ബംഗളൂരു: കന്നി ഐപിഎല്‍ കിരീടം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്നിറങ്ങും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പഞ്ചാബിപ്പടയ്‌ക്കു മുന്നില്‍ വരുന്നത് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ്. കളി രാത്രി എട്ടുമുതല്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ തമ്മിലെ അങ്കമെന്നു തന്നെ കലാശക്കളിയെ വിശേഷിപ്പിക്കാം. കിംഗ്സ് ഇലവന്റെ ബാറ്റിംഗും നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗും തമ്മിലെ മാറ്റുരയ്‌ക്കലായും മത്സരം വിശേഷിപ്പിക്കപ്പെടുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് കിംഗ്സ് ഇലവന്‍ ഫൈനലിനെത്തുന്നത്. എങ്കിലും നൈറ്റ്‌റൈഡേഴ്സിന് നേരിയ മുന്‍തൂക്കമുണ്ട്. ഈ സീസണില്‍ മൂന്നു തവണ ഇരുടീമുകളും പരസ്പ്പരം ഏറ്റുമുട്ടി. ഒന്നാം ക്വാളിഫയറിലടക്കം രണ്ടു തവണയും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നു. വമ്പനടികളുടെ ചക്രവര്‍ത്തി ഗ്ലെന്‍ മാക്സ്‌വെല്‍ നൈറ്റ്‌റൈഡേഴ്സിനു മുന്നില്‍ പിടിച്ചുനില്‍ക്കുന്നില്ലെന്നതാണ് കിംഗ്സ് ഇലവന്‍ നേരിടുന്ന പ്രധാന പ്രശ്നം.
സുനില്‍ നരെയ്നും ഷാക്കിബ് അല്‍ ഹസനും പിയൂഷ് ചൗളയും ചേര്‍ന്ന സ്പിന്‍ ത്രയത്തെ മാക്സ്‌വെല്ലിനു കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല, നരെയ്നെ പ്രത്യേകിച്ചും. എന്നാല്‍ ഏതു സമയവും ഫോമിലെത്താന്‍ സാധ്യതയുള്ള താരമാണ് മാക്സ്‌വെല്‍. അതിനൊപ്പം വീരേണ്ടര്‍ സെവാഗും മനന്‍ വോഹ്‌റും ഡേവിഡ് മില്ലറും നായകന്‍ ജോര്‍ജ് ബെയ്‌ലിയും കത്തിക്കയറിയാല്‍ കിംഗ്സ് ഇലവന് വമ്പന്‍ സ്കോര്‍ ലഭിക്കും.
നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് നിരയിലും ചില്ലറക്കാരല്ല ഉള്ളത്. ഏഴാം സീസണിലെ ടോപ് സ്കോററുടെ പദവി കൈയാളുന്ന റോബിന്‍ ഉത്തപ്പയാണ് അതില്‍ പ്രമുഖന്‍. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും യൂസഫ് പഠാനുമൊക്കെ മാച്ച് വിന്നര്‍മാരുടെ കൂട്ടത്തിലുണ്ട്.
പര്‍വീന്ദര്‍ അവാനയും മിച്ചല്‍ ജോണ്‍സനും കിംഗ്സ് ഇലവന്റെ പേസ് അറ്റാക്കിനെ നയിക്കും. കൊല്‍ക്കത്ത പേസര്‍മാരില്‍ മോണി മോര്‍ക്കലും ഉമേഷ് യാദവും മൂര്‍ച്ചയേറിവര്‍. നരെയ്നും ഷാക്കിബിനും പഞ്ചാബ് കരുതിവച്ചിരിക്കുന്ന മറുപടിയാണ് അക്ഷര്‍ പട്ടേലും കരണ്‍വീര്‍ സിംഗും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: