ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അതിര്‍ത്തിയിലുള്ള മതില് ചാടി അജ്ഞാതന്‍ അകത്തുകടന്നു. ഇയാളെ ഉടന്‍ തന്നെ രഹസ്യപൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സുരക്ഷാകാരണങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ ഒരുഭാഗം ഒഴിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന്റെ വടക്ക് ഭാഗത്തുള്ള മതിലാണ് യുവാവ് ചാടിക്കടന്നത്. ഇതിനു ശേഷം വൈറ്റ് ഹൗസിനു നേര്‍ക്ക് നടന്നുപോയ ഇയാളെ ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നെഞ്ചു വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ അടുത്തുള്ളആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് വിധേയമാക്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
പ്രസിഡന്റ് ഒബാമയും പെണ്മക്കളും സ്വകാര്യ ഹെലികോപ്റ്ററില്‍ മേരിലാന്‍ഡിലേക്ക് പോയി നിമിഷങ്ങള്‍ക്കകം ആണ് സംഭവം. ടെക്സാസിലെ കോപറാസ് കോ സ്വദേശിയായ ഒമാര്‍ ജെ ഗോണ്‍സാലസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ നിരായുധനായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ദേഹപരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വൈറ്റ് ഹൗസിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 11-നും സമാനരീതിയിലുള്ള സംഭവമുണ്ടായി. അന്ന് വടക്കേയതിര്‍ത്തിയിലുള്ള മതിലാണ് അജ്ഞാതന്‍ ചാടിക്കടന്നത്. ഇയാളെ പിന്നീട് അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: