ന്യൂദല്‍ഹി: വികസിത പാശ്ചാത്യരാജ്യങ്ങള്‍ക്ക് സമാനമായി കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം പൊളിച്ചെഴുതുന്നു. കുട്ടിയെ തല്ലുകയോ വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ മാതാപിതാക്കള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പോലും പരമാവധി അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്നതരത്തിലാണ് 2000ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം പരിഷ്ക്കരിക്കുന്നത്. ബില്‍ പാസാകുന്നതോടെ കുട്ടികള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ക്രിമിനല്‍ കേസായി പരിഗണിക്കുന്ന ലോകത്തെ നാല്‍പ്പതോളം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഭാരതവും ഉള്‍പ്പെടും.
വിദ്യാര്‍ത്ഥികളിലെ റാഗിംഗ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ് പുതിയ നിയമം. കുട്ടികളെ മദ്യം,മയക്കുമരുന്ന് എന്നിവ കടത്തുന്നതിന് ഉപയോഗിക്കുന്നത് ഏഴു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായും കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ജുവനൈല്‍ ജസ്റ്റിസ് ബില്‍ 2014ന്റെ ഡ്രാഫ്റ്റില്‍ പറയുന്നു. വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി നല്കിയ ബില്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി അറിയിച്ചു.
വിദ്യാലയങ്ങളിലും വീടുകളിലും മറ്റിടങ്ങളിലും കുട്ടികളെ ശിക്ഷിക്കുകയോ വാക്കുകള്‍കൊണ്ട് നിന്ദിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരികമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കാന്‍ പുതിയ നിയമം അധികാരം നല്കുന്നു. ആദ്യപരാതിയാണെങ്കില് ആറുമാസം ശിക്ഷയും പിഴയും ഈടാക്കും. നിരന്തരം കുട്ടികള്‍ക്കെതിരായ ശിക്ഷ ആവര്‍ത്തിച്ചതായി തെളിയുന്ന കേസുകളില്‍ മൂന്ന് വര്‍ഷവും അമ്പതിനായിരം രൂപ പിഴയും ഈടാക്കും. കൂടുതല്‍ ഗുരുതരമായ കേസുകളില്‍ ശിക്ഷ അഞ്ചുവര്‍ഷമായോ ഒരു ലക്ഷം രൂപ പിഴയായോ രണ്ടുംവീതമോ അനുഭവിക്കണം, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ഡ്രാഫ്റ്റില്‍ പറയുന്നു.
റാഗിംഗ് കേസുകളില്‍ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാഗിംഗിന് നേതൃത്വം നല്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മാനേജ്മെന്റും പുതിയ നിയമത്തിന്റെ പരിധിയില്‍ തുല്യകുറ്റം ചുമത്തപ്പെടും. റാഗിംഗ് നടന്ന സ്ഥാപനത്തിലെ മേധാവി അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഈടാക്കുമെന്നും നിയമത്തില്‍ പറയുന്നു.
മദ്യം,മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പനയ്ക്കോ വിതരണത്തിനോ കുട്ടികളെ ഉപയോഗിച്ചാല്‍ ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുക, അനധികൃതമായ ദത്തെടുക്കുക, കുട്ടികളെ കൈമാറ്റം ചെയ്യുക എന്നിവയെല്ലാം കുറഞ്ഞത് എഴുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന്റെ പട്ടികയിലുണ്ട്. കേന്ദ്ര ദത്തെടുക്കല്‍ സഹായ അതോറിറ്റി(സിഎആര്‍എ)ക്ക് കൂടുതല്‍ സ്വയംഭരണാധികാരം പുതിയ നിയമം നല്കുന്നു. തക്കാളിയും ഉരുളക്കിഴങ്ങും വില്‍ക്കുന്ന ചന്തപോലെ രാജ്യത്ത് കുട്ടികളെ വില്‍ക്കുന്നുണ്ടെന്ന ദല്‍ഹി കോടതി ജഡ്ജ് കാമിനി ലായുടെ പരാമര്‍ശത്തിനു പിന്നാലെയാണ് അതിശക്തമായ പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ടിയാണ് ശിക്ഷ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിളും കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളിലും കുട്ടിയുടെ ഭാഗം കേള്‍ക്കാനും അതിനു പ്രധാന്യം നല്‍കാനും നിയമം നിഷ്കര്‍ഷിക്കുന്നു.
പതിനെട്ട് വയസ്സില്‍ താഴെയും 16 വയസ്സിനു മുകളിലുമുള്ള കുട്ടികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ ജുവനൈല്‍ കോടതി കേസ് പരിഗണിച്ച് കുറ്റകൃത്യത്തേപ്പറ്റി കുട്ടി ബോധവാനാണോ ശിക്ഷാര്‍ഹനാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണം. ശിക്ഷാര്‍ഹനാണെങ്കില്‍ സാധാരണ ക്രിമിനല്‍ കോടതിയിലേക്ക് വിചാരണയ്ക്കായി അയക്കണം. എന്നാല്‍ ഇത്തരം കുട്ടികള്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ നല്കാന് ക്രിമിനല്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും ഡ്രാഫ്റ്റ് ബില്ലില്‍ പറയുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: