രാമായണത്തിലെ സീതയുടെയും ഊര്‍മിളയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതകഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയാണ് രണ്ട് സഹോദരിമാര്‍. ‘നീലമന സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന ഡോക്ടര്‍ സഹോദരിമാരാണ് നൃത്തരൂപം രംഗത്തെത്തിക്കുന്നത്. കൊട്ടാരക്കര നീലമന ഇല്ലത്ത് ഡോ. എന്‍.എന്‍. മുരളിയുടെയും യോഗവതിയുടെയും മക്കളായ ഡോ. ദ്രൗപതി, ഡോ.പത്മിനി എന്നിവരാണ് നൃത്തരംഗത്തെ വിസ്മയമായി മാറുന്നത്.
ഇന്നത്തെ സ്ത്രീ സമൂഹത്തിന് കണ്ടുപഠിക്കാനുള്ള നിരവധി ഗുണങ്ങള്‍ ഈ നൃത്തരൂപത്തിലുണ്ടെന്ന് സഹോദരിമാര്‍ പറയുന്നു. ഭാരത സംസ്കാരത്തെ മറന്ന് എന്തിനും ഏതിനും പാശ്ചാത്യ സംസ്കാരത്തിന് പിറകെ പായുന്നവര്‍ക്കും, മായികവലയത്തില്‍ പ്പെട്ട് ജീവിതം ഹോമിക്കുന്ന സ്ത്രീ സമൂഹത്തിനും സീതയേയും ഊര്‍മിളയേയും മാതൃകയാക്കാം. ഒരര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണമാണ് ഈ നൃത്തരൂപം- അവര്‍ പറഞ്ഞു.
ആത്മനിവേദനം എന്നപേരില്‍ ഭരതനാട്യവും കുച്ചുപ്പുടിയും സമന്വയിപ്പിച്ചാണ് നാല്‍പ്പത്തി അഞ്ച് മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തശില്‍പ്പം രംഗത്ത് അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിലൂടെ ദ്രൗപതിയാണ് സീതക്ക് ജീവന് നല്‍കുന്നത്. കുച്ചുപ്പുടിയിലൂടെ ഊര്‍മിളയെ പത്മിനിയും അവതരിപ്പിക്കുന്നു. തോല്‍പ്പാവക്കൂത്തിലൂടെയാണ് മന്ഥര എത്തുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദുഷ്ട ചിന്തകളുടെ പ്രതീകമാണ് ഇവിടെ മന്ഥര. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന് മുതല്‍ രാജ്യത്തിന്റെ പ്രധാന കലാകേന്ദ്രങ്ങളില്‍ അവതരിപ്പിച്ച നൃത്തത്തിന് ഇതിനകം ഇവര്‍ കയ്യടി നേടികഴിഞ്ഞു.
കുട്ടിക്കാലത്ത് തന്നെ ഇരുവരും നൃത്തലോകത്തേക്ക് ചുവടുവെച്ചു. സ്കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലുമൊക്കെ സ്ഥിരമായി കലാതിലക പട്ടം ഇവരെ തേടിയെത്തി. പിന്നീട് ജീവിത വഴി തേടാന്‍ എം.ബി.ബി.എസ് അക്കാദമിക് ബിരുദം വേണമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ ഇരുവരും അവിടെയും മികച്ച വിജയം നേടി. പാരമ്പര്യത്തിന്റെ വൈദ്യ പുണ്യം ഉണ്ടെങ്കിലും കലയുടെ വഴിയേ നടക്കാനാണ് രണ്ടുപേരും താത്പര്യം കാട്ടിയത്. ഡോക്ടറുടെ വേഷം അഴിച്ചുവച്ചുകൊണ്ട് കാലില്‍ ചിലങ്കകെട്ടിയപ്പോള്‍ ആദ്യം എതിര്‍ത്തവര്‍ പിന്നീട് അനുഗ്രഹിച്ചു. നൃത്തമോഹത്തെ പരിപോഷിപ്പിക്കുന്നവര് തന്നെ ജീവിതയാത്രയില്‍ പങ്കാളികളായപ്പോള്‍ നൃത്തത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഡോ. പ്രവീണ്‍ നമ്പൂതിരി ദ്രൗപതിക്കും ഡോ. കൃഷ്ണന് നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുളള വഴികാട്ടികളാണിപ്പോള്‍.
ദ്രൗപതിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കില്‍ കുച്ചുപ്പുടിയിലാണ് പത്മിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ദ്രൗപതി. കുച്ചുപുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി. തങ്ങളുടെ കഴിവുകള്‍ വരുംതലമുറക്ക് പകര്‍ന്ന് നല്കാന് നാട്യപ്രിയ എന്ന പേരില്‍ നൃത്ത പരിശീലന കേന്ദ്രം കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി എന്നിവ കോര്‍ത്തിണക്കി ഈ രംഗത്തെ പ്രശസ്ത കലാകാരന്മാരേയും ചേര്‍ത്ത് സെപ്തബംറില്‍ കൊല്ലത്ത് വലിയ ഒരു നൃത്തവിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരിമാര്‍. ഇതില്‍ നിന്ന് കിട്ടുന്ന പണം കിഡ്നി രോഗികളായ പാവപ്പെട്ടവര്‍ക്ക് ചികിത്സക്കായി നല്‍കാനാണ് തീരുമാനം.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: