കൊച്ചി: പരസ്പര സഹകരണത്തിനായി നാഷനല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസസും (നാസ്കോം) സ്മാര്‍ട്സിറ്റിയും മാള്‍ട്ടയുടെ തലസ്ഥാനമായ വാല്ലെറ്റയിലെ പാലസ്സൊ സോണ്ഡഡോരിയിലെ സാമ്പത്തിക, നിക്ഷേപ, ചെറുകിട ബിസിനസ് മന്ത്രാലയത്തില്‍ വെച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. നാസ്കോം ചെയര്മാന് ആര്. ചന്ദ്രശേഖരന്, മാള്‍ട്ടയിലെ സാമ്പത്തിക, നിക്ഷേപ, ചെറുകിട ബിസിനസ് വകുപ്പു മന്ത്രി ഡോ. ക്രിസ്റ്റിയന്‍ കര്‍ഡോണ, സ്മാര്‍ട്സിറ്റി ദുബായ് സിഇഒ അബ്ദുള്‍ലത്തീഫ് അല്‍മുല്ല, സ്മാര്‍ട്സിറ്റി മാള്‍ട്ട സിഇഒ ആന്റണി പി. ടബോണ്, സ്മാര്‍ട്സിറ്റി ദുബായ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ഡോ. ബാജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
വിജ്ഞാനാധിഷ്ഠിത മേഖലയുടെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ സോഫ്റ്റ്വെയര്, ഐടി സേവനങ്ങള്‍, ഇന്റര്‍നെറ്റ്, ഇ-കോമേഴ്സ്, സ്മാര്‍ട് സേവനങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ടെലികോം മേഖലകള്‍ക്ക് ഊന്നലുണ്ട്. വിജ്ഞാനാധിഷ്ഠിത മേഖലയില്‍ സ്വാശ്രയവും സ്വയംപര്യാപ്തവുമായ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് നൂതന സാങ്കേതികവിദ്യകളിലൂടെ ഈ മേഖലയ്ക്ക് വളര്‍ച്ചാവേഗം നല്‍കാനും ധാരാണാപത്രം ലക്ഷ്യമിടുന്നു.ആഗോളതലത്തില്‍ സ്വയം നിലനില്ക്കത്തക്ക നോളജ് ക്ലസ്റ്ററുകളുടെ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച് വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ വികസനം കൈവരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ധാരാണാപത്രത്തില്‍ പറയുന്നു. സ്മാര്‍ട്സിറ്റിക്ക് നിലവിലുള്ള മാള്‍ട്ടയിലും കൊച്ചിയിലുമുള്ള പദ്ധതികള്‍ക്കു പുറമെ അടുത്ത പത്തു വര്‍ഷത്തിനിടെ സ്മാര്‍ട് ഡിജിറ്റല്‍ സൗകര്യങ്ങളോടെ എട്ട് ടൗണ്‍ഷിപ്പുകള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണത്തിന്റെ ഭാഗമായി വിവരങ്ങള്‍ പങ്കുവെയ്ക്കാനും വാണിജ്യ സംഘങ്ങളുടേയും ബിസിനസ് ഡെലിഗേഷനുകളുടേയും സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പരിപാടിയുണ്ട്.
വിജ്ഞാനാധിഷ്ഠിത വ്യവസായം ആഗോള തലത്തില്‍ സുസ്ഥിരവും ദൃഢവുമായ മാറ്റങ്ങള്‍ക്ക് വിധേമായിക്കൊണ്ടിരിക്കയാണെന്നും ഐടി മേഖലയാണ് ഇതിന്റെ മുഖ്യപങ്കുവഹിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച നാസ്കോം ചെയര്മാന് ആര്. ചന്ദ്രശേഖരന് ചൂണ്ടിക്കാണിച്ചു. നൂതന സേവനങ്ങള്‍ക്കായി പൂതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നത് ധാരണാപത്രത്തിന്റെ ഭാഗമാണെന്നും രണ്ട് പ്രദേശങ്ങളും തമ്മിലുള്ള സേവനങ്ങളുടേയും സൗകര്യങ്ങളുടേയും കൈമാറ്റങ്ങള്‍ക്ക് ഈ സഹകരണം കാരണമാകുമെന്നും സ്മാര്‍ട്സിറ്റി സിഇഒ അബ്ദുള്‍ലത്തീഫ് അല്‍മുല്ല പറഞ്ഞു. ക്ലൗഡ്, അനലിറ്റിക്സ്, മൊബൈല്‍ ടെലിഫോണി, ബ്രോഡ്ബാന്‍ഡ് തുടങ്ങിയവയുടെ ദ്രുതവികസനം പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കയാണ്. സഹകരിച്ചും ആഗോളതലത്തില്‍ നോളജ് ഹബുകള്‍ സ്ഥാപിച്ചും മുന്നേറാന്‍ ഇത് കമ്പനികള്‍ക്ക് പ്രേരണയാവുന്നു. സ്മാര്‍ട്സിറ്റി കമ്പനികള്‍, നാസ്കോം അംഗങ്ങള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടും വിധം വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ സാധ്യതകളും ഇരുകൂട്ടരും ലഭ്യമാക്കും. ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലുമുള്ള ആദ്യത്തെ സ്മാര്‍ട്സിറ്റി സംരംഭങ്ങളാണ് സ്മാര്‍ട്സിറ്റി മാള്‍ട്ടയും സ്മാര്‍ട്സിറ്റി കൊച്ചിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: