ലണ്ടന്‍: 2022ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരം ഖത്തറില്‍ വച്ച് നടത്തുന്നതിന് അംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ ഖത്തറില്‍ നിന്നുള്ള ഫിഫ അംഗങ്ങള്‍ക്ക് 30 കോടിയോളം രൂപ കോഴ നല്‍കിയതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ മുഹമ്മദ് ബിന്‍ ഹമാമാണ് പണം കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വ്യകത്മായ ഇ-മെയില്‍ സന്ദേശത്തിന്റെയും മറ്റ് രേഖകളുടെയും പിന്‍ബലത്തോടെയാണ് തങ്ങള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് പത്രം അവകാശപ്പെടുന്നു.
ലോകകപ്പിന് വേദിയാവാന്‍ ഖത്തറിനെ പിന്തുണയ്ക്കുന്നതിന് വിവിധ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഹമാം പണം നല്‍കിയത്. ഫിഫയുടെ മുന്‍ പ്രസിഡന്റ് ജാക്ക് വാര്‍ണറുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് 1.6 ലക്ഷം ഡോളറും വോട്ടെടുപ്പിന് മുന്‍പ് 450, 000 ഡോളറും ഇത്തരത്തില്‍ കൈമാറിയെന്നും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ ലോകകപ്പ് ഫുട്ബോള്‍ റഷ്യയിലും 2022ലേത് ഖത്തറിലും നടത്താനാണ് സമിതി തീരുമാനിച്ചത്. ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാന്‍ ഖത്തറിനെ തിരഞ്ഞെടുത്തതിനെതിരെ നേരത്തെ വിവാദങ്ങളുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: