കൊച്ചി: കൊച്ചിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ബിജെപി സംസ്ഥാന കമ്മറ്റി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.
സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പില്‍ ഉള്‍പ്പെടുത്തി കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് അടുത്ത കേന്ദ്ര ബജറ്റില്‍ ആവശ്യമായ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ജസ്റ്റ്സ് വി.ആര് കൃഷ്ണയ്യരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച അവസരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്കിയതിനാല് അടുത്ത ബജറ്റില്‍ ഇതിനായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ വസതിയായ സത്ഗമയില് നടന്ന ചടങ്ങില്‍ എയിംസ് ആശുപത്രിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ ഇന്‍സ്റ്റ്യൂട്ട് ആരംഭിക്കുന്നതിനും ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് കൃഷ്ണയ്യര്‍ കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചു. ഡോ.കെ.ആര്. വിശ്വംഭരന്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: