കൊച്ചി: സമകാലീന സിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയം നേടിയ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കളക്ഷന്റെ കാര്യത്തില്‍ അപൂര്‍വ്വ നേട്ടത്തിലേക്ക്. 50 കോടി രൂപയുടെ കളക്ഷനാണ് ദൃശൃം കേരളത്തില്‍ ഇതുവരെ നേടിയത്. ഇതൊരു സര്‍വ്വകാല റെക്കോഡാണ്.
മുമ്പ് മലയാളത്തില്‍ കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തിയ ചിത്രം പഴശ്ശിരാജയായിരുന്നു. 40 കോടിയാണ് പഴശ്ശിരാജ തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഈ റെക്കോഡാണ് ദൃശൃത്തിനു മുന്നില്‍ പഴങ്കഥയാവുന്നത്. 5.5 കോടി രൂപക്ക് നിര്‍മ്മാണം പൂര്‍ത്തിയായ ദൃശൃത്തിന് 5 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് കിട്ടിയിരുന്നു.
എറണാകുളത്തു നിന്നു മാത്രം ദൃശൃം നേടിയത് 2 കോടി രൂപയാണത്രെ. ലുലുമാളിലെ പിവിആര്‍ സിനിമയില്‍ നിന്നുള്ള ഷെയര്‍ 60 ലക്ഷം രൂപയാണ്. കവിതാ തിയറ്ററില്‍ നിന്നുള്ളത് 55 ലക്ഷവും. ഓവര്‍സീസ് വീഡിയോ റൈറ്റുകളും കിട്ടിയതോടെ റിലീസിങ്ങിന് മുമ്പേ ലാഭമായ ഈ താര ചിത്രത്തിന്റെ മറുഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. കമലഹാസന് നായകനാവുന്ന തമിഴ് പതിപ്പിന്റെ സംവിധാനവും മലയാളിയായ ജിത്തു ജോസഫ് തന്നെയാണ് നിര്‍വഹിക്കുന്നത്.
ദൃശൃത്തിന്റെ വിജയാഘോഷവും അണിയറപ്രവര്‍ത്തകരുടെ ഒത്തുചേരലും കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ നടന്നു. പ്രമുഖ സംവിധായകരായ ജോഷി, സിബി മലയില്‍, സത്യന് അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ദൃശൃത്തിന്റെ പിന്നണി പ്രവര്‍ത്തകരേയും ചിത്രം പ്രദര്‍ശിപ്പിച്ച തിയറ്ററുടമകളെയും ആദരിച്ചു. മോഹന്‍ലാലും മീനയുമടക്കമുള്ള താരനിരയും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: