കൊച്ചി: പ്രമേഹ- അസിഡിറ്റി രോഗ ശമനത്തിനായി ഔഷധി രണ്ട് പുതിയ ആയുര്‍വേദ ഗുളികകള്‍ പുറത്തിറക്കുന്നു. പ്രമേഹ ഔഷധി, എസ്എല്‍ആര്‍ ടാബ്‌ലെറ്റ് എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങളെന്ന് ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ലക്ഷം പ്രമേഹ രോഗികളുള്ള സംസ്ഥാനത്ത് 1998 മുതല്‍ പ്രമേഹ രോഗപരിചരണത്തിനായി പ്രമേഹാഷൗധി ചൂര്‍ണ രൂപത്തില്‍ വിപണിയില്‍ എത്തിച്ചിരുന്നു. കയ്പക്ക, നെല്ലിക്കാത്തോട്, വരട്ട് മഞ്ഞള്‍, ഏകനായകത്തിന്റെ വേര് അടങ്ങിയ ചേരുവകൂട്ടില്‍ നിര്‍മിക്കുന്നതാണ് പ്രമേഹൗഷധി ചൂര്‍ണം.
പ്രമേഹരോഗികള്‍ക്കിടയില്‍ ഇതിന് ഏറെ സ്വീകാര്യത ലഭിച്ചതോടെയാണ് ടാബ്‌ലെറ്റ് രൂപത്തില്‍ പ്രമേഹ ഔഷധി വിപണയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 500 മില്ലി ഗ്രാം വരുന്ന ടാബ്‌ലെറ്റിന് 2.50 രൂപയാണ് വില. അസിഡിറ്റിക്കായി പുറത്തിറക്കുന്നവയാണ് ലഘുസൂതശേഖര രസം എന്ന എസ്എല്‍ആര്‍ ടാബ്‌ലെറ്റ്. കാവിമണ്ണ്, ചുക്ക്, വെറ്റിലനീര് എന്നിവയടങ്ങിയ 250 മില്ലി ഗ്രാം എസ്എല്‍ആര്‍ ടാബ്‌ലെറ്റിന് ഒരു രൂപയാണ് വില.
നാളെ എറണാകുളത്ത് ധനമന്ത്രി കെ.എം. മാണി ഇവ വിപണിയിലിറക്കും. ആരോഗ്യ മന്ത്രി വി.എസ.് ശിവകുമാര്‍ അധ്യക്ഷത വഹിക്കും. ഔഷധി റിസര്‍ച്ച് വിഭാഗം രണ്ടു വര്‍ഷം നടത്തിയ പരീക്ഷണത്തിന് ഒടുവിലാണ് വിപണനത്തിനായി ടാബ്‌ലെറ്റുകള്‍ പുറത്തിറക്കുന്നത്. 14 ജില്ലകളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി നടത്തുന്ന ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്നും പറഞ്ഞു. 25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഔഷധി പേറ്റന്റുള്ള 22 മരുന്നുകളില്‍ 10 എണ്ണം വിതരണം ചെയ്യാന്‍ ജില്ലകള്‍ തോറും ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയോഗിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75 കോടിയുടെ വിറ്റുവരവ് നേടിയ ഔഷധി ഈ വര്‍ഷം 120 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നു ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: