കൂട്ടുചേരലിന്റെ ലോകമാണ് ഫേസ്ബുക്ക്. പലതും നേരും-നേരംപോക്കും തരുന്നവ. എന്നാല്‍ ഉള്ളിലേക്ക് ചുഴിഞ്ഞിറങ്ങി, നിങ്ങളുടെ ഹൃദയത്തെ ദ്രവിപ്പിക്കുന്ന ഒരു പേജുണ്ട് ഫേസ്ബുക്കില്‍. ‘സ്റ്റോപ് ആസിഡ് അറ്റാക്സ്’ (https://www.facebook.com/StopAcidAttacks). 2013-അവസാനത്തോടെ ആരംഭിച്ച ഈ പേജിന് മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. രൂപ വൈകൃതവും ജീവിത ശെനരാശ്യവും നിത്യദുഃഖവും അടിച്ചേല്‍പ്പിക്കുന്ന ആസിഡ് ആക്രമണങ്ങള്‍ക്കിരയായി വിധിയോട് പോരാടുന്ന ഒരു കൂട്ടം യുവതികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പേജ്. തന്റേതല്ലാത്ത കാരണത്താല്‍ ജീവിതത്തിന്റെ വസന്തം കൊഴിഞ്ഞവര്‍, സമൂഹത്തിന് അഭിമുഖം നില്‍ക്കാനാവാത്തവര്‍, സ്വന്തം മുഖം നിലക്കണ്ണാടിയില്‍ കാണാന്‍ ഭയക്കുന്നവര്‍, അന്യരുടെ പാപകര്മ്മത്തിന് സമൂഹത്താല്‍ വെറുക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇവരുടെ മുഖത്തും ശരീരത്തിലും അക്രമികള്‍ കോരിയൊഴിച്ച ആസിഡ് തുള്ളികള്‍ സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് വീണതെന്ന് നാം തിരിച്ചറിയുന്ന ഒരു കാലം വരുമോ.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണം നേരിടേണ്ടി വന്ന നിരവധി യുവതികളാണ് ഈ ഒത്തുചേരലിനു പിന്നില്‍. ജീവിത സ്വപ്നങ്ങള്‍ പാതിവഴിയില്‍ നിലച്ചതിന്റെ ദുഃഖംപേറി മാത്രം ജീവിക്കുന്നവരല്ല ഇവരാരും. ധൈര്യത്തോടെ തങ്ങള്‍ക്കും ജീവിതമുന്നേറ്റം സാധ്യമാണെന്ന് കാട്ടിത്തരുകയാണവര്. ആസിഡ് ആക്രമണത്തിന്റെ ഫലമായി, തിരിച്ചുകിട്ടാനാവാത്തവിധം മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യം നഷ്ടപ്പെട്ട എത്രയോ പെണ്‍കുട്ടികളുണ്ടാവാം നമുക്കിടയില്‍. എന്നാല്‍ ഇവരെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രൂരമായ ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടും സമൂഹത്തിന്റെ ഒറ്റപ്പെടലുകളില്‍ പെട്ടുപോകാതെ മുന്നേറാനാകുമെന്ന് തെളിയിക്കുകയാണ് ഇവര്‍. ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രചാരണവും പ്രതിഷേധവും നടത്തി മാതൃകയാവുന്നുമുണ്ട് ഇവര്‍.
ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ ഫേസ്ബുക്ക് പേജിലെ യുവതികള്‍. ‘സ്റ്റോപ് ആസിഡ് അറ്റാക്സ്’ എന്ന ഫേസ്ബുക്ക് പേജ് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചതെങ്കിലും ഇതേപേരില്‍ ഇവര്‍ക്ക് നേരത്തെ തന്നെ ഒരു സംഘടനയും, വെബ്സൈറ്റും ഉണ്ട്. ആസിഡ് ആക്രമണങ്ങള്‍ക്കെതിരേ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പോരാടുക എന്നതാണ് തങ്ങളുടെ സന്ദേശം എന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ആക്രമണത്തിനിരയായി ജോലി ചെയ്തു ജീവിക്കാനാവാത്ത യുവതികള്‍ക്ക് സാമ്പത്തിക സഹായവും സംഘടന നല്‍കുന്നുണ്ട്.
ലക്ഷ്മീ വിജയം ഫലം കാണുന്നു
ആസിഡ് ആക്രമണത്തിനെതിരെ ഇവര്‍ നത്തിയ പോരാട്ടങ്ങള്‍ക്ക് സി എന്‍ എന്‍ ഐ ബി എന്നിന്റെ 2013-ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, അമേരിക്കയില്‍ നിന്ന് പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയുടെ വക ധീരതക്കുള്ള അവാര്‍ഡ് സംഘടനയിലെ അംഗവും, ആസിഡ് ആക്രമണത്തിന്റെ ഇരയുമായ ലക്ഷ്മി എന്ന പെണ്‍കുട്ടിക്കും ലഭിച്ചിട്ടുണ്ട്.
പ്രണയം മാത്രമല്ല, കുടുംബ പ്രശ്നങ്ങളും ആസിഡ് ആക്രമണങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ ഇത് ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയില്‍ ആസിഡ് ആക്രമണങ്ങളുടെ നിരക്ക് വന്‍ തോതില്‍ ഉയരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലും പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും ഇന്ത്യയില്‍ ആയിരം പേര് ആസിഡ് ആക്രമണത്തിനിരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ 2006-ല്‍ ദല്‍ഹിയിലെ നടു റോഡില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി എന്ന പെണ്‍കുട്ടി നടത്തിയ പോരാട്ടങ്ങളുടെ ഫലമായി സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പരിഹാരം കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്റെ ഫലമായി 2013 ജൂലൈ 18-ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു-ആസിഡ് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട്. പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും, ആസിഡ് വാങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ഉത്തരവില്‍ പരമാര്‍ശിച്ചിരുന്നു. ആസിഡ് ആക്രമണം ജാമ്യമില്ലാ കേസായി പരിഗണിക്കണിച്ച് ഇരയായവര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കി. ആസിഡ് ആക്രമണങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമനിര്‍മ്മാണം ഇല്ലാത്തതിനാല്‍ സുപ്രീംകോടതി വിധി ആരും വിലയ്ക്കെടുത്തില്ല. കുറ്റക്കാര്‍ പലരും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടു. നഷ്ടപരിഹാരത്തിനായി ഓടിനടന്നിട്ടും ആര്‍ക്കും ലഭിച്ചതുമില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കു മുമ്പില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റോപ് ആസിഡ് അറ്റാക്സ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവം ദേശീയ തലത്തില്‍ പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ ക്രിമിനല്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വര്‍മ്മ കമ്മറ്റി ശുപാര്‍ശ ചെയ്തു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആസിഡ് ആക്രമണങ്ങള്‍ ക്രിമിനല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. കുറ്റക്കാര്‍ക്ക് പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും, പത്ത് ലക്ഷം രൂപ പിഴയും ഈടാക്കാമെന്ന് നിയമത്തില്‍ പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആസിഡ് ആക്രമണങ്ങള്‍ അവസാനിക്കാത്തത്. ശക്തമായ ശിക്ഷയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
നമുക്കു ചെയ്യാവുന്നത്
ആസിഡ് ആക്രമണം എന്ന കുറ്റം ചെയ്യുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പറ്റില്ലെന്നും നിയമം കര്‍ശനമായ രീതിയില്‍ പാലിക്കപ്പെടുമെന്നുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ വ്യാപക പദ്ധതി ആവശ്യമാണ്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഇടപെടുന്ന എല്ലാ സംഘടനകളുടേയും പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ നാം തയ്യാറാവണം. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ മുന്നേറുന്ന അനവധി യുവതികളില്‍ ചിലരെ മാത്രമാണ് ഫേസ്ബുക്ക് പേജിലൂടെ കാണാനാകുന്നത്. അവര്‍ മാത്രമല്ല, ഇന്ത്യയിലെ പല ഭാഗങ്ങളിലുമുള്ള യുവതികള്‍ക്ക് പിന്തുണ നല്കി അവരുടെ പോരാട്ടത്തിന്റെ ഭാഗമാകാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ മാത്രമേ, ആസിഡ് ആക്രമണങ്ങള്‍ക്ക് വിരാമമുണ്ടാകൂ. സ്റ്റോപ്പ്ആസിഡ് അറ്റാക്ക്സ് എന്ന വെബ്സൈറ്റ് വഴിയോ, ഫേസ്ബുക്ക് പേജ് വഴിയോ ഇന്ത്യയിലെ അനേകം വരുന്ന യുവതികള്‍ക്ക് ഒരുകൈ സഹായം നല്കാന് നമുക്കും കൈകോര്‍ക്കാം. ടീേുഅരശറഅേേമരസ െഎന്ന ഫേസ്ബുക് പേജില്‍ നിന്നുള്ള ഒരു ലിങ്കില്‍ പോയാല്‍ ലോകത്തിന്റെ ഏതു മൂലയിലിരുന്നും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാം. പേജിലെ ഫണ്ട്സപ്പോര്ട്ട് എന്ന പ്രത്യേക ലിങ്ക് വഴി സാമ്പത്തിക സഹായവും നല്‍കാം. മൊബൈല്‍ ഫോണുകളിലൂടെയാണ് ഇവരില്‍ പലരും പുറം ലോകവുമായി ബന്ധപ്പെടുന്നത്. അവുടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ചെയ്തു നല്കാന് സന്മനസുള്ളവര്ക്കുവേണ്ടി പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്. പേജില്‍ മൊബൈല്‍ഫോണ്‍ നമ്പരുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ റീ ചാര്‍ജ് ചെയ്യാവുന്നതേ ഉള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: