികളുണ്ട്.
പ്ലസ്വണ്ണില്‍ പഠിക്കുന്ന കേകയും അഞ്ചാംക്ലാസുകാരി ഐകയും. അമൃതയാണ് ജീവിതസഖി. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അമൃതയുമായി പരിചയം. പരിചയം വളര്‍ന്ന് ഒന്നിച്ചു ജീവിച്ചു. വിവാഹത്തിന് താലികെട്ടോ രജിസ്ട്രേഷനോ നടന്നിട്ടില്ല. സാമ്പ്രദായിക ഏര്‍പ്പാടുകളില്‍ വിശ്വാസമില്ലാത്ത ധീരനായി നിങ്ങള്‍ക്ക് സുവീരനെ വേണമെങ്കില്‍ വാഴ്ത്താം. കലയുടെ കലാപഭരിതവഴികളില് സാമ്പ്രദായിക ഏര്‍പ്പാടുകള്‍ക്ക് അത്രവലിയ സ്ഥാനമില്ലെന്നും പറയാം. എന്തായാലും കാഴ്ചപ്പാടുകളുടെ നിറവ് സുവീരനെ ദേശീയപുരസ്കാരത്തില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതില് എന്തായാലും അഭിമാനിക്കുകതന്നെ.
ശതകോടീശ്വരന്മാരുടെ നാട്ടില്‍ തേരാപാരകള്‍ക്ക് എന്താണ് സ്ഥാനം? അംബാനിമാരുടെ ജീവിതത്തിന്റെ വെള്ളിവെളിച്ചം ആവുന്നത്ര ഒപ്പിയെടുത്ത് നാടൊട്ടുക്കും പെരുമ്പറ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുത്താല്‍ പോലും ഫലമില്ലാതായി പോവുന്ന സാഹചര്യം കാണാന്‍ ആരുണ്ട്. ഒരുപക്ഷേ, ദ ഹിന്ദു പത്രത്തിന്റെ റൂറല്‍ എഡിറ്റര്‍ പി. സായ്നാഥ് വ്യത്യസ്തനാകുന്നത് ശതകോടീശ്വരന്മാരുടെ വര്ണപ്പകിട്ടാര്ന്ന കഥകളില്‍ നിന്ന് സ്വയം പിന്‍വലിയുന്നതു കൊണ്ടാവാം. അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യ: ജീവനും ജീവസന്ധാരണവും എന്ന വിഷയത്തെക്കുറിച്ച് വിബ്ജ്യോര്‍ മേളയില്‍ നടത്തിയ പ്രഭാഷണം രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു മലയാളം വാരിക. അതിജീവനത്തിന്റെ കനല് വഴികള്‍ എന്ന തലക്കെട്ടില്‍ വന്നിരിക്കുന്ന ലേഖനം യഥാര്‍ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചതന്നെ; വര്‍ണ മേലാപ്പുകളില്ലാത്ത പച്ചയായ ജീവിതം. ആത്മാര്‍ഥമായ പത്രപ്രവര്‍ത്തനത്തിന്റെ ചൂടും തണുപ്പും ഇതില്‍ അനുഭവിക്കാം.
എന്നാല്‍ ഈ ആത്മാര്‍ത്ഥതയ്ക്ക് മറ്റൊരുവശമുണ്ടെന്ന് നമുക്ക് പറഞ്ഞുതരുന്നു ദ ടെലിഗ്രാഫ് പത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററായ സീമമുസ്തഫ. മാധ്യമങ്ങള്‍ ഇന്ന് കാവല്‍ നായ്ക്കളല്ല, വളര്ത്തുനായ്ക്കളാണെന്നാണ് അവരുടെ പക്ഷം. അവരുമായുള്ള അഭിമുഖം മാധ്യമം ആഴ്ചപ്പതിപ്പില്‍. 25 വര്‍ഷമായി ദല്‍ഹിയില്‍ മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അഹ്മ്മദ് കാസ്മിയെ പൊലീസ് ഈയടുത്ത് അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സീമ മുസ്തഫ തൂലികയെടുത്തിരിക്കുന്നത്. ഇസ്രായേല്‍ കാര്‍ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കാസ്മി അറസ്റ്റിലായിരിക്കുന്നത്. ഒരിക്കലും അദ്ദേഹത്തിന് തീവ്രവാദപ്രവര്‍ത്തനവുമായി പോകാന്‍ കഴിയില്ലെന്ന് സീമ ശഠിക്കുന്നു. ഒരു തെളിവും ഇല്ലെന്ന് തനിക്കറിയാമെന്ന് അവര്‍ കട്ടായം പറയുന്നു. മാലോകരേ, വിശ്വസിക്കുക. അതേസമയം നരേന്ദ്രമോദിയെയും സംഘത്തെയും വിടാതെ വേട്ടയാടുന്നത് ഏത് തെളിവിന്റെ പിന്‍ബലത്തില്‍ എന്ന് ചോദിക്കാതിരിക്കുക. വി ആര് ദ സ്റ്റേറ്റ് എന്ന ശരീരഭാഷയുടെ നേരെ പഞ്ചപുച്ഛമടക്കി മടങ്ങിക്കുത്തി ഇരുന്നുകൊള്ളുക.
തൊട്ടുകൂട്ടാന്‍
ദുഃഖമില്ല….
എന്തെന്നോ….
ദുഃഖിക്കാനുള്ള മനസ്സും
എന്നെ തനിച്ചാക്കി
മരവിപ്പിന്റെ തീരങ്ങളിലേക്ക്
ഓടിമറഞ്ഞു-
കൊണ്ടിരിക്കുന്നു.
-അജിതാദാസ്
കവിത: ഏകാന്തം
കലാകൗമുദി (മാര്‍ച്ച് 25)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: