തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് എക്സ്പ്രസ് ട്രെയിനുകള്‍ ഇനിമുതല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍.
ഇതോടെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്താനാവും. സ്റ്റോപ്പുകള്‍ ചുരുങ്ങുന്നതോടെ മണിക്കൂറുകളോളം സ്റ്റേഷനുകളില്‍ കുടുങ്ങി നരകയാത്ര അനുഭവിക്കുന്ന അവസ്ഥയും മാറും. ശനിയാഴ്ചയാണ് എക്സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റാക്കാനുള്ള നീക്കം സതേണ്‍ റെയില്‍വേ ആരംഭിച്ചത്. ഇതിന്റെ ഭാഗമായ രണ്ട് എക്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആക്കി ഉയര്‍ത്തി. ട്രെയിന്‍ നമ്പര്‍ 16323 തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസ്, 16326 തിരുവനന്തപുരം-ഇന്‍ഡോര്‍ എക്സ്പ്രസ് എന്നിവയാണ് സൂപ്പര്‍ഫാസ്റ്റ് ആക്കിയത്. ട്രെയിനുകളുടെ നമ്പറിലും മാറ്റം വന്നു. വൈകിട്ട് 5ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം- ഷാലിമാര്‍ എക്സ്പ്രസിന്റെ പുതിയ നമ്പര്‍ 22641 ആണ്. രാവിലെ 6.15 ന് പുറപ്പെടുന്ന 16326 തിരുവനന്തപുരം- ഇന്‍ഡോര്‍ എക്സ്പ്രസ് 22645 എന്ന നമ്പറിലും സര്‍വീസ് നടത്തും.
കൂടാതെ 16041 ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്, 16042 ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്, 16324 ഷാലിമാര്‍- തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളും ഇന്നലെ മുതല്‍ സൂപ്പര്‍ഫാസ്റ്റാക്കി. ഈ ട്രെയിനുകളുടെ പുതിയ നമ്പര്‍ ഇപ്രകാരമാണ്. ചെന്നൈ- ആലപ്പുഴ എക്സ്പ്രസ് (22639), ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് (22640), ഷാലിമാര്‍- തിരുവനന്തപുരം എക്സ്പ്രസ് (22642). ഇന്ന് രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ കൂടി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളായി ഉയര്‍ത്തും.
16309 എറണാകുളം- പാറ്റ്ന എക്സ്പ്രസ്, ഇന്‍ഡോര്‍- തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് എക്സ്പ്രസില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റാകുന്നത്.
എറണാകുളം-പാറ്റ്ന എക്സ്പ്രസ് (22643), ഇന്‍ഡോര്‍-തിരുവനന്തപുരം എക്സ്പ്രസ് (22645) എന്നീ നമ്പറുകളില്‍ സര്‍വീസ് നടത്തും. ഈ മാസം 16 നും 17 നും ഓരോ ട്രെയിനുകള്‍ എക്സ്പ്രസില്‍ നിന്നും സൂപ്പര്‍ഫാസ്റ്റിലേക്ക് വഴിമാറും. ട്രെയിന്‍ നമ്പര്‍ 16327 കോര്‍ബ – തിരുവനന്തപുരം എക്സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 16310 പാറ്റ്ന – എറണാകുളം എക്സ്പ്രസ് എന്നിവയാണ് സൂപ്പര്‍ ഫാസ്റ്റായി മാറുക. പാറ്റ്ന-എറണാകുളം (22644), കോര്‍ബ-തിരുവനന്തപുരം (22647) എന്നിവയാണ് ട്രെയിനുകളുടെ പുതിയ നമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: