കാസര്‍കോട്: ഉറ്റവരുടെ ഓര്‍മ്മകളില്‍ നനഞ്ഞ് പിതൃപുണ്യം തേടി കര്ക്കിടകവാവില് ബലിയിടാനെത്തിയത് ആയിരങ്ങള്‍. കര്‍ക്കിടകത്തിലെ കറുത്തവാവിന് ആത്മീയാനുഭൂതി പകര്‍ന്ന് ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്‍ വാവുബലി നടന്നു. പുലര്‍ച്ചെ മുതല്ക്കു തന്നെ ക്ഷേത്രങ്ങളിലെത്തിയ ഭക്തജനങ്ങള്‍ വ്രതശുദ്ധിയോടെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പിതൃസ്മരണയില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തില് പിതൃതര്‍പ്പണത്തിനും ദര്‍ശനത്തിനുമായി പതിനായിരങ്ങളാണെത്തിയത്. പുലര്‍ച്ചെ മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്ത്തയായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദിക്രിയ നടന്നു. തുടര്‍ന്ന് ശീവേലിക്കും പൂജയ്ക്കും ശേഷം ആറ് മണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പുരോഹിതന് രാജേന്ദ്ര അറളിത്തായയുടെ കാര്‍മ്മികത്വത്തില്‍ ഇരുപതോളം പുരോഹിതര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി മഴ മാറിയ തെളിഞ്ഞ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബലിയിടാനെത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ആറായിരത്തോളം പേര് ബലിയിടാനും മുപ്പതിനായിരത്തിലേറെ പേര് ദര്‍ശനത്തിനും എത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം നാലായിരം പേരാണ് ബലികര്‍മ്മങ്ങള്‍ക്ക് എത്തിയത്. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തജനങ്ങളും ദുരിതത്തിലായി. മണിക്കൂറുകളോളം കാത്തുനിന്നാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അരകിലോമീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷന് വരെ ക്യൂ നീണ്ടു. തിരക്കുണ്ടാകുമെന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്ന് പരാതിയുണ്ട്. പതിനഞ്ചോളം കൗണ്ടറുകളാണ് ബലിതര്‍പ്പണത്തിനായി ഒരുക്കിയത്. തിരക്ക് നിയന്ത്രണാതീതമായപ്പോഴാണ് നാല് കൗണ്ടര്‍ കൂടി തുറന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഒന്‍പതോളം കൗണ്ടറുകളും ഇതിനുപുറമെ ഒരുക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കാത്തതും ഭക്തജനങ്ങളെ വലച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബലിയിടല്‍ അവസാനിച്ചത്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ബസ്സുകളുടെ കുറവ് സാരമായി ബാധിച്ചു.
മാലോം: കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃതര്‍പ്പണത്തിനായി അടുക്കളക്കുന്ന് ശ്രീഭഗവതിക്ഷേത്രത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങളെത്തി. പുലര്‍ച്ചെ ആറ് മുതല്‍ ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശിവറാംഭട്ട് കാര്‍മ്മികത്വം വഹിച്ചു. പ്രത്യേകപൂജകളും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രത്തിന് അഭിമുഖമായുള്ള ചൈത്രവാഹിനിപ്പുഴയുടെ തീരത്താണ് ചടങ്ങുകള്‍ നടന്നത്. ഇതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: