സര്‍ഗ്ഗാത്മകതയുടെയും ചിന്തയുടെയും ലാവണ്യപരമായ വളര്‍ച്ചയെ അടയാളപ്പെടുത്തിക്കൊണ്ട് പുതിയ കാലത്തെ ചിത്രകാരന്മാര് കോഴിക്കോട് ഒത്തുചേര്‍ന്നു. കേരള ലളിതകലാ അക്കാദമി മെയ് 22 മുതല്‍ 28 വരെ സംഘടിപ്പിച്ച ദേശിയ ചിത്രകലാ ക്യാമ്പില്‍ പങ്കെടുത്ത പന്ത്രണ്ട് ചിത്രകാരന്മാര് ക്യാന്‍വാസുകളില്‍ തീര്‍ത്തത് വര്‍ണ്ണങ്ങളുടെ സവിശേഷ ലോകം. ഭാരതീയ ചിത്രകലയില്‍ ഏറെ അറിയപ്പെടുന്നതും ചിത്രകലയില്‍ തങ്ങളുടെ സ്വതസ്സിദ്ധമായ ശൈലീവത്കരണത്തിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയവരുമായ അച്യുതന് കൂടല്ലൂര്‍, അജയകുമാര്‍, അലക്സ് മാത്യു, അസീസ് ടി.എം., ആര്. ബി. ഭാസ്കരന്, സി.എഫ്. ജോണ്‍, ജ്യോതികുമാര്‍, കെ. ലക്ഷ്മണന് ഗൗഡ, കെ. പ്രഭാകരന്, രാജന്കൃഷ്ണന്, ഡി.എല്‍. എന്‍. റെഡ്ഡി, ടി.വി. സന്തോഷ് എന്നിവരാണ്് ക്യാമ്പിലുണ്ടായിരുന്നത്.
യാഥാര്‍ത്ഥ്യത്തിനപ്പുറത്ത് വര്‍ണ്ണങ്ങള്‍കൊണ്ട് അമൂര്‍ത്തമായ രൂപങ്ങളും, വര്ണ്ണവിന്യാസങ്ങളും ഒരുക്കി ബോധത്തിന് അപ്പുറത്തുള്ള പ്രതിബിംബങ്ങള്‍ മെനയുക എന്നതിനപ്പുറം പുതിയ കാലത്തിന്റെ വിഹ്വലമായ അവസ്ഥകൊണ്ട് സവിശേഷമായ ഒരു ലോകം ഉണ്ടാക്കുകയാണ് ഈ ചിത്രകാരന്മാര് ചെയ്യുന്നത്. തന്റെ വേറിട്ട ചിത്രരചനാ ശൈലികൊണ്ട് തനതായ സ്വത്വം നില നിര്‍ത്തുന്ന ഉത്തരാധുനിക ഇന്ത്യന്‍ ചിത്രകലയില്‍ അറിയപ്പെടുന്ന അച്യുതന് കൂടല്ലൂരിന്റെ കാന്‍വാസുകളില്‍ കറുപ്പിന്റെയും വെളുപ്പിന്റെയും ചുവപ്പിന്റെയും വര്‍ണ്ണ സങ്കലനം കൊണ്ട് അവര്‍ണ്ണനീയമായ ഒരു അവസ്ഥയുണ്ടാക്കുകയാണ്. ഒരു പ്രത്യേക സ്കൂളിന്റെയോ അക്കാദമിയുടെയോ പിന്‍ബലമില്ലാതെ സ്വന്തമായി പഠിച്ച് വരച്ച് ചിത്രകലയുടെ ലോകത്ത് ഉന്നതിയിലെത്തിയ കേരളീയനായ ചിത്രകാരനാണ് അച്യുതന് കൂടല്ലൂര്‍. ഒരു വസ്തുവിനെ സങ്കല്‍പ്പിക്കുന്ന രൂപ സാദൃശ്യത്തിന്റെ ഇല്ലായ്മയില്‍ അതിനെ സന്നിഹിതമാക്കുന്ന ഒരു നൂതന ശൈലിയിലാണ് അച്യുതന് കൂടല്ലൂരിന്റെ ചിത്രങ്ങള്‍ കാഴ്ചക്കാരനില്‍ ഉണ്ടാക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലാ രൂപങ്ങളായ തെയ്യം, തിറ, പടയണി തുടങ്ങിയവയില്‍ ഉപയോഗിച്ചുവരുന്ന തീഷ്ണമായ വര്‍ണ്ണക്കൂട്ടുകള്‍ അച്യുതന് കൂടല്ലൂരിന്റെ കാന്‍വാസുകള്‍ക്ക് ഉദാത്തമായ ഒരു ദൃശ്യപരത നല്കുന്നു. ഭാരതീയ ചിത്രകാരന്മാരായിരുന്ന വി.എസ്. ഗയ്ദേ, എസ്.എച്ച്. രാസ തുടങ്ങിയവരുടെ കൂടെ 1970 കളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ചിത്രകലാ രംഗത്തെ വഴിത്തിരിവിന് കാരണമായി. ഇന്ത്യക്കകത്തും പുറത്തുമായി ഒട്ടനവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അച്യുതന് കൂടല്ലൂരിന്റെ ചിത്രങ്ങള്‍ യുഎസ്എ, ഹോങ്കോങ്ങ്, പാരീസ്, ഉറുഗ്വേ, ടോക്കിയോ, തുടങ്ങിയ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ലളിതകലാ അക്കാദമി അവാര്‍ഡ്, തമിഴ്നാട് ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങി നിലവധി പുരസ്കാരങ്ങളും ലോകപ്രശസ്തമായ ബിനാലേകളിലും മറ്റും പങ്കെടുത്തിട്ടുള്ള അച്യുതന് കുടല്ലൂര്‍ ഭാരതീയ ചിത്രകലയ്ക്ക് അതുല്യ സംഭാവനകള്‍ നല്കിയ ചിത്രകാരനാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചിത്രകലയില്‍ പുതിയ പ്രവണതകള്‍ പിറവിയെടുക്കുന്ന കാലത്ത് ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന രേഖീയ കാഴ്ചവട്ടം കാണിയെ ഒരു പ്രത്യേക നോട്ടസ്ഥലത്തുനിന്ന് ചിത്രം കാണാനേ അനുവദിക്കുന്നുള്ളു. ചിത്ര തലത്തിലേക്ക് കടക്കാനോ അതിലെ സന്ദര്‍ഭത്തില്‍ പങ്കുചേരാനോ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. നാടകീയതയായിരുന്നു അത്തരം ചിത്രങ്ങളുടെ പ്രത്യേകത. മനുഷ്യശരീരം, വാസ്തുരൂപം എന്നിവയുടെ അനുപാത കണക്കുകളിലും വെളിച്ച നിയന്ത്രണങ്ങളിലുമൊക്കെയായിരുന്നു പഴയ കാല ചിത്രങ്ങളില്‍ ചിത്രകാരന് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. മനുഷ്യനായിരുന്നു അവയിലെ സൗന്ദര്യത്തിന്റെയും സമഗ്രതയുടെയും ചിഹ്നം. എന്നാല്‍ അച്യുതന് കൂടല്ലൂരിനെപ്പോലുള്ള ഭാരതീയ ചിത്രകാരന്മാര് കലകളില്‍ പ്രകൃതിയും മനുഷ്യനും സസ്യവും മൃഗവുമെല്ലാം ചേര്‍ന്നാണ് സമഗ്രതയുണ്ടാകുന്നത്. ദൈനംദിന വസ്തുക്കളെ അവയില്‍ അന്തര്‍ലീനമായ വേദനയുടെയും നിരാശയുടെയും ഉത്കണ്ഠയുടെയും വികാരങ്ങളോടെ ആവിഷ്കരിക്കുന്ന ഒരു ലളിത ചിത്രമാണ് രാജന്കൃഷ്ണന് തന്റെ കാന്‍വാസില്‍ ആവിഷ്കരിച്ചത്. പ്രാദേശിക ബിംബങ്ങളുടെ സമതുലിതമായ ഒരു കാഴ്ച നോട്ടക്കാരനില്‍ സൃഷ്ടിക്കുവാന്‍ രാജന്കൃഷ്ണന് സാധിക്കുന്നു. പുതിയ കാലത്ത് പുത്തന്‍ ചിഹ്നങ്ങളും യന്ത്രങ്ങളും ഭാവകത്വം സൃഷ്ടിക്കുമ്പോള്‍ കണ്ട് മറന്നതോ, മനസ്സില്‍ തട്ടി നില്ക്കുന്നതോ ആയ ബിംബസമുച്ചയങ്ങള്കൊണ്ട് ഓര്‍മ്മകളുടെ പഴയ ഏടുകളിലേക്ക് ചിത്രം നോട്ടക്കാരനെ കൊണ്ടെത്തിക്കുന്നു. യുവനിര ചിത്രകാരന്മാരില് ഏരെ ശ്രദ്ധേയമായി നടന്ന നിരവധി ചിത്രപ്രദര്ശനങ്ങളില് തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ ആന്തരികമായ ചലനാത്മകതയുടെ യഥാര്‍ത്ഥ ബോധം കാഴ്ചക്കാരനില്‍ ഉണ്ടാക്കുന്ന ഡി.എല്‍.എന്‍. റെഡ്ഡിയുടെ ചിത്രങ്ങള്‍ വസ്തുക്കളെ അവയുടെ ഭൗതികതയോടെ അവതരിപ്പിക്കുന്നു. ആഗോളവത്കരണ കാലഘട്ടത്തില്‍ അതിന്റെ പരിസര പശ്ചാത്തലത്തില്‍ കാന്‍വാസില്‍ ഉണ്ടാക്കിയെടുക്കുന്ന വസ്തുക്കളും മനുഷ്യശരീര രൂപങ്ങളും പ്രകൃതിയും സമതുലിതാവസ്ഥ സൃഷ്ടിക്കുന്ന തരത്തിലാണ് ഡി.എല്‍.എന്‍. റെഡ്ഡിയുടെ വലിയ കാന്‍വാസുകള്‍ കാഴ്ചക്കാരനോട് സംവദിക്കുന്നത്.
സ്ത്രീ ശരീരത്തിന്റെ നഗ്നമായ കാഴ്ചശീലങ്ങള്ക്കപ്പുറത്ത് സൗന്ദര്യത്തിന്റെ ഏകതാനമായ സ്വത്വപ്രതിബിംബമായി മാറുന്ന റെഡ്ഡിയുടെ കാന്‍വാസിലെ നഗ്ന സ്ത്രീകള്‍. ശരീരത്തിന്റെ ഉര്‍വരത ബന്ധത്തില്‍ നിന്നും ലാവണ്യ ബോധത്തിലേക്ക് കടക്കുന്ന ഒരു ഭാവമാണ് ഈ ചിത്രങ്ങളില്‍ തെളിയുന്നത്. ചിത്രീകരണത്തിലെ അസ്വാഭാവികമായ സ്ഥാനവും നിലയും വര്‍ണ്ണവിന്യാസവും സമകാലീന ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന അസുഖകരമായ അവസ്ഥകളിലേക്ക് ചിത്ര വര്‍ണ്ണങ്ങള്‍ നമ്മുടെ ഭാവനയെ കൂട്ടിക്കൊണ്ടുപോകുന്നു. നവോത്ഥാന കാലത്തിനു ശേഷം ഉണ്ടായ പല ചിത്രരചനകളിലും പരമ്പരകളിലും സ്ത്രീരൂപങ്ങള്‍ വെറും നിഷ്ക്രിയ രതിബിംബങ്ങള്‍ മാത്രമായിരുന്നല്ലോ എന്ന് റെഡ്ഡിയെ പോലുള്ള ഭാരതീയ ചിത്രകാരന്മാര് സമ്പന്നവര്‍ഗ്ഗത്തിന്റെ ഭോഗപരതയുടെ ചിഹ്നങ്ങള്ക്കപ്പുറത്ത് നഗ്ന ശരീരങ്ങള്‍ പുതിയകാലത്തിന്റെ ചോദ്യചിഹ്നമായി പ്രതീകാത്മകമായി ബിംബവത്കരിക്കപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ കൃത്യമായ അളവുകള്‍ പാലിച്ചിട്ടുള്ളവയല്ല റെഢിയുടെ സ്ത്രീരൂപങ്ങള്‍. ശരീരത്തിന്റെ തൊലിപ്പുറത്തുള്ള മേനിയെന്നതിനപ്പുറം താത്വികമായ ഒരു മാനം ഈ ചിത്രങ്ങളില്‍ ദര്‍ശിക്കുവാന്‍ സാധിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യാതനയും വേദനയും നിറഞ്ഞ അവസ്ഥയില്‍ ജീവിക്കുന്ന കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട പച്ചമനുഷ്യരുടെ ദയനീയ മുഖങ്ങള്‍ കാന്‍വാസുകളില്‍ നിറച്ച് ഇന്ത്യന്‍ ചിത്രകലാ ലോകത്ത് നൂതനമായ ആവിഷ്കാര പദ്ധതി തയ്യാറാക്കിയ ചിത്രകാരനാണ് അലക്സ് മാത്യു. യാതനാപൂര്‍ണ്ണമായ മനുഷ്യ ജീവിതത്തിന്റെ ദുരിതപര്‍വ്വങ്ങള്‍ കറുത്ത രേഖകളില്‍ കോറിയിടുമ്പോള്‍ അലക്സ് മാത്യു എന്ന ചിത്രകാരന് നിരാശാജനകമായ ജീവിതം ജീവിച്ചു തീര്‍ക്കുന്ന സാധാരണജനങ്ങളുടെ നൈരാശ്യ പൂര്‍ണ്ണമായ മുഖഭാവങ്ങള്‍ കാഴ്ചക്കാരനില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നൂറുകണക്കിന് മനുഷ്യരുടെ മുഖഭാവങ്ങള്‍ ഒരു കാന്‍വാസില്‍ നിറയുമ്പോള്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ വഴികള്‍ നോട്ടക്കാരനില്‍ ഉണ്ടാക്കുവാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുന്നു. സമകാലീന കലയിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ദൂഷ്യമാണെന്ന് ഈ ചിത്രങ്ങള്‍ പറയാതെ പറയുന്നു. ദൂഷിത കലകളായി മാറുകയാണ് അലക്സ് മാത്യുവിന്റെ കാന്‍വാസിലെ ദുരിതമുഖങ്ങള്‍. ആഭിജാത്യത്തിന്റെ കെടുകാഴ്ചകള്ക്കപ്പുറത്ത് നിശിതമായ ചോദ്യങ്ങളായി മാറുകയാണ് അലക്സ് മാത്യുവിന്റെ ചിത്രങ്ങള്‍. ഒരു തത്പര സത്യത്തെ വെളിവാക്കുന്ന രൂപക്രമീകരണമല്ല അലക്സ് മാത്യുവിനെ സംബന്ധിച്ചിടത്തോളം കല. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ വിഭാഗത്തിന്റെയോ വാഹനമായി കലയെ കരുതുന്നുമില്ല ഇദ്ദേഹം.
വര്‍ത്തമാനകാലത്ത് ജീവിക്കുന്ന താഴേക്കിടയിലുള്ളവരുടെ നീറുന്ന വെളിച്ചംകെട്ട ജീവിതപരിസരത്തെ ഓര്‍മ്മപ്പെടുത്തുന്ന അലക്സ് മാത്യു ഇന്ത്യയിലെ എണ്ണപ്പെട്ട ചിത്രകാരന്മാരില് ഒരാളാണ്. തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലും ചിത്രകലാപഠനം നടത്തി. ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദേശത്തടക്കം നടന്ന ഒട്ടനവധി ചിത്രകലാക്യാമ്പുകളിലും തന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങള്‍ സൃഷ്ടിച്ച അലക്സ്മാത്യു ഹൈദരാബാദ് എസ്എന്‍ സ്കൂള്‍ ഓഫ് പര്‍ഫോമിംഗ് ആര്‍ട്സ് ഫൈന്‍ ആര്‍ട്സില്‍ അസോസിയേറ്റ് പ്രഫസറാണ്.
തീഷ്ണമായ വര്‍ണ്ണങ്ങളില്ലാത്ത തന്റെ ലാളിത്യ പൂര്‍ണ്ണമായ വര്ണ്ണപ്രയോഗത്തിലൂടെ ചലനാത്മകമായ ഒരു ഇടം കാന്‍വാസില്‍ രുപപ്പെടുത്തുകയാണ് അസീസ് ടി.എം. എന്ന ചിത്രകാരന്. തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി ജാമിയ മിലിയ ഇസ്ലാമികയൂണിവേഴ്സിറ്റിയില് നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ചിത്രകാരനാണ് അസീസ് ടി.എം. വര്‍ണ്ണങ്ങളുടെ ധാരാളിത്തമില്ലാത്ത നിതാന്തമായ ജാഗ്രതയോടെ ശൂന്യസ്ഥലികള്‍ ഒഴിച്ചുവിട്ട് കാഴ്ചക്കാരന് യഥേഷ്ടം സഞ്ചരിക്കാനുതകുന്ന രീതിയില്‍ വര്‍ണ്ണങ്ങളുടെ ക്രമമില്ലാതെയാണ് അസീസ് തന്റെ കാന്‍വാസിലൂടെ സമ്പന്നമാക്കുന്നത്.
ആധുനിക ചിത്രകലാ പ്രസ്ഥാനത്തില്‍ റിയലിസത്തിനു കീഴടങ്ങിയാലും കുഴപ്പമില്ലെന്ന രീതിയില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ സമൂഹത്തിനു ചുറ്റുമുള്ള അവസ്ഥകളെ ചിത്രീകരിക്കുമ്പോള്‍ റിയലിസത്തിലേക്കുള്ള മടങ്ങിപ്പോക്കല്ല അസീസിന്റെ ചിത്രങ്ങളില്‍ തെളിയുന്നത്. യാഥാര്‍ത്ഥ്യം ചിത്രകാരന്റെ തീവ്രമായ ദര്ശനബോധത്തെപ്പോലും അതിശയിപ്പിക്കുന്ന അറിവില്‍ നിന്നു ജനിക്കുന്ന റിയലിസമാണ്്. ഇതില്‍ ചിന്തയുടെ മേലുള്ള വസ്തുക്കളുടെ ആധിപത്യവും അതു സൃഷ്ടിക്കുന്ന പരിഹരിക്കാനാവാത്ത പിരിമുറുക്കവും കണ്ടേക്കാം. ഇവിടെ ചിത്രകാരന് യാഥാര്‍ത്ഥ്യത്തിന്റെ ആഴം അതിശയോക്തിപരമായി അന്വേഷിക്കുകയാണ് ചെയ്യുന്നത്.
നിലവിലുള്ള കാലത്തോടു വിമര്‍ശനാത്മകമായി സംവദിച്ചുകൊണ്ട് കാലാതിവര്‍ത്തിയായി നിലനില്ക്കേണ്ടതാണ് നല്ല കലാസൃഷ്ടികള്‍. അതുകൊണ്ട് തന്നെയാണ് വിഖ്യാത ചിത്രകാന്മാരെല്ലാം കലാസൃഷ്ടികളുടെ മഹത്വം കൊണ്ട് ഇന്നും മരണാനന്തരം അവര്‍ ജനമനസ്സുകളില്‍ ജീവിക്കുന്നത്. കലയിലെ പരിണാമങ്ങള്‍ അടിസ്ഥാനപരമായി കലാകാരനിലെ പരിണാമം തന്നെയാണ്. ആര്.ബി. ഭാസ്കരന് എന്ന വിഖ്യാത ചിത്രകാരന് അതുകൊണ്ട് തന്നെ ഭാരതീയ ചിത്രകലാരംഗത്ത് തന്റെ സ്വതസിദ്ധമായ ആവിഷ്കാര രീതികൊണ്ട് ശ്രദ്ധേയനായ ചിത്രകാരനായി മാറിയത്. 1960കളില്‍ മദ്രാസില്‍ ഉണ്ടായ മദ്രാസ് ആര്‍ട്ട് മൂവ്മെന്റില്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്കി വേറിട്ട ശൈലികൊണ്ട് ഇടം നേടിയ അപൂര്‍വം ചിത്രകാരന്മാരിലൊരാളാണ് ആര്.ബി. ഭാസ്കരന്. ഭാരതീയതയില്‍ അധിഷ്ഠിതമായ രചനാ ശൈലിയും രൂപങ്ങളും കൊണ്ട് തന്റെ കാന്‍വാസിനെ അതുല്യമായ ഒരു അനുഭൂതിയാക്കി ഭാരതീയമായ ശൈലീഭദ്രതയില് ചിത്രങ്ങള്‍ രചിക്കുന്ന ആര്.ബി. ഭാസ്കര്‍ പ്രാചീനകാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ബിംബങ്ങളുംവര്ണ്ണങ്ങളുംകൊണ്ട് സമ്പന്നമാക്കുകയാണ്്. ഭാരതീയ മിത്തുകളും, അനുഷ്ഠാനപരമായ ചിഹ്നങ്ങളും, ആദിവാസി ജനസമൂഹത്തിന്റെ ജീവിതം വര്‍ണ്ണങ്ങളും ഇദ്ദേഹം തന്റെ കാന്‍വാസുകളില്‍ കലാപരമായി പുനരാവിഷ്കരിക്കുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചായംതേക്കലുകള് കൊണ്ട് പ്രാചീന ജനസമൂഹത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഒരു പൊതുസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ആശയങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാനാകുന്ന ഗോത്ര കലയിലെ ചിഹ്നങ്ങള്‍ അര്‍ത്ഥവത്തായി കൂട്ടിച്ചേര്‍ത്തുകൊണ്ട് പുതിയൊരു കാഴ്ചയുടെ ഇടം തീര്‍ക്കുകയാണ് ആര്. ബി. ഭാസ്കരന്. ചെന്നൈ സ്വദേശിയായ ഇദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാരതീയ ചിത്രകലയിലെ ബിംബമാതൃകകള്സ്വീകരിച്ചുകൊണ്ട് നൂതനമായ ആവിഷ്കാര പദ്ധതി തയ്യാറാക്കിയ ചിത്രകാരന് കൂടിയാണ് ആര്. ബി. ഭാസ്കരന്.
വര്‍ണ്ണങ്ങളെ പ്രത്യേക രീതിയില്‍ വിന്യസിച്ച് ചിത്ര സ്ഥലത്തിന് പുതിയ അര്‍ത്ഥവ്യാപ്തി സൃഷ്ടിക്കുന്നതാണ്് വര്‍ണ്ണങ്ങളുടെ പെരുക്കങ്ങളില്ലാത്ത കണിശമായ ജാഗ്രതയോടെ നിറം ചാലിക്കുന്ന രീതിയാണ് സി.എസ്. ജോണ്‍ എന്ന ചിത്രകാരന്റെ പ്രത്യേകത. വളരെകുറച്ച് വര്‍ണ്ണങ്ങള്‍ മാത്രം ഉപയോഗിച്ച് മഞ്ഞയുടെ ഊഷ്മളമായ ഭാവുകത്വത്തെ അര്‍ത്ഥപൂര്‍ണ്ണമായ മൗനത്തിലേക്ക് കൊണ്ടുപോകുന്നു സി. എഫ്. ജോണിന്റെ ചിത്രം. ഏകാന്തമായ കറുപ്പിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീരൂപം നവജാതശിശുവിനെ ഉള്‍ക്കൊണ്ടുകൊണ്ട് നിശ്ചലാവസ്ഥയിലിരിക്കുന്നു. ചിത്രതലത്തിന്റെ മുന്‍ഭാഗത്തുനിന്നും ഉയര്‍ന്നു നില്ക്കുന്ന വള്ളിപ്പടര്‍പ്പുകളില്‍ ഒരറ്റത്ത് വര്‍ണ്ണ കൂട്ടുകളൊന്നുമില്ലാതെ ആരേയോ കാത്തിരിക്കുന്നതുപോലെ ഒറ്റപ്പെട്ടുപോയ ഒരു പക്ഷി. ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ഏറെനേരം നോക്കിനില്ക്കുമ്പോള് ഉള്ളിന്റെയുള്ളില്‍ ഒരു മ്ലാനത നാമറിയാതെ ഇരച്ചുപൊങ്ങുന്നതു പോലെ. ഇവിടെ ചിത്രകാരന് തന്റെ കാന്‍വാസില്‍ കാലത്തിന്റെ നൈമിഷികതയോടൊപ്പം ഏകാന്തതയുടെ അംശവും കൂട്ടിച്ചേര്‍ക്കുന്നു. നിശ്ചലതയാണ് സി.എഫ്. ജോണിന്റെ ചിത്രത്തിന്റെ പ്രകടനരീതി. നിശ്ചലതയില്‍ വേഗം എന്ന ഘടകവും ഭാവവും വര്‍ണങ്ങള്‍കൊണ്ട് തുറന്നുകാണുന്നു സി.എഫ് എന്ന ചിത്രകാരന്. ലളിതവും എന്നാല്‍ വര്ണ്ണസങ്കലനംകൊണ്ട് രൂപങ്ങളില്‍ കഠിനമായ സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. മനുഷ്യബന്ധങ്ങളുടെ വിശാലമായ കാഴ്ചപ്പാടുകള്‍ ഏകാന്തമായ ബിംബവത്കരണത്തിലൂടെ ആവിഷ്കരിക്കുമ്പോള്‍ ഈ ചിത്രകാരന് സമൂഹത്തിന്റെ മുന്നിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ തന്റെ ചിത്രത്തിലൂടെ ചോദിക്കുന്നുണ്ട്. ആപല്‍ക്കരമായ ശൂന്യതകൊണ്ട് കാന്‍വാസിനെ സമ്പന്നമാക്കുകയാണ് ദേശീയ ചിത്രകലാ അവാര്‍ഡ് ജേതാവ് കൂടിയായ സി.എഫ്. ജോണ്‍.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ചിത്രകലയില്‍ ബിരുദം നേടിയ ജ്യോതികുമാറിന്റെ ചിത്രത്തില്‍ നിറയുന്നത് ഭ്രമാത്മകമായ വര്‍ണങ്ങളും രേഖകളും സ്ഥലകാലങ്ങളുമാണ്. മനുഷ്യഗോചരമല്ലാത്ത ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തവും എന്നാല്‍ എവിടെയോ ഉള്ളതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് ജ്യോതികുമാറിന്റെ ചിത്രങ്ങള്‍.ദൃശ്യതയുടെ വിവിധരീതികളുടെ ബിംബവത്കരണത്തിലൂടെ കാഴ്ചക്കാരനെ അസ്വസ്ഥതയുടെ ലോകത്ത് എത്തിക്കുന്ന സ്ഥലകാലമാണ് ജ്യോതികുമാറിന്റെ ചിത്രങ്ങളില്‍ തെളിയുന്നത്.
ഇന്ത്യയിലെ അതിപ്രശസ്തനായ ചിത്രകാരനും ബഹുമുഖ പ്രതിഭയുമാണ് കെ. ലക്ഷ്മണന് ഗൗഡ. ഭാരതീയ ചിത്രസങ്കേതങ്ങളില്‍ ഊന്നിയുള്ള രചനാരീതിയാണ് ലക്ഷ്മണന് ഗൗഡയുടെ പ്രത്യേകത. ഗോത്രവര്ണ്ണപദ്ധതിയും രീതികളും ചായകൂട്ടുകളും അദ്ദേഹത്തിന്റെ ശൈലിയാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ ഇദ്ദേഹം വ്യത്യസ്തങ്ങളായ മാധ്യമങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഡ്രോയിംഗ്, പെയിന്റിംഗ്, പ്രിന്റ്, എച്ചിംഗ്, ഫ്രെഡ്കോ പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, ശില്പകല എന്നിവയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.
ജ്വലിക്കുന്ന വര്‍ണ്ണങ്ങളിലൂടെ അവാച്യമായ ഒരു ദ്യശ്യബിംബം സൃഷ്ടിക്കുന്നു ടി.വി. സന്തോഷിന്റെ വര്‍ണ്ണകൂട്ടുകള്‍. പുതിയകാലത്തിന്റെ എല്ലാവിധ സ്വാധീനങ്ങളും ഉപയോഗിച്ചുകൊണ്ട് ചിത്രതലത്തില്‍ വേറിട്ട കാഴ്ചയൊരുക്കുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഒരാളുടെ നെഗേറ്റെവില് അവന് അവനല്ലാതാവുകയും വേറെ ആരെല്ലാമോ ആയിത്തീരുകയും ചെയ്യുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ചിത്രശൈലി. മിഥ്യയെയും യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തെയും മിത്തിനേയും സമ്മിശ്രമാക്കാനുള്ള ശ്രമം ടി.വി. സന്തോഷിന്റെ ചിത്രങ്ങളില്‍ തെളിയുന്നു.
രാജേന്ദ്രന് പുല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: