കാസര്‍കോട്: ‘ദക്ഷിണകാശി’ എന്നറിയപ്പെടുന്നതും ഉത്തരമലബാറില്‍ പിതൃതര്‍പ്പണത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് പിതൃതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ചയാണ് പിതൃതര്‍പ്പണം.
കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദ്രസ്നാനഘട്ടത്തിലും ബലിത്തറയിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസ് സേന രംഗത്തുണ്ടാകും. ഭക്തജനങ്ങള്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചായയും ഒരുക്കും. ക്ഷേത്ര ആഘോഷ കമ്മറ്റിയുടെയും സത്യസായി സേവാ സമിതിയുടേയും നേതൃത്വത്തില്‍ വളണ്ടിയര്‍ സേന സന്നദ്ധ സേവന പ്രവര്‍ത്തനത്തിനുണ്ടാവും. പ്രത്യേക വഴിപാട് കൗണ്ടറും പ്രസാദ കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളും പുരോഹിതന് രാജേന്ദ്ര അറളിത്തായയുടെ നേതൃത്വത്തില്‍ 20 ഓളം പുരോഹിതന്മാരും ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കും. ബലിതര്‍പ്പണത്തിന് ശേഷം ഉച്ചപൂജയും തുടര്‍ന്ന് ശീവേലിയും നടക്കും.
കഴിഞ്ഞ വര്‍ഷം 5000 പേര് ബലിതര്‍പ്പണം നടത്തിയിരുന്നു. ഈ വര്‍ഷം 6000 പേര്‍ക്ക് ബലിതര്‍പ്പണത്തിനും 40,000 പേര് ദര്‍ശനത്തിനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനത്തിന് മുഴുവന്‍ ആളുകളുടേയും സഹകരണമുണ്ടാകണമെന്ന് ചെയര്മാന് വി.ബാലകൃഷ്ണന് നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി, ട്രസ്റ്റി മേലത്ത് സത്യനാഥന് നമ്പ്യാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: