ഇരുള് മൂടിയ ആകാശത്തിന് കീഴെ നീല ടര്പ്പായക്ക് താഴെയായി സഭകയ്യേറിയ മതികെട്ടാനിലെ കുരിശുകള്പോലെ മനുഷ്യര്‍ ബോധം കെട്ടുറങ്ങുന്നു. ചുറ്റുമുള്ള ഒഴിഞ്ഞ കുപ്പികളില്‍ യവന യൂറോപ്യന്‍ രാജക്കന്മാര് സ്ഥാനം പിടിച്ചിട്ടുണ്ട്. സീസറും നെപ്പോളിയനും അങ്ങനെ…
നിശബ്ദതയെ കൊത്തിക്കീറി കിളികളുടെ കിന്നാരം. ഇരുട്ടിനെ ഞെട്ടിച്ച് ഉമ്മറത്തെ അറുപത് വാട്സ് ബള്‍ബ് തെളിഞ്ഞു.
കണ്ണുകള്‍ തിരുമ്മി വാതില്‍തുറന്ന് ഒരു അറുപത്തഞ്ചുകാരന് പുറത്തേക്ക്. ശങ്കരേട്ടന്.
ഹാ.. ആരും എഴുന്നേറ്റ് പോയില്ലേ?
ശങ്കരേട്ടന് ഉച്ചത്തില്‍
എടേ എഴുന്നേല്‍ക്ക്, പോയി കുളിച്ചേച്ചു വാ…
എട്ടിന് പോണ്ടതാ.
മനസ്സില്ലാമനസ്സോടെ ഒരു മൂലക്കല് ദാസനെഴുന്നേറ്റിരുന്നു.
ശങ്കരേട്ടാ സമയം എന്തായി
മണി അഞ്ച്
ചുറ്റിനും കിടക്കുന്നവരെ നോക്കി. ദാസന്
ഇവരൊന്നും പോയില്ലേ? ചെക്കനെവിടെ എഴുന്നേറ്റോ?
ദാസന് ആത്മഗതം പോലെ
ഇന്നലെ അല്പം കൂടി… കുഴപ്പമില്ല. ഇനി മൂന്നാലഞ്ച് ദിവസം നല്ലനടപ്പല്ലേ?
ഉച്ചത്തില്‍ ദാസന് വിളിച്ചു.
എടാ അഭിനവ്.
പവര്‍ക്കട്ട് കഴിഞ്ഞ് കറന്റ് വന്നപോലെ വീട്ടിലെ എല്ലാവരും ചലിച്ച് തുടങ്ങി.
ചുവന്ന് കലങ്ങിയ കണ്ണുകളുമായി അഭിനവും പന്തലിലേക്കെത്തി.
ശങ്കരേട്ടന്റെ ഇഡ്ഡലിയില്‍ ദിവസം തുടങ്ങാം എന്ന് നിശ്ചയിച്ചവര്‍ വെളിച്ചം വീഴാന്‍ കാക്കാതെ എത്തിത്തുടങ്ങി. അങ്ങനെ വരന്റെ ഗൃഹം സജീവമായി.
കുളിച്ചെത്തിയ അഭിനവിനെ കുട്ടുകാര്‍ വരന്റെ വസ്ത്രം ഉടുപ്പിക്കുന്നതിന്റെ തിരക്കിലാണ്. മൊബൈയില്‍ ചാഞ്ഞും ചെരിഞ്ഞും ഫോട്ടോയെടുക്കുന്നു.
അവന്റെ കണ്ണുകളില്‍ പുതുജീവിതത്തിന്റെ സന്തോഷം. ചുണ്ടുകള്‍ നിശബ്ദമായി അവനോട് തന്നെ പറഞ്ഞു.
ഞാന്‍ കണ്ടിട്ടില്ല… കണ്ടിട്ടുണ്ട് നവവധുമാരെ ധാരാളം. പക്ഷെ അവളെ ഞാന്‍ കണ്ടിട്ടില്ല.
യുവത്വത്തിന്റെ തിരക്കില്‍ പാഞ്ഞ ജീവിതത്തില്‍ ഇങ്ങനെ ഒരു ദിവസം ഉണ്ടായിരുന്നില്ലല്ലോ അന്നു വരെ.
ഇവിടെ താനൊരുങ്ങുമ്പോള് അവിടെ അവളും ഒരുങ്ങുകയായിരിക്കും സര്വാഭരണങ്ങളോടെ കല്യാണച്ചേലയില്… തന്റെ കഴുത്തില്‍ ഹാരമണിയിക്കാനുള്ളവള്.
അവള് എങ്ങനെയാണെന്ന് അറിയില്ല. കണ്ടവരോട് ചോദിക്കാനും കഴിഞ്ഞില്ല.
എങ്കിലും എല്ലാത്തിനും ഒരു സങ്കല്പമുണ്ടല്ലോ?
അവളിന്ന് ചുവന്ന വസ്ത്രമായിരിക്കും ധരിക്കുക. രക്തത്തിന്റെ ചുവപ്പുള്ള വസ്ത്രം. ഈ ദിവസം ധരിക്കാന്‍ എറ്റവും നല്ലനിറം അതുതന്നെയാണ്.
അവളുടെ കണ്ണുകളിലെ വശ്യത തന്റെ പ്രണയം തേടുന്നുണ്ടാകും. അധരങ്ങള്‍ എന്തോ കിന്നരിക്കാന്‍ കൊതിക്കുന്നില്ലേ?
ഇനി എല്ലാത്തിനും നിമിഷങ്ങള്‍ മാത്രം. നിശബ്ദതയില്‍ കനം തൂങ്ങുന്ന നിമിഷങ്ങള്‍.
മണ്ഡപത്തില്‍ അഗ്നി ജ്വലിച്ചു. മന്ത്രധ്വനി കേട്ടു. ചുറ്റിനുമുള്ളവര്‍ വായ്ക്കുരവയിടാന്‍ തുടങ്ങിയിരിക്കുന്നു.
ആ മുഖമൊന്നുകാണാന്‍ കൊതി. അടുത്തേക്ക് നാണത്തോടെ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് അവളെത്തി.
ആരുടേയോ നിര്‍ദ്ദേശ പ്രകാരം തട്ടത്തിലിരുന്ന വരണമാല്യമെടുത്ത് തന്റെ കഴുത്തിനു നേരെ നീട്ടി.
പെട്ടന്നാരുടെയോ ഫോണ്‍ ഉച്ചത്തില്‍ കരഞ്ഞു.
വൈ ദിസ് കൊലവറി… കൊലവറിഡി….
ഉറക്കത്തിന്റെ സുഖത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. കട്ടിലിനു ചുറ്റും ജനക്കൂട്ടം .
ആരോ പറയുന്നുണ്ടായിരുന്നു
ഓ പാവം ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ?
ശങ്കരേട്ടന് കണ്ട് കരയാന്‍….
തനിക്കൊപ്പം അവരും ഉണര്‍ന്നിരിക്കുന്നു.
മുറിച്ചുമാറ്റിയ കാലുകള്‍ ഒടിഞ്ഞു തൂങ്ങിയ കൈകളോട് മത്സരിക്കുകയാണ് കരയിപ്പിക്കുവാന്‍.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ്. യുവത്വത്തിന്റെ അഹങ്കാരത്തിലാകണം. ശ്രദ്ധയെ മാറ്റിനിര്‍ത്തി വേഗതയെ കൂട്ടുപിടിച്ച ദിവസം ആദ്യമായി അവളെ കണ്ടു; മിന്നായം പോലെ.
പിന്നെ നീണ്ട മൂന്നുമാസക്കാലത്തെ ഉറക്കം ആശുപത്രിക്കട്ടിലില്‍.
അവര്‍ക്ക് പറയാനുണ്ടായതും പതിവ് പല്ലവി തന്നെ. ഇനി ഒന്നും ചെയ്യാനില്ല. എല്ലാം ദൈവത്തിന്റെ കൈയ്യില്‍.
അന്നേ അറിയാമായിരുന്നു ഇനി ദൈവത്തിനും ഒന്നും ചെയ്യാനില്ല. തേടിവരാനുള്ളത് ഇനി അവള് മാത്രം; എന്റെ മണവാട്ടി.
കണ്ണുകളുടെ സന്തോഷം കവിളുകളില്‍ ചിത്രം വരച്ച് തുടങ്ങി.
പെട്ടന്നാരോ അത് തുടച്ച് കളഞ്ഞു.
ചുറ്റിനും നിന്നവരില്‍ നിന്ന്
അവന് വേദനിക്കുന്നുണ്ടെന്ന് തോന്നുന്നു.
മറ്റൊരാള്‍
ഏയ് ഇല്ല. മൊത്തം മരവിച്ചിരിക്കുകയായിരിക്കും.
ഇത് ഇപ്പോ കണ്ണില്‍ പൊടിവല്ലതും വിണതാവും
അശ്രദ്ധ ശബ്ദത്തെ മറച്ചില്ലായിരുന്നെങ്കില്‍ ചോദിച്ചേനെ
എന്നെയൊന്ന് കൊല്ലാമോ?
ഇല്ല പറ്റില്ലല്ലോ. ഇവിടെ അതിന് നിയമമില്ലല്ലോ
ജനിച്ചപ്പോള്‍ എനിക്കറിയാവുന്ന സത്യം. ഞാന്‍ ജീവിച്ചെത്തുന്ന എന്റെ ലക്ഷ്യം അതല്ലേ അവള്.
ലക്ഷ്യത്തിലേക്കുള്ള എന്റെയാത്രതടയാന് നിയമത്തിനും ഭരണകൂടത്തിനും എന്തവകാശം. ഇവരാണോ എനിക്ക് ജീവന് നല്‍കിയത്.
പറഞ്ഞിട്ടെന്തുകാര്യം ഇവിടെ ഇങ്ങനെയാണ്.
വരണമാല്യവും കാത്ത് ഇനിയും എത്രകാലം
വേദനയുടെ തടവറയില്‍.
വി. പ്രവീണ്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: