മാധ്യമമേഖലയിലെ വനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ അങ്ങനെ പലതും ചര്‍ച്ച ചെയ്യാനും, അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ പങ്കുവെയ്ക്കുവാനുമുള്ള വേദിയായിരുന്നു തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ദ്വിദിന ദേശീയ മാധ്യമ ശില്‍പ്പശാല. മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള തുറന്ന വേദിയായിരുന്നു അത്. മാധ്യമമേഖലയിലും, സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രശസ്തരുടെ പങ്കാളിത്തം കൊണ്ട് ശില്‍പ്പശാല വേറിട്ടുനിന്നു. ശില്‍പ്പശാലയില്‍ പങ്കെടുത്ത ‘ജന്മഭൂമി’യുടെ ഷീനാ സതീഷ് ‘മിഴി’യിലൂടെ അതേക്കുറിച്ച് പങ്കവെക്കുന്നു…
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയയും കേരള പ്രസ് അക്കാദമിയും ചേര്‍ന്നാണ് ‘മാധ്യമമേഖലയിലെ വനിതകള്‍’ എന്ന ശില്‍പ്പശാല സംഘടിപ്പിച്ചത്. പ്രശസ്ത തമിഴ് സാഹിത്യകാരി സല്‍മയായിരുന്നു ശില്‍പ്പശാലയിലെ മുഖ്യ അതിഥി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണെന്ന് സല്‍മ പറഞ്ഞു. ”ആവശ്യാനുസരണം പുറത്തിറങ്ങാനും ലോകത്തെമ്പാടുമുള്ള വിവിധ വിഷയങ്ങള്‍ അറിയാനും പുതിയ ആളുകളോട് ഇടപഴകാനും കഴിയുന്ന മറ്റൊരു തൊഴില്‍മേഖല ചൂണ്ടിക്കാട്ടാനാവില്ല. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കൗമാരകാലത്ത് ജേര്ണലിസ്റ്റാനാകാനായിരുന്നു ആഗ്രഹം. സ്ത്രീകള്‍ പുറത്തിറങ്ങാതിരുന്നാല്‍ പീഡനങ്ങളുണ്ടാകില്ല, സ്ത്രീകളുടെ വസ്ത്രധാരണമാണ് എല്ലാത്തിനും പ്രശ്നം എന്നൊക്കെ ചില മന്ത്രിമാര്‍ പോലും പറയുന്നു. ഇവര്‍ക്കാര്‍ക്കും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വേണ്ടത്ര അറിവില്ല. എന്നാല്‍ അവള്‍ക്ക് മറ്റാരെക്കാളും കാര്യപ്രാപ്തിയും ബുദ്ധിയും കഴിവുമുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല.- സല്‍മ അഭിപ്രായപ്പെട്ടു.
മാധ്യമമേഖലയിലെ സ്ത്രീകള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെഹല്‍ക്ക സംഭവം ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷം ഇത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മാധ്യമമേഖലയിലെ ലിംഗ അസമത്വം എന്നവിഷയത്തില്‍ ഗീതാ നസീര്‍, ആര്. പാര്‍വതീദേവി, സരിതാ വര്‍മ്മ, സി. ഗൗരിദാസന്‍ നായര്‍, എം.ജി. രാധാകൃഷ്ണന്, വിനീതാഗോപി തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമമേഖലയിലെ പുരുഷാധിപത്യം പലപ്പോഴും വനിതകളെ ചൂഷണം ചെയ്യുകയാണ്. നിലവിലെ പല മാധ്യമസ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കായി വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരേ നിയമപ്രകാരമുള്ള അന്വേഷണ സമിതിയോ ഇല്ലെന്നും ശില്പശാലയില് അഭിപ്രായം ഉയര്‍ന്നു.
ധൈര്യവും കരുത്തും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വേണമോ?, ജീവിതവും തൊഴിലും വിവിധമേഖലയില്‍ കഴിവു തെളിയിച്ച സ്ത്രീകളുടെ അനുഭവങ്ങള്‍ എന്നീ വിഷയങ്ങളില്‍ മാധ്യമ പ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന്, വി.എം. ദീപ, സിന്ധു സൂര്യകുമാര്‍, ശ്രീദേവി പിള്ള, കെ.എ. ബീന, സി.എസ്. സുജാത, മായാവിശ്വനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ദിവസം നടന്ന ശില്പശാലയില് ‘മാധ്യമമേഖലയിലെ സ്ത്രീ മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ ഫിലിം എഡിറ്ററായ ബീനാ പോള്‍, എ. സഹദേവന്, വിധു വിന്‍സെന്റ്, സുലോചന റാംമോഹന് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടനചടങ്ങില്‍ കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വിവിധ പുരസ്കാരങ്ങള്‍ നേടിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.
ദേശീയ തലത്തില്‍ ചമേലി പുരസ്കാരം നേടിയ അന്തര്‍ദ്ദേശീയ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ ‘അനുഭവ സഞ്ചാരങ്ങള്‍’മാധ്യമപ്രവര്‍ത്തക കല്പ്പനാശര്മ്മ പ്രകാശനം ചെയ്തു. കേരള പ്രസ് അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.
നെറ്റ്വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ, കേരളയുടെ മാധ്യമ പുരസ്കാരം കെ.അജിതയുടെ ‘സംഘടിത’ വനിതാ മാസികയ്ക്ക് നല്കി. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കര്‍, പ്രസ് ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ്, കെ. അജിത തുടങ്ങിയവര്‍ പങ്കെടുത്തു.
സമൂഹം മാറിയെന്നു പറയുമ്പോഴും മാധ്യമമേഖലയിലെ വനിതകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും അതേപടി നിലനില്‍ക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സംഘടിക്കേണ്ടതുണ്ടെന്നും കല്‍പ്പനാ ശര്‍മ്മ പറഞ്ഞു. വാര്‍ത്താവിതരണ രീതിയിലും റിപ്പോര്‍ട്ടിംഗിലും സൂക്ഷ്മമായ അവലോകന രീതി പിന്തുടരുന്നതില് പുരുഷന്മാരെക്കാള് മിടുക്ക് സ്ത്രീകള്‍ക്കുതന്നെയാണെന്ന് അവര്‍ അഭിപ്രയപ്പെട്ടു. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗവും. സ്വന്തമായി നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ടിവരുന്നു. പ്രശ്നങ്ങളുടെ മാനുഷികവശം പുറത്തുകൊണ്ടുവരാന്‍ പുരുഷ പത്രപ്രവര്‍ത്തകരേക്കാള്‍ കഴിവ് സ്ത്രീകള്‍ക്കാണ്. കാരണം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അനായാസം ഇറങ്ങിച്ചെല്ലാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അതിന്റെ തീവ്രതയില്‍ മനസിലാക്കാനും അവര്‍ക്കു ജന്മസഹജമായ കഴിവുണ്ട്. സ്ത്രീ വിഷയങ്ങള്‍ എഴുതുന്നവരെ ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സാഹിത്യകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ. ബീനയാണ് ശില്‍പ്പശാലയില്‍ അദ്ധ്യക്ഷത വഹിച്ചത്. എന്‍.പി. രാജേന്ദ്രന്, പി.പി. ജയിംസ്, മീരാ അശോക് വെങ്കിടേഷ് രാമകൃഷ്ണന്, ഷീബാ അമീര്‍ തുടങ്ങിയവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: