റിയാലിറ്റി ഷോകളില്കൂടി ശ്രദ്ധേയനായ ഗായകനും സംഗീത സംവിധായകനുമായ രഞ്ചിന് ജന്മഭൂമിയുടെ കനകലാലിനോടു സംസാരിക്കുന്നു…..
കെ. പി. ഉദയഭാനു, കെ.പി.കേശവമേനോന് തുടങ്ങിയ പ്രതിഭകള്‍ക്ക് ജന്മം നല്കിയ പാലക്കാട് രാജവംശത്തിലെ ഇളമുറക്കാരനായ ഗയകന്‍ രഞ്ചിന്‍രാജ് വര്‍മ്മ… അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുസ്തക താളുകളില്‍ നിറയെ കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളെഴുതി, പുറം പേജില്‍ രചന സംഗീതം ആലാപനം രഞ്ചിന്‍രാജ് വര്‍മ്മ എന്ന് സ്വയം എഴുതിവച്ച് ഗമയില്‍ അങ്ങനെ നടന്നിരുന്ന ബാല്യം… നന്നെ ചെറുപ്പത്തില്‍ പാട്ടുകളെ കുറിച്ച് മാത്രമാണ് അമ്മ അയാളോട് സംസാരിച്ചത്. ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ ആരും നിര്‍ബന്ധിച്ചിരുന്നില്ലെന്ന് രഞ്ചിന് ഓര്‍ക്കുന്നു. വലുതാകുമ്പോള്‍ നല്ലൊരു പാട്ടുകാരനാവണം എന്ന് മാത്രമാണ് അമ്മ ആഗ്രഹിച്ചിരുന്നത്.
തീരുമാനം തെറ്റിയില്ല എന്ന് രഞ്ചിന് തെളിയിച്ചു. 2007ല്‍ മലയാളികള്‍ മുഴുവന്‍ നെഞ്ചിലേറ്റിയ ടിവി റിയാലിറ്റിഷോയായ സ്റ്റാര്‍ സിംഗറിലൂടെ സംഗീത ലോകത്തേക്ക് ചുവടു വെച്ച ഈ ചെറുപ്പക്കാരനെ ഇന്ന് ജനം തിരിച്ചറിയുന്നത് ചലച്ചിത്ര പിന്നണി ഗയകന്‍ എന്ന പേരിലാണ്. കുന്താപുര എന്ന സിനിമയിലെ ‘കണ്മണിയെ നിന് കണ്കള്’ എന്ന ഗാനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് ഏറ്റു പാടി. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 20ഓളം സിനിമകളില്‍ പാടികഴിഞ്ഞു. നൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നല്കി. അനേകം പരസ്യങ്ങള്‍ക്കുവേണ്ടി ജിംഗിളുകള്‍ തയ്യാറാക്കി, നിറയെ ആല്‍ബങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. കളര്‍ ഇന്‍ ബംഗളൂരു എന്ന കന്നട ചിത്രത്തിന് വേണ്ടി പാടിയ രണ്ട് ഗാനങ്ങളും വമ്പന്‍ ഹിറ്റ്. നാല് ലക്ഷത്തിന് മുകളില്‍ സിഡികളാണ് വിറ്റുപോയത്… ഇതൊക്കെ തന്നെയാണ് രഞ്ചിനെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നത്. പിന്നെ സെല്‍ഫ് റെസ്പെക്ടും, സംഗീതം ഇനിയും പഠിക്കണം എന്ന ത്വരയും.
സ്കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മുഖമായിരുന്നു രഞ്ചിന്റേത്. കലാപ്രതിഭ, സര്‍ഗ്ഗ പ്രതിഭ പട്ടങ്ങള്‍ നിരവധി തവണ സ്വന്തമാക്കി. മൂന്ന് വയസ്സില്‍ സംഗീതം പഠിപ്പിച്ച് തുടങ്ങിയ പാലക്കാട് ദിവാകരന് മാഷ് തന്നെയാണ് ഇന്നും രഞ്ചിന്റെ പ്രധാന ഗുരു. റിയാലിറ്റി ഷോയാണ് രഞ്ചിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വര്‍ഷങ്ങളോളം പാട്ട് പാടി നേടിയെടുക്കുന്നതിനേക്കാള്‍ പ്രശസ്തി ആറു മാസം കൊണ്ട് നേടാന്‍ കഴിഞ്ഞു. പല പ്രധാന ചാനലുകളിലും രഞ്ചിന് പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ഒരു സംഗീതജ്ഞനായിട്ട് അറിയപ്പെടാന്‍ തന്നെയാണ് രഞ്ചിന് ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ടിവി പരിപാടികള്‍ പ്രശസ്തി നേടി തരുന്നുണ്ടെങ്കിലും ഗായകന് എന്നതിലുപരി ടിവി അവതാരകന് എന്ന നിലയില്‍ തളച്ചിടപ്പെടാം.
റിയാലിറ്റി ഷോയുടെ അതിപ്രസരം കാരണം സിനിമാ ഗാന രംഗത്ത് ഗയകര്ക്ക് തീരെ പ്രാധാന്യം ഇല്ലാതായിരിക്കുന്നു എന്ന് രഞ്ചിന്റെ അഭിപ്രായം. ഓരോ സീസണിലും നിരവധി ഗായകരാണ് രംഗത്തേക്ക് വരുന്നത്. പക്ഷെ ആരും സംഗീതത്തെ സീരിയസ് ആയി കാണാതെ തത്കാലം കിട്ടിയ പ്രശസ്തി മുതലാക്കാന്‍ മാത്രം ശ്രമിക്കുകയും ഒന്നോ രണ്ടോ പാട്ടുകള്‍ പാടി രംഗം ഒഴിയുകയും ചെയ്യുന്നു. ശാസ്ത്രീയമായി പഠിച്ച് നല്ല സംഗീത കച്ചേരികള്‍ നടത്താന്‍ പ്രാപ്തരായി ആരും വരുന്നില്ല. സ്റ്റേജ് ഷോകളും മറ്റും ചെയ്ത് പണമുണ്ടാക്കാന്‍ മാത്രമാണ് എല്ലാവരും ശ്രമിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്ന് വന്ന ഗായകരില്‍ രഞ്ചിന്‍രാജ് വര്‍മ്മ, നജീം അര്‍ഷാദ്, ഗായത്രി വര്‍മ്മ തുടങ്ങി നാലോ അഞ്ചോ പേര് മാത്രമാണ് ഇന്ന് സംഗീതത്തെ സീരിയസായി കണ്ട് രംഗത്തുള്ളൂ എന്നതാണ് വസ്തുത.
2010ല്‍ സാന്റല്‍ വുഡ് ഗുരു എന്ന കന്നട സിനിമയിലാണ് രഞ്ചിന് ആദ്യമായിട്ട് പാടുന്നത്. അന്തെന്തുനോദ്ധിത.. എന്ന ഗാനം. ജയിംസ് ആര്‍ക്കിടെക്ട് എന്ന സംഗീത സംവിധായകന് രഞ്ചിന്റെ ശബ്ദമാധുര്യം പൂര്‍ണ്ണമായും ഈ ഗാനത്തിന് വേണ്ടി ഉപയോഗിച്ചു. അക്കാലത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു അത്.
സുന്ദരകല്ല്യാണം എന്ന മലയാള ചിത്രത്തില്‍ പാടിയിട്ടുണ്ടെങ്കിലും കുന്താപുരയിലൂടെയാണ് ശ്രദ്ധേയമായ ഗാനം രഞ്ചിനെ തേടിയെത്തിയത്. 2014ലേക്ക് കടന്നപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് രഞ്ചിന് കിട്ടിയിരിക്കുന്നത്. ഗോപീ സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിലെ ഗാനം, രഞ്ചിന്‍രാജ് വര്‍മ്മയും ഗോപീ സുന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്, ബോബന് സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്. ജാസിഗിഫ്റ്റിന്റെ സംഗീത സംവിധാനത്തില്‍ മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിലും ഇതിനോടകം പാടിക്കഴിഞ്ഞു. ഈ രണ്ട് ഗാനങ്ങളും രഞ്ചിന് വളരെയെറെ പ്രതീക്ഷനല്‍കുന്നു.
ഈ വര്‍ഷം സിനിമാ സംഗീത സംവിധാന രംഗത്തേക്കും ചുവടുവക്കുകയാണ് രഞ്ചിന്‍രാജ് വര്‍മ്മ. ഓണ്‍ ഫെയ്സ് ബുക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സംഗിതം നല്‍കുന്നത്. രണ്ട് ഗാനങ്ങളുണ്ട് ചിത്രത്തില്‍. സൗത്തിന്ത്യയിലെ അറിയപ്പെടുന്ന ഗായകരായിരിക്കും പാടുന്നത്. പിന്നെ വാലന്റയന്‍സ് ഡേയ്ക്ക് രഞ്ചിന് സംഗീതം നല്കി ശ്രീകാന്ത് ശശികാന്ത് പാടിയ ഗാനം യൂട്യൂബില്‍ തരംഗമായി. ചലച്ചിത്രഗാന ശാഖക്ക് നല്ല സംഗീത സംവിധായകരുടെ കുറവ് ഇന്നുണ്ടെങ്കുലും ഗായകനില്‍ നിന്നും പൂര്‍ണ്ണമായി സംഗീത സംവിധായകനിലേക്ക് മാറാനില്ലെന്നും രഞ്ചിന്. സംഗീത സംവിധാന രംഗത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും. എണ്‍പതുകളെ തന്റെ പാട്ടുകളിലൂടെ തിരികെ കൊണ്ടുവരും. പിന്നെ ഗായകനായതുകൊണ്ട് മനസ്സിലുള്ള സംഗീതം പാടികേള്പ്പികാനും കഴിയും എന്ന് രഞ്ചിന് പറയുന്നു.
എണ്‍പതുകളിലെ ഗാനങ്ങളാണ് ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നത്. ആ സുവര്‍ണകാലം തിരികെ കൊണ്ടുവരാന്‍ കഴിവുള്ള വളരെകുറച്ച് സംഗീത സംവിധായകരെ ഇന്ന് മലയാളത്തിലുള്ളു. സംഗീത സംവിധായകരില്‍ ഏറെ സ്വാധീനിച്ചത് രവീന്ദ്രന്മാഷിനെയാണ്. ഇന്നത്തെ ഓര്‍ക്കസ്ട്രേഷനും രവീന്ദ്രസംഗീതവും കൂടി സമന്വയിപ്പിച്ചാല്‍ അനശ്വരഗാനങ്ങള്‍ക്ക് ഇനിയും ജന്മം നല്‍കാനാകും എന്നും രഞ്ചിന് കരുതുന്നു.
കഴിഞ്ഞ മുന്നു വര്‍ഷമായി കൊച്ചിയിലാണ് രഞ്ചിന് താമസിക്കുന്നത്. കൊച്ചിയാണ് ഇന്ന് മലയാള സിനിമയുടെ കോടമ്പാക്കം എന്നതു തന്നെ കാരണം. അതുമല്ല ഒരു സംഗീത സംവിധായകനോ ഗായകനോ വളരാനുള്ള എല്ലാ സാഹചര്യവും കൊച്ചിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2013 ഓഗസ്റ്റില്‍ ശില്പ (താര) രഞ്ചിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന കുടുംബമാണ് ശില്പയുടേത്. അതുകൊണ്ടുതന്നെ നല്ല പിന്തുണ ഭാര്യയില്‍ നിന്നും കിട്ടുന്നുണ്ട്. സിനിമാ ലോകവുമായും ശില്പയുടെ കുടുംബത്തിന് ബന്ധമുണ്ട്. ആഗ്നേയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു ശില്പയുടെ അമ്മാവന് സുധീര്‍കുമാര്‍. രഞ്ചിന്റെ അച്ഛന് രാജേണ്ടനും അമ്മ സുപ്രിയാ രാജേന്ദ്രനും പാലക്കാടാണ്.
“ഞ്ഞാന്‍ സംഗീതത്തെ സ്നേഹിക്കുന്നു എനിക്ക് വേണ്ടതെല്ലാം സംഗീതം നല്കുന്നു… സംഗീതമില്ലെങ്കില്‍ ഞാനില്ല,” എന്നാണ് രഞ്ചിന്റെ വാക്കുകള്‍. ആ വാക്കുകള്‍ അന്വര്‍ത്ഥമാകണമെങ്കില്‍ രഞ്ചിന്‍രാജ് വര്‍മ്മ എന്ന പ്രതിഭയുടെ ഒരു കൂടുമാറ്റം ആവശ്വമാണ്. അത് ടിവി അവതാരകനില്‍ നിന്നും തികച്ചും സംഗീതത്തിന്റെ ലോകത്തിലേക്കുള്ള കൂടുമാറ്റമാണ്. അത് പാട്ടിലായാലും സംഗീത സംവിധാനത്തിലായാലും രഞ്ചിന്‍രാജ് വര്‍മ്മ എന്ന സംഗീതജ്ഞനെയാണ് ആരാധകര്ക്കാവശ്യം. പാലക്കാട് രാജവംശത്തിലെ ഇളമുറക്കാരനിലൂടെ ക്ലാസിക്കുകള്ക്കായി നമുക്ക് കാതോര്‍ക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: