അനിതരയെന്നാല് മറ്റൊന്നില്ലാത്തത്. ഇങ്ങനെയൊരു പേരുപോലും അനിതരമാണ്, അനിതര അങ്ങനെയും ശ്രദ്ധേയയാകുന്നു. അനിതര അഭിനയം തുടങ്ങുന്നത് തിലകനെന്ന മഹാനടന്റെ കൊച്ചുമകളായി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഏകാന്തം എന്ന ചിത്രത്തില്‍ തിലകന്റെ കൂടെയും അനശ്വര നടന് മുരളിയോടൊപ്പവും അഭിനയിക്കുമ്പോള്‍ അനിതരയ്ക്ക് അന്ന് യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു. എന്നാല്‍ റെഡ് ചില്ലീസില് മോഹന്‍ലാല്‍ എന്ന മഹാനടന്റെ അനിയത്തിയായി വേഷമിടുമ്പോള്‍ നേരിയൊരു ഭയം ഈ നടിയെ ഗ്രസിച്ചിരുന്നു. ഷാജി കൈലാസ് ആയിരുന്നു ഈ സിനിമയുടെ സംവിധായകന്. അനിതര നന്നായി അഭിനയിക്കുന്നുണ്ടെന്ന വാക്കുകള്‍ കേട്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.
കുടുംബ സുഹൃത്ത് സംവിധായകനും നടനുമായ ഹക്കിം മുഖേനയാണ് അനിതര അഭിനയ രംഗത്തെത്തുന്നത്. ഹക്കിം ആണ് ഏകാന്തത്തിന്റെ സംവിധായകന് മധു കൈതപ്രത്തിന് അനിതരയെ പരിചയപ്പെടുത്തുന്നത്. റെഡ് ചില്ലീസിന് ശേഷം അഭിനയിച്ച കഥവീട്, ദൂരം എന്നീ ചിത്രങ്ങളാണ് റിലീസിന് എത്താനുള്ളത്. സിനിമയിലേക്ക് ചുവടുവയ്ക്കുന്നതിന് മുമ്പേ നാലാം വയസ്സില്‍ നൃത്തച്ചുവടുകള്‍ സ്വായത്തമാക്കാന്‍ തുടങ്ങി അനിതര. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവയിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ മൂന്നാം സ്ഥാനം അനിതരയ്ക്കായിരുന്നു. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഈ കലാകാരി വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം നല്കുന്നു. പ്ലസ്ടുവിന് മികച്ച വിജയം നേടിയ അനിതര ഇംഗ്ലീഷില്‍ ബിരുദവും ഭരതനാട്യത്തില്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടണമെന്നാണ് ആഗ്രഹിക്കുന്നത്.
കലാഭവന്‍ നിര്‍മിച്ച വിലാസിനി കടവ് എന്ന ഷോര്‍ട്ട് ഫിലിമിലും റോയ് മെഡിക്കല്‍ ഹോം, കലിംഗ ഹെയര്‍ ഓയില്‍, ജീവ സോള്‍ട്ട്് തുടങ്ങിയ പരസ്യ ചിത്രങ്ങളിലും ഹേ-ഡേ എന്ന ആല്‍ബത്തിലും
അഭിനയിച്ചിട്ടുണ്ട്. നാലാം വയസ്സില്‍ കലാമണ്ഡലം ഗോപിനാഥിന്റെ കീഴിലായിരുന്നു നൃത്ത പഠനം ആരംഭിച്ചത്. തുടര്‍ന്ന് വിജയലക്ഷ്മി, പ്രമോദ് ദാസ്, ആര്‍എല്‍വി ആനന്ദ് എന്നീ ഗുരുക്കന്മാരുടെ ശിക്ഷണത്തിലായിരുന്നു നൃത്ത പഠനം. സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൂര്‍ണ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് അനിതര പറയുന്നു. എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആര്‍ട്സ് വിഭാഗം വളരെ മികച്ചതായിരുന്നുവെന്നും തുടര്‍ന്നും കലയ്ക്ക് പ്രോത്സാഹനം നല്കുന്ന കലാലയത്തില്‍ ചേര്‍ന്ന് പഠിക്കാനാണ് താല്പര്യമെന്നും അനിതര പറഞ്ഞു.
നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിനാണ് അനിതര കൂടുതല്‍ പരിഗണന നല്‍കുന്നത്. സീരിയലിനോട് തല്ക്കാലം അടുപ്പം കൂടാനില്ല. സൗന്ദര്യം നിലനിര്‍ത്തുന്നതിന് ഏറ്റവും നല്ലത് നൃത്തപരിശീലനം തന്നെയാണെന്നാണ് ഈ കലാകാരിയുടെ പക്ഷം. സസ്യാഹാരത്തോടാണ് കൂടുതല്‍ താല്പര്യം. ബേക്കറി പലഹാരങ്ങളോട് അമിത പ്രിയമില്ല. മനസ്സ് ശാന്തമാക്കാന്‍ പ്രാര്‍ത്ഥനയാണ് നല്ലതെന്ന് പറയുന്ന അനിതര സന്ധ്യാനാമം ചൊല്ലുന്നത് ഒരിക്കലും മുടക്കാറില്ല. സിനിമാതാരങ്ങള്‍ക്ക് സമൂഹത്തില്‍ കിട്ടുന്ന അംഗീകാരമാണ് സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് അനിതര പറയുന്നു. സ്വയം സംരക്ഷിക്കാന്‍ കഴിവുണ്ടെങ്കില്‍ ഗോസിപ്പുകളെ ഭയക്കേണ്ടതില്ലെന്നും ഗോസിപ്പ് എന്നത് സിനിമയില്‍ മാത്രമല്ല ഏത് മേഖലയിലും ഉള്ളതല്ലേയെന്നും ഈ കലാകാരി ചോദിക്കുന്നു. ഏത് കഥാപാത്രമായാലും തിരഞ്ഞെടുക്കുന്നതിന് മുമ്പ് അച്ഛന്റേയും അമ്മയുടേയും അഭിപ്രായം തേടും. അവരുടെ പ്രേത്സാഹനമാണ് കലാകാരിയെന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് പിന്നിലെന്നും അനിതര പറഞ്ഞു. കോണ്‍ട്രാക്ടറായ പി. രാജന്റേയും വീട്ടമ്മയായ അനിത രാജന്റേയും മകളാണ് അനിതര. ചേട്ടന് ഹെമല്‍ രാജ് സ്പേസ് സയന്‍സ് ടെക്നോളജി കോഴ്സിന് പഠിക്കുന്നു.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: