ആരോഗ്യരംഗത്ത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വതയാണ് സിസ്റ്റര്‍ ഗ്ലഫീറക്കുള്ളത്. അര നൂറ്റാണ്ടിലധികം ആശുപത്രി സേവനമനുഷ്ഠിക്കുക, അതും ഓപ്പറേഷന് തിയ്യറ്ററില്‍. മനുഷ്യശരീരം കീറി മുറിച്ചിടുമ്പോള്‍ മനസു പതറാതെ ഡോക്ടര്‍മാര്‍ക്കൊപ്പം നിഴലായി നിന്ന് സേവന സന്നദ്ധതയുടെ മഹനീയത കാത്ത് സുക്ഷിച്ച സിസ്റ്റര്‍ ഗ്ലഫീറ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ അഭിമാനിക്കാനുണ്ട് ഏറെ. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒരു ദിവസം പോലും അവധിയെടുക്കാതെയാണ് ശസ്ത്രക്രിയകള്‍ക്ക് സര്ജന്മാരുടെ കൂടെ സിസ്റ്റര്‍ നിഴലായി നിന്നത്.
പഴുവില്‍ തേര്‍മഠം ഔസേപ്പ്-ഏല്യക്കുട്ടി ദമ്പതികളുടെ മകളായ സിസ്റ്റര്‍ 20-ാം വയസ്സിലാണ് കര്‍മ്മല സഭാംഗമായി ബിഷപ്പ് ഡോ.ജോര്‍ജ്ജ് ആലപ്പാട്ടില്‍ നിന്ന് സഭാവസ്ത്രം സ്വീകരിച്ചത്. ജൂബിലി മിഷനിലെ ആദ്യ ബാച്ചിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായി പഠനമാരംഭിച്ച സിസ്റ്റര്‍ അമ്പതുവര്‍ഷം അവിടെതന്നെ സേവനമനുഷ്ഠിച്ചു. ശസ്ത്രക്രിയ വിദഗ്ധരായ ഡോ.ഏഡന്‍വാല, ദേശായി, മിസ്ട്രി എന്നിവരോടൊപ്പം ദിവസവും പത്തും പന്ത്രണ്ടു മണിക്കൂര്‍ തീയറ്ററില്‍ നില്ക്കുമായിരുന്നു. ഇതൊടൊപ്പം തീപൊള്ളല് വിഭാഗത്തില്‍ തീവ്ര വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനും സിസ്റ്റര്‍ സമയം കണ്ടെത്തി.
സിലബസ്സിനപ്പുറമുള്ള നേഴ്സിംഗ് മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും-നേഴ്സുമാര്‍ക്കും സ്വന്തം ജീവിതത്തിലൂടെ സിസ്റ്റര്‍ പഠിപ്പിച്ചു. ”ബിരുദങ്ങള്കൊണ്ടുമാത്രം ഒരാള്‍ ഡോക്ടറോ, നേഴ്സോ ആകുന്നില്ല. ആഭിമുഖ്യവും സമര്‍പ്പണമനോഭാവവും പരിചരണത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ദൈവം നേരിട്ട് ഏല്‍പ്പിക്കുന്ന ജോലിയാണ് രോഗീപരിചരണം. ഡോക്ടറുടെ സാന്നിധ്യവും നേഴ്സിന്റെ പരിചരണവും രോഗികള്‍ക്ക് ദൈവസാന്നിധ്യമാണ്”. സിസ്റ്റര്‍ പറയുന്നു. രോഗികളെ പരിചരിച്ച് അവര്‍ക്ക് പ്രതീക്ഷ നല്കുമ്പോള് അവരില്‍ നിന്നും ലഭിക്കുന്ന ചെറുപുഞ്ചിരിയും നല്ല വാക്കുകളും സിസ്റ്ററിന് വലിയ പ്രോത്സാഹനമായിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ചേമ്പര്‍ ഓഫ് കോമേഴ്സ് തുടങ്ങിയ സംഘടനകള്‍ അവാര്‍ഡുകള്‍ നല്കി സിസ്റ്ററെ ആദരിച്ചിട്ടുണ്ടെങ്കിലും, ഈ നന്മമനസ്സ് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നത് ആ ചെറുപുഞ്ചിരിയാണ്. ഔദ്യോഗികമായി 65-ാംവയസ്സില്‍ വിരമിക്കാമെങ്കിലും ഏഴരപതീറ്റാണ്ടുകാലം രോഗീപരിചരണത്തിനായി സമര്‍പ്പിച്ച സിസ്റ്റര്‍ ഗ്ലഫീറ തന്റെ സേവനം ഇവിടെ അവസാനിപ്പിക്കുന്നില്ല.. ഒല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡി.പോള്‍ ആശുപത്രിയില്‍ രോഗീപരിചരണം തുടരും…
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: