ഒരിടവേളയ്ക്കുശേഷം ജന്മനാട്ടില് തിരിച്ചെത്തിയ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണിന് പറയാനുണ്ടായിരുന്നു ഏറെ കാര്യങ്ങള്‍. ലോകം അറിയുന്ന ഫാഷന്‍ ഡിസൈനര്‍ പറഞ്ഞതൊന്നും ഫാഷന്‍ ലോകത്തെ പുതിയ ട്രെന്റുകളെക്കുറിച്ചായിരുന്നില്ല. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ചും കേരളത്തിന്റെ സംസ്കാരത്തെക്കുറിച്ചുമൊക്കെ സംസാരിക്കാനായിരുന്നു അവര്‍ക്കു കൂടുതല്‍ താത്പ്പര്യം. ഫാഷന്‍ ലോകത്ത് ജീവിക്കുന്നവര്‍ക്ക് ഇതൊക്കെ സംസാരിക്കാന്‍ എന്ത് അവകാശമെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. തികഞ്ഞ മനുഷ്യ-മൃഗ സ്നേഹിയായ സഞ്ജനയ്ക്ക് ഇതൊക്കെ പറയാന്‍ പൂര്‍ണ അവകാശമുണ്ടെന്ന് ക്ഷണനേരം അവരുമായി സംസാരിച്ചാല്‍ ബോധ്യപ്പെടും. സഞ്ജനയുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ മുഴുവനും കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് പരന്നുകിടക്കുന്നത്. തിരുവനന്തപുരത്തെ അമ്മയുടെ വീട്ടില്‍ അപ്പൂപ്പനും അമ്മുമ്മയ്ക്കുമൊപ്പമുള്ള ജീവിതമാണ് സഞ്ജനയെ ഫാഷന്‍ ലോകത്തെത്തിച്ചത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ സഹോദരിയായും കൊച്ചിയില്‍ ആദ്യത്തെ ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ച ശശി എബ്രഹാമിന്റെ മകളായും ആദ്യം പേരെടുത്തു. പിന്നീട് ലോകമറിയുന്ന പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുടെ പട്ടികയില്‍. കൊച്ചി ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയതാണ് സഞ്ജന. കൂട്ടിന് അമ്മയും. ഒരുപിടി പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് അവര്‍ ഇവിടെ വന്നതും തിരിച്ചു മടങ്ങിയതും. ‘മിഴി’യുമായി സഞ്ജന ജോണ്‍ പങ്കുവെച്ച വിശേഷങ്ങളിലേക്ക്…
ഫാഷന്‍ ഷോയും ചാരിറ്റിയും തമ്മിലുള്ള ബന്ധം?
എല്ലാ വര്‍ഷവും ചാരിറ്റിക്കുവേണ്ടിയാണ് ഷോ നടത്തുന്നത്. ഇത്തവണ ഏറെ പ്രത്യേകതയുണ്ട് എന്റെ ഷോയ്ക്ക്. സേവ് ഗേള്‍ ചൈല്‍ഡ്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പെണ്‍ഭ്രൂണഹത്യ എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ഈ ആശയങ്ങള്‍ എടുത്തതു തന്നെ സ്ത്രീകളുടെ ശക്തി തെളിയിക്കാനാണ്. ഫാഷന്‍ ഷോയെ മോശമായാണ് പലരും കരുതുന്നത്. ഈ ധാരണ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം വസ്ത്രധാരണമാണെന്ന് പരക്കെ ആക്ഷേപമുണ്ട്, സഞ്ജനയുടെ അഭിപ്രായം എന്താണ് ?
കേരളത്തിന്റെ സാംസ്കാരിക മൂല്യം മഹത്തരമാണ്. സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തം ഉണ്ട്. എന്നാല്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പലരും മടിക്കുന്നു. ബുദ്ധിയില്ലാത്ത ആളുകളുടെ സ്വഭാവമാണ് അതിക്രമങ്ങളില്‍ ചെന്ന് അവസാനിക്കുന്നത്. അതിന് വസ്ത്രധാരണത്തെ തെറ്റ് പറഞ്ഞിട്ടു കാര്യമില്ല. മുതിര്‍ന്നവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കണം, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുക, ഉപദ്രവിക്കാതിരിക്കുക. കൊച്ചു കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ത് വസ്ത്രധാരണം കൊണ്ടാണ്. നമ്മുടെ കേരളത്തിന് ഒരു സംസ്കാരമുണ്ട് അത് ഭാരതത്തിന് കാണിച്ചുകൊടുക്കണം.
പുതിയ പ്രതീക്ഷകള്‍ ?
ഒരുപാട് പ്രതീക്ഷകളുണ്ട്. എന്നാല്‍ മറ്റുള്ളവരോടാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ മൂല്യം മറക്കരുത്. കുടുംബത്തെ സ്നേഹിക്കുക, ജീവിതത്തിലെ മികച്ച ഗുണങ്ങളെ മുറുകെപ്പിടിക്കുക, എല്ലാവരും അണുകുടുംബങ്ങളിലേക്ക് മാറുകയാണ്. അതിനനുസരിച്ച് സംസ്കാരങ്ങളെ മറക്കുന്നു. കുടുംബ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കണം.
ആനന്ദ് ജോണിന്റെ മോചനത്തില്‍ ഇപ്പോഴുള്ള നിങ്ങളുടെ നിലപാട്?
ഏഴര വര്‍ഷമായി ആനന്ദ് ജയിലില്‍ കഴിയുന്നു. എങ്ങനെ മറക്കാന്‍ പറ്റും? സത്യവും ന്യായവും നീതിയും മറന്ന് ഒന്നും ചെയ്യാനില്ല. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാനും, ചികിത്സക്കും ഇളവുകള്‍ നല്കുന്നു. എന്നാല്‍ ആനന്ദിന്റെ കാര്യത്തില്‍ ആരും ചോദിക്കാനും പറയാനുമില്ല. ഒരു ജീവന്റെ വില ജീവന്റെ വില തന്നെയാണ്. ആനന്ദിനുവേണ്ടി മാത്രമല്ല അവനെപ്പോലെ ചെയ്യാത്ത കുറ്റത്തിനു ജയിലില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ആത്മാര്‍ത്ഥമായ അപേക്ഷയാണിത്. ബിജെപിയുടെ സുഷമാസ്വരാജ്, അദ്വാനി എന്നിവരെ നേരത്തെ കണ്ട് നിവേദനം കൊടുത്തിരുന്നു. അധികാരത്തില്‍ വന്നാല്‍ കാര്യമായ ഇടപെടലുകള്‍ നടത്താമെന്ന് പറഞ്ഞു. തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ആനന്ദിനെതിരെ യാതൊരു തെളിവുമില്ലാതെയാണ് ഇത്രയും വര്‍ഷം ജയിലില്‍ അടച്ചിട്ടിരിക്കുന്നത്. ആരെയും കൊന്നിട്ടുമില്ല. ഞങ്ങള്‍ സമര്‍പ്പിച്ച റിട്ടിന് ഡിസംബറില്‍ മറുപടി നല്‍കണമെന്ന കോടതി നിര്‍ദ്ദേശം മാത്രമാണ് ഇപ്പോഴുള്ള ആശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ എനിക്കും കുടുംബത്തിനും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
‘പീറ്റ’യുടെ പ്രചാരണം?
തെരുവുനായ്ക്കളുടെ പരിചരണവുമായി ബന്ധപ്പെട്ടാണ് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍ (പീറ്റ) എന്ന പ്രചാരണ പരിപാടിയും നടത്തുന്നത്. പ്രചാരണത്തേക്കാളുപരി ഇതൊരു സാമൂഹിക പ്രവര്‍ത്തനമാണ്. ഭാരതത്തില്‍ താമസം ആരംഭിച്ചതിനുശേഷം മൂന്ന് വര്‍ഷമായി ഞാന്‍ തെരുവുനായ്ക്കളെ എടുത്തു വളര്‍ത്തുന്നു. പതിനഞ്ചു തെരുവുനായ്ക്കള്‍ എന്റെ വീട്ടിലുണ്ട്. കൂടാതെ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. മനുഷ്യരെ പ്പോലെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ലക്ഷം രൂപ മുടക്കി നായ്ക്കളെ വാങ്ങുന്നവര്‍ക്ക് തെരുവില്‍ നിന്നും ഒരെണ്ണത്തെ എടുത്ത് വളര്‍ത്തിക്കൂടെ?
കേരളവും മലയാളവും?
കേരളത്തില്‍ വന്നാല്‍ എനിക്കു മലയാളം അറിയില്ലെന്ന് കരുതി പലരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പക്ഷെ ഞാന്‍ ഇംഗ്ലീഷ് സംസാരിക്കില്ല. അമേരിക്കയിലായിരുന്നപ്പോഴും ഞാനും ആനന്ദും അമ്മയുമെല്ലാം മലയാളമാണ് സംസാരിക്കുന്നത്. വെറുതെ ഇരിക്കുമ്പോഴും മലയാളം സംസാരിച്ചുകൊണ്ടേയിരിക്കും. എന്റെ മലയാളം കൊള്ളില്ലായിരിക്കും. പക്ഷെ ഗൗരവത്തോടെയാണ് കാണുന്നത്. ചിലര്‍ എന്റേത് പൊട്ട മലയാളമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഞാനത് വെല്ലുവിളിയായി കണ്ട് പഠിക്കും. മലയാളിയാണെന്ന് അഭിമാനത്തോടെ പറയാനാണ് ഇഷ്ടം.
ഒഴിവുസമയങ്ങളിലെ വിനോദങ്ങള്‍ എന്തൊക്കെയാണ്?
നായ്ക്കളുടെ പരിചരണത്തിനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. പിന്നെ സമയം കണ്ടെത്തുന്നത് ചേരികളിലെ കുട്ടികള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഭക്ഷണം, വെള്ളം, വസ്ത്രം എല്ലാം കൊടുക്കാറുണ്ട്. അപ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം മറ്റൊരിടത്തു നിന്നും കിട്ടില്ല.
ഭാവി പരിപാടികള്‍?
സാമൂഹ്യ പ്രവര്‍ത്തനം അതാണ് ഭാവി പരിപാടികള്‍. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുക, അതാണ് സ്വപ്നം. പിന്നെ ആനന്ദിന്റെ മോചനത്തിനാണ് ഞാനും അമ്മയുമെല്ലാം കാത്തിരിക്കുന്നത്. അടുത്ത വരവില്‍ ഞങ്ങള്‍ക്കൊപ്പം ആനന്ദ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ നിന്നും മടങ്ങുന്നത്…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: