സ്ത്രീകള്‍ക്ക് അപ്രാപ്യമെന്നു കരുതുന്ന മേഖലകളില്‍ സ്വന്തം പരിശ്രമം കൊണ്ട് നൂറുമേനി വിജയം കൊയ്തെടുത്ത വീട്ടമ്മയാണ് സുനിത. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളികള്‍ക്കുള്ള ശ്രമശക്തി പുരസ്ക്കാരം ഈ വര്‍ഷം സുനിതയെ തേടിയെത്തിയത്. കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനുമുള്ള പ്രാവീണ്യമാണ് സുനിതയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
കൃഷി ജീവശ്വാസം പോലെയാണ് ഈ വീട്ടമ്മയ്ക്ക്. വരാക്കര പാടശേഖരം, പൊന്നിപ്പാടം എന്നിവിടങ്ങളിലായി പത്തേക്കര്‍ സ്ഥലത്ത് നെല്‍കൃഷി. പച്ചക്കറികള്‍, വാഴകള്‍. സ്വന്തം പഞ്ചായത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി… അങ്ങനെ നീളുന്നു സുനിതയുടെ കൃഷി വിശേഷങ്ങള്‍. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സ് ലഭിച്ച ഗ്രാമപഞ്ചായത്തിലെ ഏക വനിത കൂടിയാണ് സുനിത. മണ്ണുത്തിയിലെ മണ്ണു പരിശോധന കേന്ദ്രത്തില്‍ നിന്നാണ് ട്രാക്ടര്‍ ഓടിക്കുന്നതില്‍ പരിശീലനം നേടിയതും ലൈസന്‍സ് സ്വന്തമാക്കിയതും. വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വന്നതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ചില ഘട്ടങ്ങളില്‍ തെങ്ങുകയറ്റത്തിനും സുനിത പോകാറുണ്ട്.
കാര്‍ഷിക യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ വിദഗ്ധയാണ് സുനിത. സുനിതയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുണയായി പാരിജാതം ഹരിത സേനയുമുണ്ട്. ഹരിത സേനയില്‍ സുനിതയടക്കം പത്ത് അംഗങ്ങളാണുള്ളത്.
ത്രിതല പഞ്ചായത്തുകളും കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായവും സഹകരണുമാണ് തന്നെ അവാര്‍ഡിന് അര്ഹയാക്കിയതെന്നാണ് സുനിതയുടെ പക്ഷം. കൂട്ടായ പരിശ്രമംകൊണ്ടു മാത്രമേ ഏതൊരു കാര്യവും സാധ്യമാകൂ എന്നു വിശ്വസിക്കാനാണ് കര്‍ഷകയായ ഈ വീട്ടമ്മയ്ക്ക് ആഗ്രഹം. തൃശൂര്‍ ജില്ലയിലെ അതുഗപ്പനഗര് ഗ്രാമപ്പഞ്ചായത്തിലെ മണ്ണംപേട്ട സ്വദേശി ചാന്ദ്ര വീട്ടില്‍ ഷാജുവിന്റെ ഭാര്യയാണ് സുനിത. വിദ്യാര്‍ത്ഥികളായ വിനായക്, ഐശ്വര്യ, അശ്വതി എന്നിവര്‍ മക്കളാണ്.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: