മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യ ദിനം ഹോം ടീമുകളുടെ വിജയനൃത്തം. എതിരാളിയുടെ കളത്തില്‍ വിരുന്നിനെത്തിയവരിലധികവും പരാജയത്തിന്റെ സദ്യയുണ്ട് മടങ്ങി.
നിലവിലെ ചാമ്പ്യന്മാരായ സ്പാനിഷ് സംഘം റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളും ഇറ്റാലിയന്‍ വമ്പന്‍ ജുവന്റസും ജര്‍മന്‍ പ്രതിനിധി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഗ്രീക്ക് സാന്നിധ്യം ഒളിംപ്യാകോസും ഫ്രഞ്ച് പടയാളികളായ മൊണാക്കോയും സ്വന്തം തട്ടകത്തില്‍ ജയങ്ങള്‍ ഉറപ്പിച്ചു. ഇതില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഒളിംപ്യാകോസും ആഴ്സണലിനുമേല് ബൊറൂസിയയും നേടിയ ജയങ്ങള്‍ ശ്രദ്ധേമായി. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക റഷ്യയില്‍ നിന്നു വന്ന സെനിത്തിനോട് തോറ്റതും തുര്‍ക്കി ടീം ഗലാറ്റസരെ ആന്ഡെല്ലെഷിനോട് സമനില വഴങ്ങിയതുമാണ് ആതിഥേയ അപ്രമാദിത്വത്തിന് അപവാദമായത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ അരങ്ങേറിയ ഗ്രൂപ്പ് ബി മുഖാമുഖത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വിസ് ടീം എഫ്സി ബാസലിനെയാണ് തകര്‍ത്തുവിട്ടത്. റയലിനായി സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്, ജെയിംസ് റോഡ്രിഗസ്, കരിം ബെന്‍സേമ എന്നിവരെല്ലാം സ്കോര്‍ ചെയ്തു. ഒരെണ്ണം ബാസലിന്റെ മാരെക് സുച്ചി റയലിന് ദാനമായി നല്‍കുകയും ചെയ്തു.
സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുമായി മോശം ഫോമിലായിരുന്ന റയല്‍ കനത്ത സമ്മര്‍ദ്ദത്തിലാണ് കളി തുടങ്ങിയത്. എന്നാല്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ലൈനപ്പിലെ വന്‍ സ്രാവുകളെല്ലാം മിന്നിത്തിളങ്ങിയതോടെ ബാസല്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയല്‍ 22 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ ഒമ്പതെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം, ബാസലിന് അഞ്ച് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്. അതെല്ലാം റയല്‍ ഗോളി ഇകെര്‍ കസിയസിന്റെ പ്രതിഭയ്ക്കു മുന്നില്‍ വിഫലമാവുകയും ചെയ്തു.
14 -ാം മിനിറ്റില്‍ സുച്ചി സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് റയല്‍ ഗോള്‍മഴക്ക് തുടക്കമിട്ടത്. റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ സുച്ചിക്കു പിഴവുപറ്റി (1-0). 30-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ലൂക്കാ മോഡ്രിച്ച് നല്കിയ പാസില്‍ നിന്ന ബെയ്ല് ലക്ഷ്യം കണ്ടു (2-0). പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ സ്കോര്‍ഷീറ്റില്‍. ബെയ്ല് നല്കിയ പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് നല്ലൊരു ഇടംകാലന്‍ സ്ട്രൈക്കിലൂടെ ക്രിസ്റ്റിയാനോ ബാസല്‍ വല കുലുക്കി(3-0). 36-ാം മിനിറ്റില്‍ റയല്‍ മുന്‍തൂക്കം നാലാക്കി ഉയര്‍ത്തി. ഇത്തവണ മൂര്ച്ചകാട്ടിയത് ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ സൂപ്പര്‍ ഹീറോ റോഡ്രിഗസ്. ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ബെന്‍സേമ നിറയൊഴിച്ചത് ബാസല്‍ ഗോളി തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് പിടിച്ചെടുത്ത റോഡ്രിഗസ് പന്ത് വലയിലേക്ക് തൊടത്തു (4-0). 38-ാം മിനിറ്റില്‍ ബാസലിനുവേണ്ടി ഡെര്‍ലിസ് ഗോണ്‍സാല്‍വസ് ഒരു ഗോള്‍ മടക്കി (4-1).
രണ്ടാം പകുതിയിലും റയല്‍ കളം അടക്കിവാണു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 79-ാം മിനിറ്റില്‍ ബെന്‍സേമ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി (5-1).
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോരറ്റ്സിനെ മറികടന്നു. ആന്‍ഫീല്‍ഡിലെ ഗ്യാലറിയെ ത്രസിപ്പിച്ച കളിയുടെ ഇഞ്ച്വറി ടൈമില്‍ സ്റ്റീവന്‍ ജെറാഡിന്റെ പെനാല്‍റ്റി ഗോളാണ് ലിവറിന് ജയം നേടിക്കൊടുത്തത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 82-ാം മിനിറ്റില്‍ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിയിലൂടെ റെഡ്സ് മുന്നിലെത്തി (1-0). ഇംഗ്ലിഷ് ടീം വിജയമുറപ്പിച്ച ഘട്ടം. പക്ഷേ, ഇഞ്ച്വറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ ഡാനി ആബ്ലോ ലുഡോഗോരറ്റ്സിന് സമനില (1-1). എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മാന്ക്വിലോയെ ഫൗള്‍ ചെയ്തതിന് ലിവറിന് പെനാല്‍റ്റി ലഭിച്ചു. നിര്‍ണ്ണായക ഘട്ടത്തില്‍ കിക്കെടുത്ത ജെറാഡിന് പിഴച്ചില്ല, പന്ത് വലയില്‍. ലിവര്‍പൂളിന് ജയവും (2-1).
ഗ്രൂപ്പ് എയില്‍ അതിഥികളായ അത്ലറ്റിക്കോ മാഡ്രിഡിനെ 3-2നാണ് ഒളിംപ്യാകോസ് മറിച്ചിട്ടത്. യവനവീരര്ക്കുവേണ്ടി 13-ാം മിനിറ്റില്‍ മസോകുവും 31-ാം മിനിറ്റില്‍ അഫെല്ലെയും 73-ാം മിനിറ്റില്‍ മിട്രോഗ്ലൗവും ഗോളുകള്‍ നേടിയപ്പോള്‍ അത്ലറ്റിക്കോയുടെ ഗോളുകള്‍ 38-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചും 86-ാം മിനിറ്റില്‍ ഗ്രിസ്മാനും സ്വന്തമാക്കി.
ജുവന്റസ് സ്വീഡിഷ് ക്ലബ്ബ് മല്മോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നിര്‍വീര്യമാക്കി. അര്‍ജന്റീനിയന്‍ തുറുപ്പുചീട്ട് കാര്‍ലോസ് ടെവസിന്റെ ഇരട്ടഗോളുകള്‍ ജുവന്റസിന്റെ തട്ടകത്തിലെ മത്സരത്തിന്റെ സവിശേഷത.
ലിസ്ബണ്‍ വേദിയാക്കിയ ഗ്രൂപ്പ് സി അങ്കത്തില്‍ 2-0ത്തിന് സെനിത് ബെന്‍ഫിക്കയെ ഞെട്ടിച്ചുകളഞ്ഞു. അഞ്ചാം മിനിറ്റില്‍ ഹള്‍ക്കും 22-ാം മിനിറ്റില്‍ വിറ്റ്സലും സെനിത്തിനുവേണ്ടി വെടിപൊട്ടിച്ചു. ഒന്നാം പകുതിയില്‍ ആര്ടുര് മൊറേയ്സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക കളിച്ചത്. മറ്റൊരു മത്സരത്തില്‍ മൊണാക്കോ 1-0ന് ബയേര്‍ ലെവര്‍ക്യുസനെയും വീഴ്ത്തി. ഗ്രൂപ്പ് ഡിയില്‍ ആഴ്സണലിന് ബൊറൂസിയ 2-0ത്തിന്റെ ഷോക്ക് കരുതിവച്ചു. ഡോര്‍ട്ട്മുണ്ടിലെ മല്ലിടലില്‍ സിറോ ഇമ്മോബിലെയും (45-ാം മിനിറ്റ്) പിയറെ ഔബാമെയാങ്ങും (48) ഗണ്ണേഴ്സിന്റെ ഹൃദയം തകര്‍ത്ത ഗോളുകള്‍ കുറിച്ചു.
ഗലാറ്റസരെയും ബെല്‍ജിയം ക്ലബ്ബ് ആന്ഡെല്ലെഷും ഓരോ ഗോള്‍വീതം കുറിച്ചായിരുന്നു പോയിന്റുകള്‍ പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: