ലക്ഷ്മി അവ്വയ്ക്ക് വയസ്സ് 69. അവ്വയുടെ മുഖത്ത് ദൃശ്യമാകുന്ന ദൈന്യത വിളിച്ചു പറയുന്നതാവട്ടെ അതിലേറെ പ്രായം. മുഖത്തും നെറ്റിയിലും ധാരാളം ചുളിവുകള്‍.
കണ്ണിന് കാഴ്ച്ച പോരാ. കേള്‍വിയും കുറഞ്ഞു. എഴുന്നേറ്റു നില്ക്കണമെങ്കില് ഊന്നുവടി വേണം. പലപ്പോഴും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും വയ്യ. 45 വര്‍ഷത്തെ ഏകാന്ത കാനനവാസം അവ്വയുടെ മനസ്സും ശരീരവും ഏറെ തളര്ത്തിക്കഴിഞ്ഞു. വനം വകുപ്പ് വൈല്‍ഡ് ലൈഫ് ടസ്റ്റ് ഓഫ് ഇന്‍ന്ത്യ വഴി നല്കിയ വലിയ വീട്ടിലാണ് ഇപ്പോള്‍ താമസം. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ വീട് ഏകാന്ത തടവറ തന്നെ. വല്ലപ്പോഴും മുറ്റത്തെ മെയിലാഞ്ചി മരത്തില്‍ നിന്ന് ദലങ്ങള്‍ അടര്ത്താനെത്തുന്ന കൊച്ചുകുരുന്നുകളാണ് അവ്വയുടെ ഇപ്പോഴത്തെ കൂട്ടുകാര്‍. രാപകലുകള്‍ നീളുന്ന ഏകാന്തത അവ്വയെ വല്ലാതെ വിവശയാക്കിയിരിക്കുന്നു. കാട് മാടിവിളിക്കുന്നതായി ഇടക്കിടെ പറയും.
അറിയില്ലേ കോട്ടപ്പാടി ലക്ഷ്മി അവ്വയെ. വനാന്തരത്തില്‍ കാട്ടാനകളോടും കടുവകളോടുമൊപ്പം സഹവസിച്ച് അന്‍പത് വര്‍ഷം ഏകാന്ത കാനനവാസം നയിച്ച ധീരമാതാവിനെ. ആ ധീരലക്ഷ്മിയാണ് ഇപ്പോള്‍ ഏകാന്ത തടവറയില്‍ കഴിയുന്നത്. “ഗണേശാ മാറടാ” എന്ന അവ്വയുടെ ശബ്ദം കേട്ടിട്ടുള്ള ദേശവാസികള്‍ നിരവധിയാണ്. ആടിനെയും പട്ടിയെയും അകറ്റുന്നതുപോലെയാണ് അവ്വ, ആനകളെയും കടുവകളെയും അകറ്റി പാത തെളിക്കുന്നത്. കാടിളക്കി പ്രകമ്പനം കൊള്ളിച്ചുവരുന്ന കരിവീരന്മാര് അവ്വയുടെ മുന്നിലെത്തിയാല്‍ വിനയാന്വിതരാവും. അവര്‍ രാത്രി വൈകുന്നതുവരെ ചുറ്റിപ്പറ്റി അവ്വയുടെ വീടിനടുത്തുണ്ടാകും. ഇടയ്ക്ക് അവ്വ നല്കുന്ന നാളികേരവും പഴങ്ങളും ഭക്ഷിച്ച് സ്ഥലം വിടും. പതിനഞ്ച് വര്‍ഷം മുമ്പ് ഒരു കടുവയേയും മൂന്ന് കുട്ടികളേയും പനവല്ലിക്കാര്‍ കണ്ടിരുന്നു.
പിന്നീടാണറിഞ്ഞത് അവ്വയുടെ വീടിനു പിറകിലായിരുന്നു ഇവരുടെ താമസമെന്ന്. വല്ലപ്പോഴും അവ്വയ്ക്ക് റേഷനരിയും മറ്റും എത്തിച്ചു നല്‍കിയിരുന്ന വനപാലകരും നാട്ടുകാരുമാണ് ഈ കഥകളൊക്കെ നാട്ടിലെത്തിച്ചത്. അന്നും ഇന്നും ലക്ഷ്മി അവ്വ ലക്ഷ്മിയവ്വ തന്നെ. പക്ഷേ ഇപ്പോള്‍ സഹായത്തിനാരുമില്ല. ഭര്‍ത്താവ് ദാസന് ചെട്ടി പതിനഞ്ച് വര്‍ഷം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ തന്നെയും സംസ്കരിക്കണമെന്നാണ് അവ്വയുടെ ആഗ്രഹം. അതിന് കാട്ടിലേക്ക് തിരിച്ചുപോയേ പറ്റൂ…
കെ. സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: