കാസര്‍കോട്: നെല്ലിക്കുന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന് സജ്ജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന് മുബാരിസ് (10), നെല്ലിക്കുന്നിലെ സൗദിയില്‍ ജോലി ചെയ്യുന്ന അഫ്രാസിന്റെ മകന് അഫ്രാക്ക് (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ നെല്ലിക്കുന്ന് പള്ളം നാഗവനത്തിനടുത്തായിരുന്നു അപകടം.ആക്ടിവ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മൂവരെയും എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന സജ്ജാദ് തല്സമയവും മുബാരിസ്, അഫ്രാക്ക് എന്നിവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നാടിനെ ഞെട്ടിച്ച അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സംഭവ സ്ഥലത്തും ആശുപത്രികളിലുമായി തടിച്ചുകൂടി.ഗള്‍ഫില്‍ വിദ്യാര്‍ത്ഥിയാണ് സജ്ജാദ്. പെരുന്നാള്‍ ആഘോഷത്തിനായി നാട്ടിലെത്തിയതായിരുന്നു. മുബാരിസ് നെല്ലിക്കുന്ന് എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും അഫ്രാക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. രേഷ്മയാണ് മുബാരിസിന്റെ മാതാവ്. സഹോദരങ്ങള്‍: മിനാദ്, മിസ്ന. സഫ്രീനയാണ് അഫ്രാഖിന്റെ മാതാവ്. സഹോദരങ്ങള്‍: അഫ്രീന, നഫീസ, ഫിസ. ജാസ്മിനാണ് സജാദിന്റെ മാതാവ്. സഹോദരങ്ങള്‍: ഷംസി, ഷഹാന, സൈനബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: