ബീജിംഗ്: ചൈന റംസാന് നോമ്പ് വിലക്കി. മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കു പടിഞ്ഞാറന്‍ സിജിയാംഗ് പ്രദേശത്തെ സ്കൂളുകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സ്കൂളുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
സര്‍ക്കാര്‍ ഉദ്യാഗസ്ഥരും, സ്കൂള്‍ വിദ്യാര്‍ത്ഥികളും നോമ്പിന്റെ ഭാഗമാകരുതെന്നും, മറ്റ് മതപരിപാടികളില്‍ പങ്കെടുക്കരുതെന്നും ഉത്തരവില്‍ പറയുന്നു. റംസാന് നോമ്പെടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ അതില്‍ നിന്നും പിന്മാറണമെന്നും നേരത്തെ പ്രാദേശിക സര്‍ക്കാര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നോമ്പിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റംസാന് നോമ്പ് ആചരിക്കുന്നതിന് അനുമതിയില്ലെന്ന് ഓര്മ്മിച്ചികൊണ്ട് രാജ്യത്തെ ടിവി ചാനലുകളും, റേഡിയോകളും തുടര്‍ച്ചയായി അറിയിപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ക്കാണ് നോമ്പ് ആചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ദീര്‍ഘ സമയം പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുന്നതിനെയും, ഒത്തുകൂടുന്നതിനെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വിഘടനവാദം സൃഷ്ടിക്കുമെന്നാണ് പാര്‍ട്ടിയുടെയും പ്രാദേശിക സര്‍ക്കാരിന്റെയും ഭയം.
ബീജിംഗിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ജോലിയില്‍ പ്രവര്‍ത്തിക്കുന്നവരും വിരമിച്ചവരുമായവര് നോമ്പ് ആചരിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. ജനങ്ങളുടെ വിശ്വാസത്തിന്മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്നാണ് പലരുടെയും പ്രതികരണം. റംസാന് നോമ്പിനെ രാഷ്ട്രീയമായി കാണരുതെന്നും മതസ്വാതന്ത്ര്യം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: