ഭാരതത്തില്‍ ഒരു പൗരന് മന്ത്രിപദം വഹിക്കാനുള്ള യോഗ്യത എന്തെന്ന് ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. 18 വയസ്സ് പൂര്‍ത്തിയായ ആള്‍ക്ക് സമ്മതിദാനാവകാശം ലഭ്യമാകും. പക്ഷേ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതിന് 25 വയസ്സു തികഞ്ഞിരിക്കണമെന്നാണ് ചട്ടം. ലോക്സഭയിലോ രാജ്യസഭയിലോ അംഗമാകുന്ന ആര്‍ക്കും മന്ത്രിയാകാന്‍ കഴിയും. അതല്ലാതെ എന്തെങ്കിലും യോഗ്യത വേണ്ടതുണ്ടോ ആവോ? പ്രധാനമന്ത്രിയാണ് മന്ത്രിയെ നിര്‍ദ്ദേശിക്കേണ്ടത്. അതദ്ദേഹത്തിന്റെ പ്രത്യേകാധികാരമാണ്. അങ്ങനെ നിര്ദ്ദേശിക്കപ്പെട്ടയാളെ രാഷ്ട്രപതി നിയമിക്കുന്നു. പ്രധാനമന്ത്രിക്ക് തന്നെ ആ ആളെ ഒഴിവാക്കാന്‍ രാഷ്ട്രപതിയോടാവശ്യപ്പെടാം. ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന അതിശക്തന്‍ മൊറാര്‍ജി ദേശായിയെ കൈക്കില കൂടാതെതന്നെ വാങ്ങിയെറിഞ്ഞ അനുഭവമുണ്ടായി. ഒരു പ്രഭാതത്തില്‍ തന്റെ ഔദ്യോഗിക കൃത്യങ്ങള്‍ ആരംഭിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയുടെ മുദ്ര വെച്ച കവര്‍ അദ്ദേഹത്തിന്റെ മേശപ്പുറത്തെത്തുകയും അതു തുറന്ന് വായിച്ചശേഷം തന്നെ ധനമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയ കത്താണതെന്ന് അറിയിച്ചുകൊണ്ട് നാടകീയമായി അവരെ പറഞ്ഞുവിട്ട് രാജി നല്‍കുകയാണ് മൊറാര്‍ജി ചെയ്തത്. ഭാരതത്തിന്റെ സാമ്പത്തികാവസ്ഥ അന്നാണ് കുത്തഴിഞ്ഞു തുടങ്ങിയത്.
മെയ് 26 ന് അധികാരമറ്റ നരേന്ദ്രമോദി മന്ത്രിസഭയില്‍ മാനവശേഷി വികസന വകുപ്പിന്റെ ചുമതല നല്കപ്പെട്ട സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി കോണ്‍ഗ്രസ് നേതാവ് അജയമാക്കന് ആരംഭിച്ച അധിക്ഷേപ പരാമര്‍ശമാണ് ഇത്രയും ഓര്‍ക്കാന്‍ ഇടനല്‍കിയത്. അവര്‍ ബിരുദധാരിണിയല്ലെന്നും വെറും പന്ത്രണ്ടാം ക്ലാസുകാരിയാണെന്നും അവര്‍ എങ്ങനെയാണ് ഭാരതത്തിന്റെ വിദ്യാഭ്യാസരംഗമടക്കമുള്ള മാനവശേഷി വികാസം കൈയിലേന്തുന്നത് എന്നുമാണ് മാക്കനും അദ്ദേഹത്തിന്റെ ശിങ്കിടികളും വാദിക്കുന്നത്. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ആ ആക്ഷേപത്തെ അപഹസിച്ചുകൊണ്ട് വ്യോമയാന വകുപ്പ് മന്ത്രി പെയിലറ്റ് ആവണമെന്നു പറയന്നതുപോലെയാണിതെന്ന് പ്രസ്താവിച്ചു. തന്റെ പഠിപ്പുനോക്കിയല്ല പ്രവര്‍ത്തനമികവു നോക്കിയാവണം വിലയിരുത്തേണ്ടതെന്ന് ശ്രീമതി ഇറാനിയും, പ്രധാനമന്ത്രിയുടെ വിശ്വാസപാത്രമായതിനാലാണ് നിയമനമെന്നു മന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച് അദ്ദേഹത്തിന്റെ മൂന്നേമുക്കാല്‍ ലക്ഷത്തിന്റെ മുന്‍ഭൂരിപക്ഷം ഒരുലക്ഷമാക്കിക്കുറച്ചയാളാണ് സ്മൃതി ഇറാനി. “സ്മൃതി ഇറാനിയോ അങ്ങനെയൊരാളെ കേട്ടിട്ടേയില്ലല്ലൊ” എന്ന് പറഞ്ഞ പ്രിയങ്ക വധേരയ്ക്കും ഇപ്പോള്‍ ആളെ തിരിഞ്ഞുകാണും. ബിജെപിയുടെ വക്ത്രി എന്ന നിലയ്ക്കും രാജ്യസഭാംഗമെന്ന നിലയ്ക്കും അവരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് ആരും സമ്മതിക്കും.
അക്കാദമിക യോഗ്യതയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിന്റെ മാനദണ്ഡമെങ്കില്‍ കഴിഞ്ഞ 10 വര്‍ഷവും നടത്തിയ ആ ‘കൈകാര്യം’ ഭാരതത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ നിലവാരത്തെ എവിടെ കൊണ്ടെത്തിച്ചുവെന്നു നോക്കുന്നത് നന്നായിരിക്കും. ലോകോത്തരങ്ങളായ 100 വിദ്യാപീഠങ്ങളില്‍ ഒന്നുപോലും ഭാരതത്തിലില്ല. ചീനയില്‍ അഞ്ചും ജപ്പാനില്‍ എട്ടുമുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യാ പഠനകേന്ദ്രങ്ങളുടേയും സ്ഥിതിയും അതുതന്നെ. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന മികച്ച പഠിതാക്കളുടെ പുറത്തേക്കുള്ള ഒഴുക്കും ആശങ്കാജനകമാണ്. മികച്ച അധ്യാപകരും ഭാരതത്തിലേക്ക് വരാന്‍ അഭിലഷിക്കുന്നില്ല. ഡോ.സി.വി.രാമനുശേഷം നൊബേല്‍ സമ്മാനാര്‍ഹരായ ഭാരതീയരായ എല്ലാവരും തന്നെ തങ്ങളുടെ ആവിഷ്ക്കരണങ്ങള്‍ നടത്തിയത് ഭാരതത്തിന് വെളിയിലെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. അത്തരം പ്രതിഭകള്‍ തഴച്ചുവളരാനുള്ള നിലമൊരുക്കാന്‍ അക്കാദമിക മികവു തികഞ്ഞ മാനവശേഷി മന്ത്രിമാര്‍ക്കു കഴിഞ്ഞില്ല എന്ന കാര്യം വിമര്‍ശകര്‍ മറക്കരുത്.
ഒരാള്‍ ഏതുവരെ പഠിച്ചുവെന്നതു കഴിവിന്റെ അളവുകോലല്ല. ഏഴാം ക്ലാസുകാരായ അച്യുതാനന്ദനും ഇ.കെ.നായനാരും പത്താംക്ലാസുകാരനായിരുന്ന കെ.കരുണാകരനും മോശം മുഖ്യമന്ത്രിമാരായിരുന്നില്ല. കരുണാകരന്റെ മുന്നില്‍ എത്ര ശക്തനായ ബ്യൂറോക്രാറ്റിനും ഉത്തരംമുട്ടുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇന്റര്മീഡിയറ്റുകാരനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വിവിധ വിജ്ഞാനശാഖകളിലുണ്ടായിരുന്ന അറിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നല്ലൊ. വിവിധ പ്രശ്നങ്ങളെ തന്റെ അനുയായികള്‍ എങ്ങനെ വീക്ഷിക്കണം എന്നതിന് അദ്ദേഹം നല്കിയ മാര്‍ഗദര്‍ശനങ്ങളെ പ്രശംസിച്ചിരുന്ന ആളായിരുന്നു സംഘത്തിന്റെ ആദ്യപ്രചാരകനും ബൗദ്ധിക് പ്രമുഖുമായിരുന്ന ബാബാ സാഹിബ് ആപ്തേ. ഒരിക്കല്‍ നാഗ്പൂര്‍ കാര്യാലയത്തില്‍ പോയപ്പോള്‍ ഇഎംസിന്റെ ഗാന്ധി ആന്റ് ഹിസ് ഇസം എന്ന പുസ്തകം വായിച്ചിരിക്കുന്ന ആപ്തേജിയെയാണ് കണ്ടത്. ഇതുപോലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് സ്വയംസേവകര്‍ക്ക് കാഴ്ചപ്പാടുണ്ടാക്കാന്‍ തക്കവിധത്തില്‍ എഴുതണമെന്ന് പരമേശ്വര്‍ജിയോടു പറയാന്‍ ഏല്‍പ്പിച്ചിരുന്നു. പരമേശ്വര്‍ജിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ആ രംഗത്ത് വഹിക്കുന്ന പങ്ക് അവിസ്മരണീയമാണല്ലൊ. മെട്രിക്കുലേഷന്‍ വരെ മാത്രം പഠിച്ച ആപ്തേജിയുടെ അറിവിന്റെ ആഴവും പരപ്പും അത്ഭുതാവഹമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഭാരതത്തിന്റെ വിസ്തൃതവും വൈവിധ്യം നിറഞ്ഞതുമായ ചരിത്രവിവരങ്ങള്‍ സമാഹരിക്കണമെന്നത്. അതിനായി ആരംഭിച്ച ഭാരതീയ ഇതിഹാസ സങ്കലന്‍ സമിതിയുടെ പ്രവര്‍ത്തനത്തിന് അതിപ്രഗത്ഭരായ ഒട്ടേറെ അക്കാദമിഷ്യന്മാര് മുന്നില്‍നിന്നു. അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി പ്രാചീനകാലത്തെന്നോ മണ്മറഞ്ഞ സരസ്വതീനദിയുടെ പ്രവാഹദിശ കണ്ടെത്താനായത് ആഗോളശ്രദ്ധ പിടിച്ചുപറ്റിയ നേട്ടമാണ്. ഇതിഹാസപരാമൃഷ്ടമായ ദ്വാരകാനഗരത്തിന്റെ സമുദ്രത്തിലേക്കുള്ള തിരോധാനത്തെ പഠിക്കാന്‍ നടത്തപ്പെട്ട ദ്വാരകാപര്യവേഷണവും ശ്രദ്ധേയമായി.
ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹാദൂര്‍ ശാസ്ത്രിയാകട്ടെ സംസ്കൃത ശാസ്ത്രി പരീക്ഷയ്ക്കപ്പുറം പഠിക്കാന്‍ അവസരം ലഭിക്കാത്ത ഗ്രാമീണനായിരുന്നു. പക്ഷേ ഭാരതം കണ്ട ശക്തനായ ഭരണാധികാരിയാണ് താനെന്ന് പാക്കിസ്ഥാന് ആക്രമണത്തെ പരാജയപ്പെടുത്തിയപ്പോഴും ജയ്ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം നല്കിയപ്പോഴും തെളിയിച്ചു. സ്വാതന്ത്ര്യദിനങ്ങളിലും പാക് ആക്രമണവേളയിലും അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ വജ്രംപോലെ കഠോരവും പൂപോലെ മൃദുലവുമാണെന്ന് രാഷ്ട്രം മനസ്സിലാക്കി.
തമിഴ്നാട് കണ്ട ഏറ്റവും ശക്തയായ മുഖ്യമന്ത്രി ജയലളിതയാണെന്ന് ആരും സമ്മതിക്കും. അവര്‍ പന്ത്രണ്ടാം ക്ലാസുകാരിയാണ്. നെഹ്റുവിന് അവശത അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനായി കാമരാജ് പദ്ധതി നടപ്പാക്കിയ കാമരാജ നാടാര്‍ തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ എത്ര കാര്യശേഷിയുള്ളവനാണെന്ന് കാട്ടിയിട്ടുണ്ട്. ഭാരതത്തില്‍ പ്രഥമവിദ്യാഭ്യാസമന്ത്രി സ്ഥാനം വഹിച്ച മൗലാന അബ്ദുള്‍ കലാം ആസാദ് അറബിയിലും പേര്‍ഷ്യനിലും പണ്ഡിതനായിരുന്നെങ്കിലും ഇംഗ്ലീഷിലും ഹിന്ദിയിലും അനഭ്യസ്തനായിരുന്നു. അദ്ദേഹത്തെയാണ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്രഭാരതത്തിന്റെ വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാന്‍ ഏല്‍പ്പിച്ചത്. ഭാരതം സ്വാതന്ത്ര്യം നേടുന്നുവെന്ന ആത്മകഥ അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതി, ഹുമയൂണ്‍ കബീറിനെക്കൊണ്ട് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യിക്കുകയായിരുന്നു.
നരേന്ദ്രമോദി സ്മൃതി ഇറാനിക്കു കൊടുത്ത പണി ഏതെങ്കിലും പള്ളിക്കൂടത്തില്‍ ചെന്നു ക്ലാസെടുക്കാനല്ല. ഭാരതത്തിലെ പാഴായിപ്പോകുന്ന മനുഷ്യ വിഭവത്തെയാകെ ലോകോത്തര നിലവാരത്തിലേക്കുയര്ത്തിക്കൊണ്ടുവരാനുള്ള മാര്‍ഗം കണ്ടെത്തി വികസിപ്പിക്കാനാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും മികച്ച സേവനം നടത്തിയതാരെന്നു നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് മന്നത്തുപത്മനാഭനെയാണ്. മലയാളം ഏഴാം ക്ലാസും പ്ലീഡര്‍ പരീക്ഷയും വിദ്യാഭ്യാസ യോഗ്യത. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ വൈപുല്യംകൊണ്ട് രാഷ്ട്രപതി ഡോക്ടര്‍ രാധാകൃഷ്ണനും രാജേന്ദ്രപ്രസാദും അത്ഭുതപരതന്ത്രരായിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരംഗത്തു നടന്ന വിപ്ലവത്തിന്റെ രാസത്വരകവും മുന്നണി പടയാളിയുമാകാന് അദ്ദേഹത്തിനു കഴിഞ്ഞു. ഓരോ കൃത്യം ചെയ്യാനും പറ്റിയ ആളെ കണ്ടെത്തി ചുമതല ഏല്‍പ്പിക്കാനും അത് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്താനുമുള്ള കഴിവാണ് പ്രധാനം. “മിനിമം ഗവണ്മെന്റ് മാക്സിമം ഗവേണന്‍സ്” എന്നു തന്റെ മാര്‍ഗത്തെപ്പറ്റി നരേന്ദ്രമോദി പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വമേറ്റെടുത്തുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പൂജനീയ ശ്രീ ഗുരുജി പറയാറുള്ള ഒരു ശ്ലോക ശകലം “അയോഗ്യ പുരുഷോനാസ്തി യോജകസ്തത്ര ദുര്ലഭഃ” എന്നായിരുന്നു. അയോഗ്യനായി ആരുമില്ല. യോജകനാണ് അപൂര്‍വം എന്ന്. അത്തരം യോഗ്യരായ വ്യക്തികളെ ചുമതല ഏല്‍പ്പിക്കുന്നതില്‍ താന്‍ മിടുക്കനാണെന്ന് മോദി 12 വര്‍ഷംകൊണ്ട് ഗുജറാത്തില്‍ തെളിയിച്ചു. സ്മൃതി ഇറാനിയുടെ പഠിപ്പിനെപ്പറ്റി മുറവിളി കൂട്ടിയവര്‍ അഞ്ചാം ക്ലാസിനപ്പുറം പള്ളിക്കൂടത്തില്‍ പോകാത്ത ഉമാഭാരതിയെപ്പറ്റി പറയാത്തതെന്താണാവോ? മധ്യപ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചതിനാലാവണം. മാനവശേഷി വികസനരംഗത്ത് വാജ്പേയി മന്ത്രിസഭയില്‍ ഡോ.ജോഷിയുടെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളെ തുരങ്കം വെച്ചവര്‍ തന്നെയാണ് സ്മൃതി ഇറാനിക്കെതിരെ ഇപ്പോള്‍ ചന്ദ്രഹാസമിളക്കുന്നത്.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: