ആതുരസേവനം തികച്ചും കച്ചവടവത്കരിച്ചിരിക്കുന്ന ഇക്കാലത്ത് അങ്ങേയറ്റം നിസ്വാര്‍ഥമായി രോഗശമനത്തിനും രോഗിക്ക് സാന്ത്വനം നല്‍കുന്നതിനും വേണ്ടി മാത്രം ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഡോക്ടര്‍. വസതിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്താത്ത ഇഎസ്ഐ ഡോക്ടര്‍. പരമ്പരാഗത നാട്ടറിവുകള്‍ക്കും ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ശാസ്ത്രശാഖകള്‍ക്കും പ്രധാന്യമുണ്ടെന്ന് തിരിച്ചറിയുന്ന ഡോക്ടര്‍. അതാണ് ഡോ. സി.എച്ച്.എസ്. മണി. സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം തിരുവനന്തപുരത്തെ പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഈ വ്യത്യസ്തനായ ഡോക്ടറെ തേടിയെത്തിയതില്‍ അത്ഭുതമില്ല.
ഇഎസ്ഐ കോര്‍പ്പറേഷന്റെ ദേശീയ ഇന്റ്റ്രാനെറ്റ് വിവരസാങ്കേതികവിദ്യാ പദ്ധതിയായ ധന്വന്തരിയുടെ നോഡല്‍ ആഫീസറായും സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പൊതുജന ക്ഷേമ പരിപാടികളിലും തൊഴില്‍ശാലകളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലും ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പരിശീലനപരിപാടികളിലെ ഫാക്കല്‍ട്ടിയായും ഡോ. മണി തന്റെ മികവ് പ്രകടിപ്പിച്ചിരുന്നു.
ഡോ. മണിയുമായി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.
ഏതെങ്കിലും രോഗത്തിന് അലോപ്പതി ചികിത്സ ശരിയല്ല എന്ന് തോന്നിയിട്ടുണ്ടോ ?
ഡോ: ഉണ്ട്. വൈറല്‍ ഫീവര്‍. എന്റെ അമ്മ വൈറല്‍ പനി ബാധിച്ച് കിഡ്നി ഫെയിലായി 13 ഡയാലിസിസ് നടത്തി, മൂന്നു മാസം കഴിഞ്ഞു മരിച്ചു. ഇതോടെ ഞാന്‍ പനിയെപ്പറ്റി കാര്യമായി ചിന്തിക്കാനിടയായി. വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നു. ശരീരം വൈറസിനെതിരെ ആന്റിബോഡി ഉണ്ടാക്കുന്നു. ശരീരത്തിന്റെ ഊഷ്മാവു കൂടുന്നു. എന്തിനാണ് പ്രകൃതി പനി ഉണ്ടാക്കുന്നത് ? മിച്ചമുള്ള ആന്റിബോഡിയെയും ആന്റിബോഡി-വൈറസ് കൂട്ടിനെയും നശിപ്പിക്കാനാണോ? ആണെങ്കില്‍ പാരസെറ്റാമോള്‍ കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?
പണ്ട് പാരസെറ്റാമോള്‍ ഇല്ലാതിരുന്ന കാലത്ത് ഇത്രയും പ്രശ്നങ്ങളുണ്ടായിരുന്നോ? പണ്ട് പനി ശരീരത്തിന്റെ ചൂടു കൂട്ടുമ്പോള്‍ നമ്മളും ചൂടുള്ള കുരുമുളകു കാപ്പി കുടിക്കുമായിരുന്നു. (ചൂടു കൂട്ടാന്‍ ശരീരത്തെ സഹായിക്കുമായിരുന്നു). പനിയുള്ളപ്പോള്‍ കുളിക്കാന്‍ പാടില്ല (ശരീരത്തിന്റെ ചൂടു കുറയ്ക്കാതിരിക്കാന്‍ നമ്മള് ശ്രദ്ധിക്കുമായിരുന്നു). ഈ പനി നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ളതാണോ? ഡോക്ടര്‍മാര്‍ ചിന്തിക്കേണ്ട വിഷയമാണ്.
അപ്പോള്‍ ഒരു പനിയും ചികിത്സിക്കരുത് എന്നാണോ പറയുന്നത് ?
ഡോ: അല്ല. പനി കൂടുമ്പോള്‍ ഫിറ്റ്സ് വരുന്ന ശരീരമാണെങ്കില്‍ ടെമ്പറേച്ചര്‍ (പനി) വര്‍ധിക്കാതെ നോക്കണം. പനി കൂടുമ്പോള്‍ ഹൃദയത്തിന്റെ താളം ഒരുപാട് തെറ്റുന്ന (എക്റ്റോപ്പിക് ബീറ്റ്സ്) ശരീരമാണെങ്കില്‍ പനി അപകടമുണ്ടാക്കിയേക്കാം അതുകൊണ്ട് ചികിത്സിക്കണം. അങ്ങനെ പ്രശ്നമുള്ള പനി മാത്രം ചികിത്സിച്ചാല്‍ പോരെ?
പനി കൂടുമ്പോള്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞാല്‍ പനി ചികിത്സിക്കണോ ?
ഡോ: സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ഈ ചോദ്യത്തിന് എന്റെ ചിന്ത പോകുന്നതിങ്ങനെയാണ്. ഡെങ്കു വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നു. ശരീരം അതിനെതിരെ ആന്റിബോഡി ഉണ്ടാക്കുന്നു. ശരീരം ഉടനെ തന്റെ ചൂടുകൂട്ടി മിച്ചമുള്ള ആന്റിബോഡികളെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു. (പ്രൊട്ടീന്‍ ചൂടു കൂടുമ്പോള്‍ ഡീനേച്ചേര്ഡാകും). ഡോക്ടര്‍ പാരസെറ്റാമോള്‍ കൊടുത്ത് ഈ നിര്‍വീര്യമാക്കല്‍ ശ്രമത്തിനെ നിര്‍വീര്യമാക്കുന്നു. ഇതോടെ ആന്റിബോഡികള്‍ മറ്റു പേശികളെ ആക്രമിക്കുന്നു. പുതിയ പുതിയ രോഗങ്ങളുണ്ടാകുന്നു. എന്തായലും ഇന്നത്തെ പനിയുടെ പല ലക്ഷണങ്ങളും ഇമ്മണോളജിക്കലാകാം. കാരണം മറ്റാവശ്യങ്ങള്‍ക്കു വേണ്ടി (ഉദാ. ആസ്ത്മ) ഇന്‍ഹേല്‍ഡ് സ്റ്റീറോയിഡ് കിട്ടുന്നവരില്‍ ഇത്ര തീവ്രമായ ലക്ഷണങ്ങള്‍ കാണുന്നില്ല.
ഇങ്ങനെ ചിന്തിക്കാന്‍ ഉണ്ടായ സാഹചര്യം?
ഡോ: പാരസെറ്റാമോള്‍ 1953 ലാണ് മെക്ക്നില് ലാബ് പുറത്തിറക്കുന്നത്. അതിനു മുമ്പ് ഡയഫോറെറ്റിക്ക് മിക്സച്ചര്‍ ഉപയോഗിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് (1960 കളില്‍) ഞാനും ജനറല്‍ ആശുപത്രിയില്‍ നിന്ന് ഈ മരുന്നുവാങ്ങി കുടിച്ചിട്ടുണ്ട്. അന്നൊന്നും ഇത്ര പ്രശ്നങ്ങളില്ലായിരുന്നു. ഏതാണ്ട് 1700 കളിലാണ് ഡയഫോറെറ്റിക്ക് മിക്സച്ചര്‍ ഉപയോഗിച്ചു തടങ്ങുന്നത്. അതിനു മുമ്പും മനുഷ്യന് ജീവിച്ചിരുന്നില്ലേ? എവിടെയോ നമുക്ക് പിടി തരാതെ ഒരു സത്യം ഒളിഞ്ഞിരിക്കുന്നു. അത് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പാരസെറ്റാമോള്‍ പനി കുറയ്ക്കുന്നതെങ്ങനെയാണ്?
ഡോ: പുസ്തകത്തില്‍ തലയിലിരിക്കുന്ന തെര്‍മോസ്റ്റാറ്റിനെ റീസെറ്റ് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് ഈ ഉത്തരം തൃപ്തികരമല്ല. അതുകൊണ്ട് സത്യം പറഞ്ഞാല്‍ എനിക്കറിയില്ല.
താങ്കള്‍ കഴിഞ്ഞ വര്‍ഷം പനി ചികിത്സയ്ക്ക് പപ്പായ തളിരില ഉപയോഗിക്കുന്നതിനെപ്പറ്റി എഴുതിയിരുന്നല്ലോ. അത് എവിടെ നിന്ന് ലഭിച്ചതാണ്?
ഡോ: എന്റെ കുട്ടിക്കലത്ത് നടന്ന അനുഭവത്തിന്റെ ഓര്‍മയില്‍ നിന്നാണ്. എന്റെ പാട്ടി (മുത്തശ്ശി) പനിയെ അഞ്ചായി തിരിച്ചിരുന്നു
1. പനി (പനി മാത്രം)
2. പനി + ജലദോഷം
3. പനി + മഞ്ഞപ്പിത്തം
4. പനി + മൂത്രകടുപ്പ്
5. പനി + വയറിളക്കം / ഛര്‍ദ്ദില്‍ അല്ലെങ്കില്‍ രണ്ടും കൂടി
ചകിത്സാ രീതി ഒന്നു വിശദീകരിക്കാമോ?
ഡോ: പണ്ട് ആശുപത്രികള്‍ ഇല്ലാതിരുന്ന കാലം. വീട്ടില്‍ തന്നെ ചികിത്സ
1. പനി (പനി മാത്രം)
ചൂടുള്ള ചെമ്പാ പൊടിയരിക്കഞ്ഞി + പപ്പായ തളിരില + ഉപ്പ് (കഞ്ഞി തിളക്കുമ്പോള്‍ പപ്പായ തളിരില അമ്മിക്കല്ലില്‍ ചതച്ച് കഞ്ഞിയിലിടും) തളിരിലയേ ഉപയോഗിക്കാവൂ.
2. പനി + ജലദോഷം
ചൂടുള്ള വെള്ളപ്പൊടിയരിക്കഞ്ഞി + പയര്‍ + ഉപ്പ്
3. പനി + മഞ്ഞപ്പിത്തം
ചൂടുള്ള ചെമ്പാ പൊടിയരിക്കഞ്ഞി + പഞ്ചസാര (കൂടാതെ കീഴാര്‍നെല്ലി സമൂലം അമ്മിക്കല്ലില്‍ അരച്ച് മോരില്‍ കലക്കി രണ്ടു നേരം കുടിക്കണം)
4. പനി + മൂത്രക്കടുപ്പ്
ചൂടുള്ള വെള്ള പൊടിയരിക്കഞ്ഞി + തേങ്ങാ ചുരണ്ടിയത് (+ തേങ്ങാ വെള്ളം)
5. പനി + വയറിളക്കം / ഛര്‍ദ്ദില്‍ (രണ്ടുംകൂടി)
വയറിളക്കം – ചൂടുള്ള ചെമ്പാ പൊടിയരിക്കഞ്ഞി + ഉപ്പ് + പഞ്ചസാര + നാര്‍ത്തങ്ങ (നാരങ്ങ ഉണക്കി മഞ്ഞളും ഉപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന അച്ചാര്‍ – ശാസ്ത്രനാമം സിറ്റ്രസ് മെഡിക്ക). കരിക്കിന് വെള്ളവും പഞ്ചസാരയും കഴിക്കാം.
ഛര്‍ദ്ദില്‍ – നാര്‍ത്തങ്ങ തിന്നാല്‍ ഛര്‍ദ്ദി ശമിക്കും. നിന്നില്ലെങ്കില്‍ തേങ്ങാവെള്ളം മലദ്വാരത്തിലുടെ (ചിരട്ടയുടെ ഒരു കണ്ണ് പൊട്ടിച്ച് അതിലൂടെ പപ്പായ തണ്ട് കടത്തി ഇനീമാ ക്യാന്‍ ഉണ്ടാക്കും. തണ്ടിന്റെ മറ്റേ മൃദുവായ അറ്റം മലദ്വാരത്തില്‍ കടത്തി ചിരട്ടയിലൂടെ തേങ്ങാവെള്ളം ഒഴിക്കും)
രോഗി കിടന്നിരുന്ന മുറി അടച്ച് സാമ്പ്രാണി കട്ട ഉപയോഗിച്ച് അര മണിക്കൂര്‍ പുകയ്ക്കും (ഫ്യൂമിഗേറ്റ് ചെയ്യും). പിന്നീട് പുക പുറത്താക്കാന്‍ ഒരു മണിക്കൂര്‍ മുറി തുറന്നിടും. പിന്നെ അസുഖമില്ലാത്തവര്‍ക്ക് പ്രവേശിക്കാം. പ്ലാവില കഴുകി സ്പൂണാക്കി കഞ്ഞികുടിക്കും. ഒറ്റപ്രാവശ്യം ഉപയോഗിച്ചുകഴിഞ്ഞാല്‍ പ്ലാവില മണ്ണില്‍ കുഴിച്ചിടും (ഹൈജീനിക് നേച്ചര്‍ റീസൈക്കിള്ട് ഡിസ്പ്പോസബിള് സ്പൂണ്‍)
ചോദ്യം: പപ്പായ തളിരില പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നോ?
ഡോ: ഇല്ല. പ്ലേറ്റ്ലെറ്റ് കൗണ്ടും ടോട്ടല്‍ കൗണ്ടും കൂടുന്നതായി അനുഭവത്തില്‍ കണ്ടു.
ചോദ്യം: മറ്റേതെങ്കിലും മരുന്നുകള്‍ പ്ലേറ്റ്ലെറ്റ് കൗണ്ടും ടോട്ടല്‍ കൗണ്ടും കൂട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
ഡോ: ഉണ്ട്. മറ്റു രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി സ്റ്റീറോയിഡ് എടുക്കുന്ന ഇഎസ്ഐ രോഗികളില്‍ പനി വരികയും ഡെങ്കി ആന്റിബോഡി പോസിറ്റീവ് ആകുകയും ചെയ്താലും പ്ലേറ്റ്ലെറ്റ് (20,000 ത്തിന്റെ) താഴെ പോകുന്നതായി കാണുന്നില്ല. മറിച്ച് സംഭവിച്ചവരുണ്ടെങ്കില് ദയവായി ഈ മൂന്നു രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ –
1. ഡോക്ടറിന്റെ സ്റ്റീറോയിഡ് അടങ്ങിയ പ്രിസ്ക്രിപ്ഷന്,
2. ഡെങ്കി ആന്റിബോഡി പോസിറ്റീവ് ആയ ലാബ് റിപ്പോര്‍ട്ട്,
3. പ്ലേറ്റ്ലെറ്റ് 20,000 ത്തിന്റെ താഴെ കാണിക്കുന്ന ലാബ് റിപ്പോര്‍ട്ട്
എനിക്ക് (ഡോ. മണി, ഇഎസ്ഐ ഹോസ്പിറ്റല്‍, പേരൂര്‍ക്കട, തിരുവനന്തപുരം) എന്ന വിലാസത്തില്‍ അയച്ചു തരാന്‍ താത്പര്യപ്പെടുന്നു.
പ്രൊബയോട്ടിക്കുകള്‍ അക്യൂട്ട് പനിമൂലം താഴ്ന്ന ടോട്ടല്‍ കൗണ്ട് ചിലരില്‍ കൂട്ടുന്നതായി കാണുന്നു. പക്ഷേ ഞാന്‍ പ്രൊബയോട്ടിക്കുകളെ ഗൗരവത്തോടെ നിരീക്ഷിച്ചിട്ടില്ല.
ഡയബറ്റീസ്, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ചും താങ്കള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കേട്ടിട്ടുണ്ട്. ഡയബറ്റീസില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്?
ഡോ:
1. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗറിന്റെ നിയന്ത്രണം വളരെ പ്രധാനമാണ്.
2. രാത്രി കഴിക്കുന്ന ആഹാരമാണ് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ കൂടാന്‍ പ്രധാന കാരണം.
3. രാത്രി ചോറു കഴിക്കുന്നവരാണ് ഇഎസ്ഐയിലെ കൂടതല്‍ രോഗികളും.
4. രാത്രി ഓട്സ് കഞ്ഞി കുടിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും നോര്‍മല്‍ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗറാണ് കാണുന്നത്.
5. ആഹാര നിയന്ത്രണം മാത്രം ചെയ്യുന്നവരെക്കാളും ദിവസവും നടക്കുന്നവരെക്കാളും ദിവസവും ഡയബറ്റീസിനുള്ള ഗുളിക മാത്രം കഴിക്കുന്നവരെക്കാളും ഇതു മൂന്നും (ഭക്ഷണ ക്രമീകരണം, ദിവസവും 30 മിനിട്ടെങ്കിലും വ്യായാമം, മെറ്റ്ഫോര്‍മിന്‍ ഗുളിക) ചെയ്യുന്നവരില്‍ ബ്ലഡ് ഷുഗര്‍ വേഗത്തില്‍ (ഏകദേശം 14 ദിവസം കൊണ്ട്) നോര്മലായിക്കാണുന്നു.
6. ഒരു ഗ്ലാസ് (200 എംഎല്) ദോശമാവ് കൊണ്ട് 2 ദോശ ചുട്ട് രാവിലെ 8 മണിക്കു കഴിച്ചിട്ട് ജോലിക്കു പോയാല്‍ ഉച്ചയ്ക്ക് 12.30 ആകുമ്പോഴേ വിശപ്പു തോന്നുന്നുള്ളൂ. അതേസമയം ഒരു ഗ്ലാസ് (200 എംഎല്) ദോശമാവ് കൊണ്ട് 3 ഇഡ്ഡലി വേവിച്ച് രാവിലെ 8 മണിക്കു കഴിച്ചിട്ട് ജോലിക്കു പോയാല്‍ രാവിലെ 10.30 നു തന്നെ വിശപ്പു തോന്നുന്നു. ഇതില്‍ നിന്നും മനസ്സിലായത് ഡയബറ്റീസ് രോഗികള്‍ക്ക് ദോശ(അരിയും ഉഴുന്നും)യാണ് ഇഡ്ഡലിയെക്കാള്‍ അഭികാമ്യം എന്നാണ്.
നോര്‍മല്‍ ബ്ലഡ് പ്രഷര്‍ എത്രയാണ്? 120/80 എന്ന് ജെഎന്‍സി ഏഴും 140/90 എന്ന് ജെഎന്‍സി എട്ടും പറയുന്നല്ലോ ? ഇതിലേതാണ് ശരി ?
ഡോ: രണ്ടും ശരിയാണ്.
എങ്ങനെ രണ്ടു വ്യത്യസ്ത സംഖ്യകള്‍ നോര്‍മലാകും?
ഡോ: 22 വയസുള്ളയാള്‍ നെഞ്ചില്‍ അസ്വസ്ഥത (ഭാരം തോന്നല്‍)യായിട്ടു വന്നു. ബിപി 150/100. മറ്റു പരിശോധനകള്‍ നോര്‍മല്‍. ബിപി 120/80 ആക്കിയപ്പോള്‍ അയാളുടെ പ്രശ്നം മാറി. ഈ 22 വയസുകാരന്റെ നോര്‍മല്‍ ബിപി 120/80. 48 വയസുള്ള ഒരു സ്ത്രീയുടെ ബിപി 160/104 (തലയ്ക്കും കഴുത്തിനും അസ്വസ്ഥത). ഇവരുടെ ബിപി 120/80 ആക്കിയപ്പോള്‍ ഇവര്‍ക്ക് ജോലി ചെയ്യാന്‍ വയ്യ (ക്ഷീണം). 140/90 ആക്കിയപ്പോള്‍ സുഖകരം. ഈ 48 വയസുകാരിയുടെ നോര്‍മല്‍ ബിപി 140/90.
പ്രായം കൂടുന്തോറും നോര്‍മല്‍ വാല്യു കൂടുമല്ലേ ?
ഡോ: മറ്റു കാരണങ്ങള്‍ നോര്മലായിരിക്കെ, രക്തക്കുഴലിന്റെ മാര്‍ദ്ദവം കുറയുന്നതനുസരിച്ച് ബിപി കൂടുതലായി തോന്നും.
ബിപി തോന്നലാണോ ?
ഡോ: വെള്ളമെഴിക്കാന് ഉപയോഗിക്കുന്ന റബര്‍ ഹോസ് കണ്ടിട്ടുണ്ടല്ലോ. ഒരു പുതിയ ഹോസ് ഒരു പൈപ്പില്‍ കണക്ട് ചെയ്ത് ടാപ്പ് പൂര്‍ണമായും തുറക്കുക. മാര്‍ദ്ദവമുള്ള റബറായതിനാല് ചെറുതായിട്ടു ഞെക്കിപ്പിടിച്ചാല്‍ ഹോസ്സിലെ ജലപ്രവാഹം നിലക്കും. ഇനി ഒരു പഴയ (ഹാര്‍ഡായ) ഹോസ് കണക്ട് ചെയ്ത് ടാപ്പ് മുഴുവന്‍ തുറക്കുക. നേരത്തെ ഞെക്കിയതിനെക്കാളും കൂടുതല്‍ പ്രഷര്‍ വേണം ജലപ്രവാഹം നിര്‍ത്താന്‍. ഈ രണ്ടു പരീക്ഷണത്തിലും ജലത്തിന്റെ പ്രഷര്‍ ഒന്നാണ്. റബര്‍ ഹാര്ഡായതാണ് രണ്ടാമത്തെ പരീക്ഷണത്തില്‍ പ്രഷര്‍ കൂടുതല്‍ വേണ്ടി വന്നത്. എന്നുവച്ചാല്‍ രക്തക്കുഴലിന്റെ മൃദുത്വം കുറയുമ്പോള്‍ രക്തയോട്ടം നിര്‍ത്താന്‍ കൂടുതല്‍ പ്രഷര്‍ ബിപി അപ്പാരറ്റ്സിനു നല്കേണ്ടിവന്നതാകാം ഒരുപക്ഷേ ജെ എന്‍സി 8 140/90 വരെ നോര്‍മല്‍ എന്നു പറയാന്‍ കാരണം. മേജര്‍ സര്‍ജറികള്‍ നടക്കുമ്പോള്‍ രക്തക്കുഴലിനകത്തെ പ്രഷറാണ് (ഇന്‍ട്രാ ആര്‍ട്ടീരിയല്‍ ബിപി) തുടര്‍ നിരീക്ഷണത്തിനു വിധേയമാകുന്നത്.
മൂത്രത്തിലെ കല്ലിനെപ്പറ്റി എന്താണ് അഭിപ്രായം?
ഡോ: ഇപ്പോള്‍ സ്കാന്‍ ചെയ്യുന്ന മിക്കവാറും രോഗികളിലും കല്ലു കണ്ടു വരുന്നു. 4 എംഎം വരെയുള്ള കല്ലുകള്‍ രോഗിയറിയാതെ പുറത്തു പോകുന്നു. 4 – 6 എംഎം വരെയുള്ള കല്ലുകള്‍ ചെറിയവേദനയോടെ പുറത്തു പോകും. 6 – 10 എംഎം വരെയുള്ള കല്ലുകള്‍ നല്ല വേദനയോടെ മാത്രമേ പുറത്തു പോകൂ. 10 – 13 എംഎം വരെയുള്ള കല്ലുകള്‍ തീവ്രമായ വേദനയോടെ പുറത്തു പോയിട്ടുണ്ട്. അതില്‍ കൂടുതല്‍ വലുപ്പമുള്ള കല്ലുകള്‍ സാധാരണ കാണാറില്ല. കല്ലുകള്‍ അലിഞ്ഞുപോകാന്‍ മരുന്നുകളുണ്ട്. അലിയാത്ത കല്ലുകള്‍ പൊടിച്ചു കളയും. പൊടിയാത്ത കല്ലുകള്‍ ശസ്ത്രക്രിയവഴി എടുത്തുമാറ്റും.
ഏതെങ്കിലും രോഗത്തിന് അലോപ്പതി ചികിത്സ മാത്രമാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടോ ?
ഡോ: ഉണ്ട്. ഡയബറ്റീസ്, ഹൈപ്പര്ടെന്ഷന്, അങ്ങനെ ഒരുപാടുണ്ട്. മറ്റു ചികത്സാരീതിയെക്കാളും പാര്‍ശ്വഫലം കുറഞ്ഞ ഫലവത്തായ നിരവധി മരുന്നുകള്‍ അലോപ്പതിക്കുണ്ട്. അനസ്തീഷ്യ അലോപ്പതിയുടെ മാത്രം പ്രത്യേകതയാണ്. ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.
നമ്മള് അറിഞ്ഞതിലും അപ്പുറത്ത് അറിയാത്തത് എത്രയോ വലുതാണെന്ന തിരിച്ചറിവാണ് മനുഷ്യന് വേണ്ടതെന്ന് ആധുനിക മനുഷ്യന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് ശരിവയ്ക്കുന്ന വിധത്തിലാണ് ഡോ സി.എച്ച്.എസ്. മണിയുടെ നിഗമനങ്ങളും.
ഡോ. മണിയുമായി പ്രശാന്ത് ആര്യ നടത്തിയ അഭിമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: