അമൃത്സര്‍: ഹരിയാനയില്‍ പ്രത്യേക ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദല്‍ പറഞ്ഞു. പാര്‍ട്ടി കോര്‍ കമ്മറ്റിക്കുശേഷം അമൃത്സറില് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക ഗുരുദ്വാര കമ്മറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള സമാധാനമായി പോരാട്ടം തുടരും. ‘അഖാല്‍ തഖ്തി’ന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്കോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ സാധിക്കില്ല. സിഖ് സമുദായത്തിന്റെ പരമോന്നത അധികൃതരാണ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. അത് അനുസരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല- ബാദല്‍ പറഞ്ഞു. സ്ഥിതിഗതികള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ പാര്‍ട്ടികള്‍ നടത്തുന്ന എല്ലാ റാലികളും ചടങ്ങുകളും അഖാല്‍ തഖ്ത് നിരോധിച്ചിട്ടുണ്ട്. എല്ലാവരും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.
നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇന്നലെ സുവര്‍ണക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോക സിഖ് കോണ്‍ഫറന്‍സ് റദ്ദാക്കി. ശിരോമണി അകാലിദളിന്റെ കോര്‍ കമ്മറ്റിയാണ്, അഖാല്‍ തഖ്തിന്റെ നിര്‍ദ്ദേശപ്രകാരം കോണ്‍ഫറന്‍സ് റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ കമ്മറ്റി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: