പൊട്ടിച്ചിരിക്കരുതെന്ന തുര്‍ക്കി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് രാജ്യത്തെ സ്ത്രീകള്‍ ചുട്ട മറുപടി നല്‍കിയെന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്‍ ആഘോഷമായിരുന്നു. സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം തുര്‍ക്കി ഉപ പ്രധാനമന്ത്രി ബ്യൂലന്റ് അരിന്സിന്റെ നിര്‍ദ്ദേശം. ഈ പരാമര്‍ശത്തെ വിമര്‍ശിച്ചെത്തിയ വനിതകള്‍ പൊട്ടിച്ചിരിക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം അറിയിച്ചത്. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആയിരങ്ങളാണ് ചിരിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. ഇതിനകം തന്നെ പ്രത്യേക ഹാഷ് ടാഗും ഇതിനായി രൂപീകരിക്കപ്പെട്ടെന്നാണ് വാര്‍ത്ത. ‘പൊട്ടിച്ചിരി’ എന്ന് അര്‍ത്ഥം വരുന്ന ടര്‍ക്കി വാക്കില്‍ വരുന്ന ഹാഷ് ടാഗില്‍ നിരവധി സ്ത്രീകളാണ് സ്വന്തം ഫോട്ടോ ഷെയര്‍ ചെയ്യുന്നതെന്നും കേട്ടു. സ്ത്രീകളുടെ ചിരിയെ പറ്റിയല്ല മറിച്ച് ബലാത്സംഗം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും സ്ത്രീകള്‍ തുറന്നടിച്ചു.
സ്ത്രീ പുരുഷനേക്കാള്‍ സദാചാര മൂല്യം മുറുകെ പിടിക്കണം. മാന്യമായ പെരുമാറ്റവും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് സ്ത്രീക്ക് ധാരണയുണ്ടാകണം. പൊതുസ്ഥലങ്ങളില്‍ സ്ത്രീ ഉറക്കെ ചിരിക്കരുത്. സ്ത്രീ ഒരിക്കലും തന്റെ മാന്യത കൈവിടരുത്. ഇതൊക്കെയായിരുന്നു ഉപപ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍. റമസാനിലെ അവസാനനാളില്‍ നടന്ന ഒരു പ്രസംഗത്തിലായിരുന്നു സ്ത്രീകളോടുള്ള മന്ത്രിയുടെ ഉപദേശം. പൊട്ടിച്ചിരിച്ചാല്‍ സദാചാര മൂല്യം ഇടിയുമെന്ന മന്ത്രിയുടെ വാദം ഉള്‍ക്കൊള്ളാന്‍ തുര്‍ക്കിയിലെന്നല്ല ഒരു രാജ്യത്തെയും സ്ത്രീസമൂഹം തയ്യാറാകില്ല. ബലാത്സംഗവും ശൈശവ വിവാഹവും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായിട്ടും സ്ത്രീകളുടെ പൊട്ടിച്ചിരിയാണ് വലിയ പ്രശ്നമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായിരിക്കും ഒരു പക്ഷെ ഉപപ്രധാനമന്ത്രി നടത്തിയത്. എന്തായാലും മന്ത്രിയുടെ ഉപദേശത്തിന് തുര്‍ക്കിയിലെ പെണ്പടകള്ക്ക് ഇതിലും വലിയ എന്തു മറുപടി നല്കാന് സാധിക്കും…
മോഹനചന്ദ്രന്,
നാട്ടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: