യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് ചിറകൊടിച്ച്
കൊണ്ടല്ല സാമ്പത്തികപ്രതിസന്ധി
പരിഹരിക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ്
പി.എം.സാദിഖലി
കോഴിക്കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം ഉറച്ചുനിന്ന മുസ്ലിം ലീഗും ഇടയുന്നു. സംസ്ഥാനത്ത് നിയമന നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി മുസ്ലിം ലീഗിന്റെ യുവവിഭാഗമായ യൂത്ത് ലീഗ് രംഗത്ത്. യുവാക്കളുടെ പ്രതീക്ഷകള്‍ക്ക് ചിറകൊടിച്ച് കൊണ്ടല്ല സാമ്പത്തികപ്രതിസന്ധി പരിഹരിക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കുന്നത് പ്രതീക്ഷകള്‍ കെടുത്തും. ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പര്‍വ്വതീകരിച്ചുള്ള പ്രചാരണങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നത്. ഇത് മദ്യനയത്തെ അട്ടിമറിക്കാനുള്ള നീക്കമാണ്.സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന് കിട്ടാനുള്ള കുടിശ്ശിക തുക പിരിച്ചെടുക്കാനുള്ള നടപടികളാണ് വേണ്ടതെന്നും യൂത്ത് ലീഗ് പറഞ്ഞു.നിയമന നിരോധനമില്ലെന്നും തീരുമാനം താല്‍ക്കാലികമാണെന്നും കെ.എം.മാണി പ്രതികരിച്ചു.
യൂത്ത് ലീഗിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗു നേതാക്കളോ മന്ത്രിമാരോ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നത് പുതിയ രാഷ്ട്രീയ സൂചനകളായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: