എം. വാസുദേവന്‍ നമ്പൂതിരിയെന്ന പേര് ജനങ്ങള്‍ക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാല്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്നുപറഞ്ഞാല് ചിരപരിചയത്തില് മിഴിവിടരും. നമ്പൂതിരിക്ക് 89 തികഞ്ഞുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതത്താല് കണ്ണുമിഴിയും. നമ്പൂതിരിവരകള്ക്ക് എന്നും യൗവനമാണെന്നതു വേറേ കാര്യം.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളില്‍ ഒരിക്കലെങ്കിലും കണ്ണുകള്‍ ഉടക്കാത്തവരുണ്ടാവില്ല. പൊന്നാനിയ്ക്കടുത്ത് കറുവാറ്റുമനയില് പരമേശ്വരന് നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി 1925 സപ്തംബര്‍ 13 ന് ജനിച്ചു.
ഔപചാരികമായ വിദ്യാഭ്യാസം നടത്തിയിട്ടില്ല. എന്നാല്‍ വരിക്കാശ്ശേരി മനയില്‍ നിന്നും പരമ്പരാഗതരീതിയിലുള്ള സംസ്കൃത പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിതാവ് വലിയ ഗ്രന്ഥശേഖരത്തിനു ഉടമയായിരുന്നു. വായനയിലൂടെ ലോകപരിജ്ഞാനം നേടാന്‍ ഇതിലൂടെ നമ്പൂതിരിക്ക് സാധിച്ചു. ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ വിശ്വവിഖ്യാത ചിത്രകാരന്മാരെ അടുത്തറിഞ്ഞത് വായനയിലൂടെയായിരുന്നു.
വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ ശില്പചാതുരിയിലും അദ്ദേഹം ആകൃഷ്ടനായി. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി ചിത്രകലയില്‍ കൂടുതല്‍ അവഗാഹം നേടി. പ്രശസ്ത ചിത്രകാരന്മാരായ ദേവിപ്രസാദ് റോയ് ചൗധരി, എസ്. ധനപാല്‍ എന്നിവരില്‍ നിന്നും വരയ്ക്കുവാനുള്ള കൂടുതല്‍ പ്രചോദനം നേടി. മദ്രാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ചിത്രകല അഭ്യസിച്ചു. 1960 ല്‍ രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചേര്‍ന്നു. മാതൃഭൂമിയില്‍ വരച്ച നാണിയമ്മയും ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര ശ്രദ്ധേയമായി. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികള്ക്കുവേണ്ടിയും രേഖാചിത്രങ്ങള്‍ വരച്ചു. തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, എം.ടി. വാസുദേവന്‍ നായര്‍, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, ഇടശ്ശേരി ഗോവിന്ദന് നായര്‍, വികെഎന്‍ തുടങ്ങിയവരുടെ എഴുത്തുകള്‍ക്ക് നമ്പൂതിരി എഴുതിയ ചിത്രങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തും. എംടിയുടെ രണ്ടാമൂഴത്തിന് വേണ്ടി വരച്ച രേഖാചിത്രങ്ങള്‍ നമ്പൂതിരിവരയെ ഏറെ ജനകീയമാക്കി. സൗന്ദര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്നതാണ് നമ്പൂതിരി ചിത്രങ്ങളുടെ പ്രത്യേകത. എഴുത്തും വരയും ഇഴചേര്‍ന്ന് രൂപപ്പെടുത്തിയ അഴകിന്റെ ലോകം മലയാളത്തില്‍ പുതിയൊരു ശൈലിതന്നെ രൂപപ്പെടുത്തുകയായിരുന്നു. അങ്ങനെ നമ്പൂതിരിച്ചിത്രങ്ങള്‍ എന്ന ശൈലി തന്നെ പിന്നീട് പ്രശസ്തമായി.
നമ്പൂതിരി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് തൃശൂരില്‍ ലളിതകലാ അക്കാദമിക്കുവേണ്ടി സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നത്. 2003 ലെ രാജാ രവിവര്‍മ പുരസ്കാരം ലഭിച്ചതും ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കായിരുന്നു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
തപസ്യ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ലോഗോ തയ്യാറാക്കിയത് നമ്പൂതിരിയാണ്. ഭാരത സാംസ്കാരികതയുടെ സമഗ്രചിത്രം ആ വരയില്‍ ഉള്ളൊതുക്കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമായ പ്രത്യേകതയാണ്.
വരകൊണ്ട് വാക്കുകളെ കടന്നു നില്ക്കുന്ന നമ്പൂതിരിയെ വാക്കുകള്‍ കൊണ്ടു വരയ്ക്കാന്‍ എത്ര വിഷമമെന്നോ… തന്റെ രൂപത്തിലെ പൊക്കക്കുറവിനെ വരകളിലെ കഥാപാത്രങ്ങളുടെ പൊക്കം കൊണ്ട് താന്‍ അതിജീവിക്കുന്നുവെന്ന് നമ്പൂതിരി പറഞ്ഞിട്ടുണ്ട്. പക്ഷേ വാക്കിനും വരയ്ക്കും മേലേ വളര്‍ന്നു നില്ക്കുന്ന നമ്പൂതിരിക്ക് എണ്‍പത്തൊമ്പതിന്റെ നിറവില്‍ ജന്മഭൂമിയുടെ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: