തുടര്‍ച്ചയായി 123.15 മണിക്കൂര്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കിയ കലാകാരിയാണ് കലാമണ്ഡലം ഹേമലത. ഗിന്നസ് റെക്കോഡ് നേടിയ ഹേമലത തൃശൂര്‍ ആസ്ഥാനമായുള്ള ദേവീ കലാമണ്ഡലം ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറാണ്.
നൃത്തപഠനം ആരോഗ്യസംരക്ഷണത്തിനും കൂടിയാണെന്നു വിശ്വസിക്കുന്ന കലാകാരിയാണ് ഹേമലത. ഇതിനായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 2012-ല്‍ ഹെല്‍ത്ത് അവയര്‍നസ് റേസും നടത്തി. തുടര്‍ച്ചയായി ഒരുമാസം നീണ്ടുനിന്ന ആരോഗ്യ ബോധവത്കരണ ഓട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാലയങ്ങളില്‍ എത്തി വ്യായാമത്തിലൂടെ ആരോഗ്യം എന്ന സന്ദേശം നല്കി. ഇതും ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു. നൃത്തം എന്ന കല അപ്രാപ്യമായവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദിവാസി കോളനികളിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ ആരോഗ്യ, നൃത്ത പഠന ക്ലാസുകള്‍ നടത്തി. തൃശൂര്‍ കേന്ദ്രമായാണ് പഠനക്ലാസ് നടത്തിയത്. മോഹിനയാട്ട, നൃത്ത, ആരോഗ്യപഠനക്ലാസില് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കിയിരുന്നു. ആദിവാസി മേഖലയായ അട്ടപ്പാടി, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ കുട്ടികളെയാണ് നൃത്ത ആരോഗ്യ പഠനക്ലാസില്‍ പങ്കെടുപ്പിച്ചത്. കൂടാതെ വീട്ടമ്മമാര്‍ക്കുള്ള നൃത്തപരിപാടി നടത്തിയതിനോടൊപ്പം റാഗിംഗ്, തീവ്രവാദം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ നൃത്ത ശില്പശാലകളും ഹേമലതയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അട്ടപ്പാടി ഡുണ്ടൂര് ആദിവാസി കോളനിയില്‍ 25-ല്‍ അധികം കുട്ടികള്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. ആദിവാസി മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണത്തിനും തീവ്രവാദം ഉള്‍പ്പെടെയുള്ള കടന്നുകയറ്റങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ഭാരതത്തിലെ പ്രമുഖ സാംസ്കാരിക രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഠന ക്ലാസുകളും എടുത്തിട്ടുണ്ട്.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: